![കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നീളാൻ സാധ്യത, അന്തിമ തീരുമാനം ആഗസ്റ്റ് 28ന് കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നീളാൻ സാധ്യത, അന്തിമ തീരുമാനം ആഗസ്റ്റ് 28ന്](https://www.mediaoneonline.com/h-upload/2022/08/25/1315085-sonia-rahul.webp)
കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നീളാൻ സാധ്യത, അന്തിമ തീരുമാനം ആഗസ്റ്റ് 28ന്
![](/images/authorplaceholder.jpg?type=1&v=2)
2019ൽ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തെ തുടർന്നാണ് രാഹുൽ ഗാന്ധി പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞത്. തുടർന്ന് സോണിയാ ഗാന്ധി ഇടക്കാല പ്രസിഡന്റായി സ്ഥാനമേൽക്കുകയായിരുന്നു.
ന്യൂഡൽഹി: കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നീളാൻ സാധ്യതയെന്ന് റിപ്പോർട്ട്. ആഗസ്റ്റ് 28ന് ചേരുന്ന വർക്കിങ് കമ്മിറ്റി യോഗത്തിൽ ഇത് സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാവും. പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുള്ള നടപടിക്രമങ്ങൾ ആഗസ്റ്റ് 21ാണ് തുടങ്ങിയത്. സെപ്റ്റംബർ 20ന് പുതിയ പ്രസിഡന്റിനെ പ്രഖ്യാപിക്കുന്ന തരത്തിലായിരുന്നു തെരഞ്ഞെടുപ്പ് ഷെഡ്യൂൾ പ്രഖ്യാപിച്ചിരുന്നത്. ഇത് ഏതാനും ആഴ്ചകൾ കൂടി നീളുമെന്നാണ് പുതിയ റിപ്പോർട്ട്.
സോണിയാ ഗാന്ധിയുടെ അധ്യക്ഷതയിലാണ് വർക്കിങ് കമ്മിറ്റി യോഗം നടക്കുക. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും യോഗത്തിൽ പങ്കെടുക്കും. അതേസമയം രാഹുൽ ഗാന്ധി പ്രസിഡന്റ് പദവി ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി നേതാക്കൾ രംഗത്തെത്തി. ഇക്കാര്യത്തിൽ ഇതുവരെ മനസ്സ് തുറക്കാൻ അദ്ദേഹം തയ്യാറായിട്ടില്ല.
2019ൽ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തെ തുടർന്നാണ് രാഹുൽ ഗാന്ധി പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞത്. തുടർന്ന് സോണിയാ ഗാന്ധി ഇടക്കാല പ്രസിഡന്റായി സ്ഥാനമേൽക്കുകയായിരുന്നു. പാർട്ടിക്ക് സ്ഥിരം അധ്യക്ഷൻ വേണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം നേതാക്കൾ രംഗത്ത് വന്നതോടെ 2020 ആഗസ്റ്റിൽ അവർ പ്രസിഡന്റ് പദവിയൊഴിഞ്ഞെങ്കിലും വർക്കിങ് കമ്മിറ്റിയുടെ നിർദശപ്രകാരം വീണ്ടും തുടരുകയായിരുന്നു.
ഗാന്ധി കുടുംബത്തിന് പുറത്തുള്ള ഒരാൾ പ്രസിഡന്റ് പദവിയിലേക്ക് വരണമെന്നാണ് രാഹുൽ ഗാന്ധിയുടെ നിലപാട്. അശോക് ഗെഹ്‌ലോട്ട്, മുകുൾ വാസ്‌നിക് തുടങ്ങിയവരുടെ പേരാണ് പ്രസിഡന്റ് പദവിയിലേക്ക് ഉയർന്നത്. എന്നാൽ പാർട്ടിയെ ഒരുമിച്ച് കൊണ്ടുപോകാൻ ഗാന്ധി കുടുംബത്തിൽനിന്നുള്ള ഒരാൾക്കേ കഴിയൂ എന്നാണ് പാർട്ടി നേതൃത്വത്തിലെ പ്രബല വിഭാഗത്തിന്റെ നിലപാട്.