രാജസ്ഥാനിൽ കോൺഗ്രസിന്റെ തിരിച്ചുവരവ്; ഒരിടത്ത് സി.പി.എം
|മോദി മുസ്‍ലിം വിദ്വേഷ പരാമർശങ്ങൾ നടത്തിയ രണ്ട് മണ്ഡലങ്ങളിൽ ബി.ജെ.പിക്ക് തോൽവി
ജയ്പുർ: രാജസ്ഥാനിൽ കോൺഗ്രസിന് വൻ തിരിച്ചുവരവ്. എട്ട് സീറ്റിൽ കോൺഗ്രസ് മുന്നേറുകയാണ്. 2014ലും 19ലും ഒരു സീറ്റുപോലും പാർട്ടിക്ക് നേടാൻ സാധിച്ചിരുന്നില്ല. അതേസമയം, ബി.ജെ.പിക്ക് ഇത്തവണ 10 സീറ്റാണ് നഷ്ടമായത്. 14 സീറ്റിൽ ബി.ജെ.പി സ്ഥാനാർഥികൾ മുന്നിട്ട് നിൽക്കുകയാണ്.
ഇൻഡ്യാ സഖ്യത്തിനൊപ്പമുള്ള സി.പി.എം, ഭാരത് ആദിവാസി പാർട്ടി, രാഷ്ട്രീയ ലോക് താന്ത്രിക് പാർട്ടി എന്നിവ ഓരോ സീറ്റുകൾ വീതം നേടി. സിക്കാറിൽ സി.പി.എം സ്ഥാനാർഥി അംറ റാം 72,896 വോട്ടിനാണ് വിജയിച്ചത്. ബി.ജെ.പിയെയാണ് ഇവിടെ സി.പി.എം പരാജയപ്പെടുത്തിയത്.
ഗംഗാ നഗർ, ചുരു, ഭരത്പുർ, കരൗലി ധോൽപുർ, ദൗസ, ടോങ്ക് സവായ് മധോപുർ എന്നിവിടങ്ങളിൽ കോൺഗ്രസ് സ്ഥാനാർഥികൾ വിജയമുറപ്പിച്ച് കഴിഞ്ഞു. ജുഞ്ജുനു, ബാർമർ എന്നിവിടങ്ങളിൽ വ്യക്തമായ ഭൂരിപക്ഷത്തോടെ കോൺഗ്രസ് സ്ഥാനാർഥികൾ ലീഡ് ചെയ്യുകയാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുസ്‍ലിം വിദ്വേഷ പരാമർശങ്ങൾ കാര്യമായി ഏശിയില്ലെന്ന തെളിവാണ് രാജസ്താനിലെ കോൺഗ്രസ് വിജയം. മോദിയുടെ മുസ്‍ലിം പ്രചാരണങ്ങൾ ആരംഭിച്ചത് ഇവിടെ നിന്നായിരുന്നു.
രാജ്യത്തിന്റെ സമ്പത്തിന്റെ പ്രഥമ അവകാശികൾ മുസ്‍ലിംകളാണെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് പഞ്ഞുവെന്നായിരുന്നു മോദിയുടെ ആദ്യ വിദ്വേഷ പരാമർശം. നിങ്ങളുടെ സമ്പത്ത് കൂടുതൽ മക്കളുള്ളവർക്കും നുഴഞ്ഞുകയറ്റുകയറ്റക്കാർക്കും കൊടുക്കണോ എന്നും മോദി ചോദിച്ചു. ബൻസ്വാരയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു മോദിയുടെ പ്രസ്താവന വരുന്നത്.
ഇതിനെതിരെ വ്യാപക പ്രതിഷേധവും പരാതിയും ഉയർന്നെങ്കിലും മോദി രാജ്യത്ത് വിദ്വേഷത്തിന്റെ പരമ്പര തന്നെ ആവർത്തിച്ചു. ദിവസങ്ങൾക്ക് ശേഷം വീണ്ടും രാജസ്താനിലെത്തി അദ്ദേഹം വിദ്വേഷം പരാമർശം തുടർന്നു. 2004ൽ ആന്ധ്രാപ്രദേശിൽ കോൺഗ്രസ് ഭരണഘാനാ വിരുദ്ധമായി മുസ്‍ലിംകൾക്ക് സംവരണം നൽകാൻ ശ്രമിച്ചെന്നായിരുന്നു മോദിയുടെ ആരോപണം. രാജസ്താനിലെ ടോങ്കിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി.
മോദി വിദ്വേഷ പ്രചാരം നടത്തിയ രണ്ടിടത്തും ബി.ജെ.പി പരാജയമേറ്റുവാങ്ങി. ടോങ്കിൽ കോൺഗ്രസ് സ്ഥാനാർഥി ഹരിഷ് ചന്ദ്രമീന 64,949 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. മോദി ആദ്യം വിദ്വേഷ പ്രചാരണം നടത്തിയ ബൻസ്വാരയിൽ ഇൻഡ്യാ സഖ്യത്തിന്റെ ഭാഗമായ ഭാരത് ആദിവാസി പാർട്ടിയിലെ രാജ് കുമാർ റാവത്താണ് വിജയിച്ചത്. 2,47,054 വോട്ടിന്റെ ഭൂരിപക്ഷമാണ് ഇവിടെ. മഹേന്ദ്ര സിങ് മാളവ്യയായിരുന്നു ഇവിടെ ബി.ജെ.പി സ്ഥാനാർഥി.
ജാട്ട് സമുദായത്തിന്റെ പിന്തുണയും ഇത്തവണ ഇൻഡ്യാ സഖ്യത്തിന് മുതൽക്കൂട്ടായി. രാഷ്ട്രീയ ലോക് തന്ത്രിക് പാർട്ടിയുടെ സ്ഥാനാർഥി ഹനുമാൻ ബെനിവാലും സി.പി.എം സ്ഥാനാർഥി അംറ റാമും ജാട്ടും സമുദായക്കാരാണ്. കൂടാതെ ജാട്ട് സമുദായത്തിൽ നിന്നുള്ള ആറുപേർക്കും കോൺഗ്രസ് ടിക്കറ്റ് നൽകി. ജുഞ്ജുനുവിൽ മുൻ ബി.ജെ.പി എം.പിയായിരുന്ന രാഹുൽ കസ്വാനെയാണ് കോൺഗ്രസ് സ്ഥാനാർഥിയാക്കിയത്.
14 ശതമാനം വരുന്ന ജാട്ട് സമുദായക്കാർക്ക് പടിഞ്ഞാറൻ രാജസ്താനിലെ ബാർമർ മുതൽ വടക്ക് ശ്രീഗംഗാ നഗർ വരെ വലിയ സ്വാധീനമാണുള്ളത്. കർഷകരായ ജാട്ട് സമുദായങ്ങൾക്കിടയിൽ ബി.ജെ.പിക്കെതിരെ വലിയ രോഷമുണ്ടായിരുന്നു. വിളകൾക്ക് ചുരുങ്ങിയ താങ്ങുവിലയും കാർഷിക ഉൽപ്പന്നങ്ങൾക്ക് ആദായകരമായ വിലയും ഉറപ്പാക്കാത്തത്, ഇലക്ടറൽ ബോണ്ട്, സൈന്യത്തിലെ അഗ്നിവീർ പദ്ധതി, ഗുസ്തി താരങ്ങളുടെ സമരം എന്നിവയെല്ലാം വോട്ടർമാരെ സ്വാധീനിച്ചു. ബി.ജെ.പിയും ആറ് ജാട്ട് സമുദായാംഗങ്ങളെ സ്ഥാനാർഥികളായി നിർത്തിയിരുന്നു. എന്നാൽ, ചുരുവിലടക്കം ബി.ജെ.പി തോൽവി ഏറ്റുവാങ്ങി.