'പാകിസ്താനിലും ബംഗ്ലാദേശിലും ഭാരത് ജോഡോ യാത്ര നടത്തൂ'; ശൈഖ് ഹസീനയുടെ സന്ദർശനത്തിനിടെ വിവാദ പരാമർശവുമായി ഹിമന്ത ബിശ്വ ശർമ
|20 - 25 കൊല്ലം കോൺഗ്രസിൽ നിന്നതിനാൽ ഹിമന്ത ബിശ്വ ശർമ തന്റെ സത്യസന്ധത തെളിയിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹത്തെ കാര്യമായെടുക്കുന്നില്ലെന്നും ജയ്‌റാം രമേശ്
പ്രധാനമന്ത്രി ശൈഖ് ഹസീന ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനം നടത്തുന്നതിനിടെ ബംഗ്ലാദേശിനെ കുറിച്ച് വിവാദ പരാമർശവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. അഖണ്ഡ ഭാരതം സൃഷ്ടിക്കാനായി പാകിസ്താനിലും ബംഗ്ലാദേശിലും രാഹുലും കോൺഗ്രസ് നേതാക്കളും ജോഡോ യാത്ര നടത്തണമെന്നായിരുന്നു കോൺഗ്രസിൽ നിന്ന് ബിജെപിയിലെത്തിയ ഇദ്ദേഹം പറഞ്ഞത്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് നടത്തുന്ന ഭാരത് ജോഡോ യാത്രയെ കുറിച്ച് പ്രതികരിക്കവേയായിരുന്നു വിവാദ പരാമർശം.
'ഇന്ത്യ ഒറ്റക്കെട്ടാണ്, കശ്മീർ മുതൽ കന്യാകുമാരി വരെ... സിൽച്ചർ മുതൽ സൗരാഷ്ട്ര വരെ... നാം ഒന്നാണ്. രാജ്യത്തെ പാകിസ്താനും ഇന്ത്യയുമായി രണ്ടാക്കിയത് കോൺഗ്രസാണ്. പിന്നീട് ബംഗ്ലാദേശും സൃഷ്ടിക്കപ്പെട്ടു. മുത്തച്ഛൻ (ജവഹർലാൽ നെഹ്‌റു) ചെയ്തതിൽ രാഹുൽ ഗാന്ധിക്ക് ഖേദമുണ്ടെങ്കിൽ ഇന്ത്യയിൽ ഭാരത് ജോഡോ യാത്ര നടത്തിയിട്ട് കാര്യമില്ല. അഖണ്ഡ ഭാരതമുണ്ടാക്കാൻ പാകിസ്താനിലും ബംഗ്ലാദേശിലും യാത്ര ചെയ്യൂ' എ.എൻ.ഐ അടക്കം പുറത്തുവിട്ട വീഡിയോയിൽ ബിശ്വ ശർമ പറഞ്ഞു.
ആർ.എസ്.എസ് മുന്നോട്ടു വെക്കുന്ന അഖണ്ഡ ഭാരതമെന്ന ആശയമാണ് 2015ൽ ബിജെപിയിലെത്തിയ ഇദ്ദേഹവും ഉന്നയിച്ചത്. പാകിസ്താൻ, ബംഗ്ലാദേശ്, നേപ്പാൾ, ശ്രീലങ്ക, ഭൂട്ടാൻ അഫ്ഗാനിസ്ഥാൻ, ടിബറ്റ്, മ്യാൻമർ എന്നിവ അഖണ്ഡ ഭാരതമാണെന്ന് വാദം.
നാലു ദിവസത്തെ സന്ദർശനത്തിനായി ശൈഖ് ഹസീന ഇന്ത്യയിലെത്തിയിരിക്കേയാണ് അസം മുഖ്യമന്ത്രിയുടെ പ്രസ്താവന. ബംഗ്ലാദേശും ഇന്ത്യയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഹസീനയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു. ഇരുരാജ്യങ്ങളും കരാറിലേർപ്പെടുകയും ചെയ്തിരുന്നു.
എന്നാൽ 20 - 25 കൊല്ലം കോൺഗ്രസിൽ നിന്നതിനാൽ ഹിമന്ത ബിശ്വ ശർമ തന്റെ സത്യസന്ധത തെളിയിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹത്തെ കാര്യമായെടുക്കുന്നില്ലെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ഇൻ ചാർജ് ഓഫ് കമ്യൂണിക്കേഷൻ ജയ്‌റാം രമേശ് വിമർശിച്ചു. ഈയടുത്ത് ബി.ജെ.പിയിലേക്ക് കുടിയേറിയ ശർമ അനുദിനം വിദ്വേഷ പ്രസ്താവനകൾ നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ ആരാണ് ഈ ജയ്‌റാം രമേശെന്നും കോൺഗ്രസിലുണ്ടായിരിക്കുമ്പോൾ അത്തരമൊരാളുമായി അടുപ്പമുണ്ടായിരുന്നില്ലെന്നും ഒരു കോൺഗ്രസ് നേതാവിന്റെ പേര് ആര് ഓർത്തുവെക്കാനാണെന്നും ഹിമന്തി ശർമ തിരിച്ചടിച്ചു. അവസരവാദികളുടെ പരാമർശങ്ങൾ കാര്യമായെടുക്കേണ്ടെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് പരിഹസിച്ചു.
അതേസമയം, രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ പദയാത്ര ഇന്ന് തുടങ്ങും. കന്യാകുമാരിയിൽ ഒരുക്കിയ പ്രത്യേക വേദിയിൽ വൈകുന്നേരം അഞ്ചിനാണ് ഔദ്യോഗിക ഉദ്ഘാടനം. 'ഒരുമിക്കുന്ന ചുവടുകൾ ഒന്നാകുന്ന രാജ്യം'- ഇതാണ് ഭാരത് ജോഡോ യാത്രയുടെ മുദ്രാവാക്യം. കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾ തുറന്നു കാട്ടാൻ കന്യാകുമാരി മുതൽ കശ്മീർ വരെ ആറു മാസം നീളുന്നതാണ് യാത്ര. ഉച്ചയ്ക്ക് തിരുവനന്തപുരത്ത് നിന്ന് ഹെലികോപ്ടറിൽ രാഹുൽ ഗാന്ധി കന്യാകുമാരിയിലേക്ക് തിരിക്കും. വൈകുന്നേരം മൂന്നിന് തിരുവള്ളുവർ, വിവേകാനന്ദ, കാമരാജ് സ്മാരകങ്ങൾ സന്ദർശിക്കും. തുടർന്ന് ഗാന്ധിമണ്ഡപത്തിലെത്തി പ്രാർത്ഥന. ശേഷം പൊതുയോഗം.
തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനടക്കം ദേശീയ നേതാക്കൾ ഇന്ന് കന്യാകുമാരിയിലെത്തും. 12 സംസ്ഥാനങ്ങളിലൂടെ കടന്നു പോകുന്ന യാത്ര ഈ മാസം 11 ന് കേരളത്തിലെത്തും.