ത്രിപുരയില്‍ സി.പി.എം - കോൺഗ്രസ് സീറ്റ് ധാരണയായി
|ഇടതു മുന്നണി 47 സീറ്റിലും കോണ്‍ഗ്രസ് 13 സീറ്റിലും മത്സരിക്കും.
അഗര്‍ത്തല: ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പില്‍ സി.പി.എം - കോൺഗ്രസ് സീറ്റ് ധാരണയായി. ഇടതു മുന്നണി 47 സീറ്റിലും കോണ്‍ഗ്രസ് 13 സീറ്റിലും മത്സരിക്കും.
സീറ്റ് ധാരണയായതോടെ സി.പി.എം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. 43 സീറ്റില്‍ സി.പി.എം സ്ഥാനാര്‍ഥികള്‍ മത്സരിക്കും. മുന്‍ മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ ഇത്തവണ മത്സരിക്കില്ല. പട്ടികയില്‍ 24 പേര് പുതുമുഖങ്ങളാണ്. എട്ട് സിറ്റിങ് എം.എല്‍.എമാര്‍ക്ക് സീറ്റില്ല.
പങ്കാളിത്ത പെന്ഷന് മാറ്റി പഴയ പെൻഷൻ രീതിയിലേക്ക് തിരികെ പോകുമെന്നാണ് സി.പി.എമ്മിന്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ വാഗ്ദാനം. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ സർക്കാർ ജീവനക്കാർ വോട്ടെടുപ്പിൽ നിർണായക ശക്തിയാണ്. ഇവരുടെ വോട്ട് ഉറപ്പിക്കാനാണ് പങ്കാളിത്ത പെൻഷൻ രീതി ഉപേക്ഷിക്കുമെന്ന് പറയുന്നതിലൂടെ സി.പി.എം ശ്രമം. ബി.ജെ.പി പ്രതിരോധത്തിലാകുന്നത് പെൻഷൻ, തൊഴിലില്ലായ്മ എന്നീ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടുമ്പോഴാണ്. ഈ ദൗർബല്യം വോട്ടാക്കി മാറ്റാനാണ് കോൺഗ്രസിന്റെയും സി.പി.എമ്മന്റെയും ശ്രമം.
1993 മുതല്‍ ത്രിപുര ഭരിച്ചിരുന്നത് സി.പി.എമ്മാണ്. എന്നാല്‍ 2018ല്‍ ബി.ജെ.പി അധികാരം പിടിച്ചെടുത്തു. ബിപ്ലവ് ദേവാണ് മുഖ്യമന്ത്രിയായത്. എന്നാൽ 2022ൽ ഇദ്ദേഹത്തെ ബി.ജെ.പി നീക്കുകയായിരുന്നു. മോശം പ്രകടനത്തെ തുടർന്നായിരുന്നു നടപടി. പിന്നീട് ഡോ. മാണിക് സാഹയെ മുഖ്യമന്ത്രിയാക്കി.