ജി.20 പ്രധാന വേദിയായ പ്രഗതി മൈതാനിലെ വെള്ളക്കെട്ടിൽ വിമർശനവുമായി കോൺഗ്രസ്
|2,700 കോടി രൂപ ചിലവിട്ട് ഉണ്ടാക്കിയ ഭാരത് മണ്ഡപത്തിലാണ് ഒറ്റമഴയിൽ വെള്ളംകയറിയതെന്ന് കോൺഗ്രസ്
ന്യൂഡല്‍ഹി: ജി.20 പ്രധാന വേദിയായ പ്രഗതി മൈതാനിലെ വെള്ളക്കെട്ടിൽ വിമർശനവുമായി കോൺഗ്രസ്. പൊള്ളയായ വികസനം തുറന്നുകാട്ടപ്പെട്ടു. 2,700 കോടി രൂപ ചിലവിട്ട് ഉണ്ടാക്കിയ ഭാരത് മണ്ഡപത്തിലാണ് ഒറ്റമഴയിൽ വെള്ളംകയറിയതെന്നും കോൺഗ്രസ് ആരോപിച്ചു.
ന്യൂഡല്‍ഹിയില്‍ രാവിലെ മുതൽ ശക്തമായ മഴ തുടരുകയാണ്. നഗരത്തിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ഇതിനെ തുടര്‍ന്നാണ് ഉച്ചകോടി നടക്കുന്ന ഭാരത് മണ്ഡപത്തിന് സമീപവും വെള്ളക്കെട്ടുണ്ടായത്. ഇൻറർനാഷണൽ മീഡിയ സെൻറിലെ കെട്ടിടത്തിലെ താഴെ നിലയിലും വെള്ളം കയറി. വെള്ളക്കെട്ട് ഒഴിവാക്കാനുള്ള ശ്രമം തുടരുകയാണ്.
ജി 20 ഉച്ചകോടി ഇന്ന് സമാപിക്കും. ഇന്ന് 'ഒരുഭാവി' എന്ന വിഷയത്തില്‍ പ്രത്യേക ചര്‍ച്ചനടക്കും. വിവിധ രാഷ്ട്ര തലവന്മാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉഭയകക്ഷി ചർച്ചകൾ നടത്തും. ജി20 ഉച്ചകോടിയുടെ അവസാനദിനമായ ഇന്ന് 'ഒരുഭാവി' എന്ന വിഷയത്തില്‍ പ്രത്യേക ചര്‍ച്ചനടക്കും.ഇതിനു മുന്നോടിയായി രാവിലെ എട്ടുമണിക്കു രാഷ്ട്രത്തലവന്‍മാര്‍ രാജ്ഘട്ടിലെത്തി പുഷ്പാര്‍ച്ചന നടത്തും.
പത്തര മുതല്‍ പന്ത്രണ്ടര വരെ നീണ്ടുനില്‍ക്കുന്ന മൂന്നാം സെഷനോടെ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന പതിനെട്ടാം ജി20 ഉച്ചകോടിക്ക് സമാപനമാകും. അടുത്ത വർഷം അധ്യക്ഷപദവി അലങ്കരിക്കുന്ന ബ്രസീലിന് പ്രതീകാത്മകമായി ഇന്ത്യ ജി20 ബാറ്റൺ കൈമാറും. സമ്മേളനത്തിന്റെ സ്മരണയ്ക്കായി രാഷ്ട്രത്തലവന്മാർ വൃക്ഷത്തെ നടും. പിന്നാലെ വിവിധ രാജ്യ തലവന്മാരുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും.അമേരിക്കയടക്കം ആറ് രാഷ്ട്രത്തലവന്‍മാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇതിനകം ഉഭയകക്ഷി ചര്‍ച്ചനടത്തിയിട്ടുണ്ട്.
ഇതിനിടെ വിവിധ ലോകനേതാക്കള്‍ ഡല്‍ഹിയിലുള്ള ചരിത്ര സ്മാരകങ്ങള്‍ സന്ദര്‍ശിക്കും. ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക് അക്ഷര്‍ഥാം ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തും.സംയുക്ത പ്രസ്താവന സമവായത്തിലെത്തി ഉച്ചകോടിയുടെ ആദ്യ ദിനം തന്നെ ഇറക്കാൻ കഴിഞ്ഞത് ഇന്ത്യയ്ക്ക് ഏറെ നേട്ടമായി.