ഇന്ധനവില കുറച്ച് ദൈവാനുഗ്രഹം നേടണമെന്ന് കോൺഗ്രസ് നേതാവ്
|കഴിഞ്ഞ മാസം 24 മുതൽ ഇന്ന് വരെ ഒമ്പത് തവണയാണ് ഇന്ധനവില കൂടിയത്.
നവരാത്രി ദിനങ്ങളിൽ ഇന്ധനവില കുറച്ച് ദൈവാനുഗ്രഹം നേടണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് കോൺഗ്രസ് നേതാവ് അൽക ലംബ. രാജ്യത്ത് ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തിലാണ് കോൺഗ്രസ് നേതാവിന്റെ നിർദേശം. കഴിഞ്ഞ മാസം 24 മുതൽ ഇന്ന് വരെ ഒമ്പത് തവണയാണ് ഇന്ധന വില കൂടിയത്.ഇന്ധന വില കുറച്ച് ജനങ്ങൾക്ക് ഉപകാരമാകണമെന്നും അവർ പറഞ്ഞു.
ഇന്ന് ഒരു ബാരൽ ക്രൂഡ് ഓയിൽ വില 80.75 ഡോളറാണ്. എന്നാൽ യുപിഎ കാലത്ത് ഇത് 140 ഡോളറായിരുന്നു. ക്രൂഡ് ഓയിലിന്റെ വില കുറഞ്ഞിട്ടും രാജ്യത്ത് ഇന്ധനവില കുറയാത്തത് എന്താണെന്നും അൽക ലംബ ചോദിച്ചു. കൂടാതെ എൽപിജി പാചക വാതകത്തിന്റെ വില 1,000രൂപ കടന്നിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കുടുംബ ബജറ്റിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ജനങ്ങൾ പാടുപെടുകയാണെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.
''ദീപാവലി ദിനത്തിൽ ലഖ്നൗവിലുള്ള രാമക്ഷേത്രത്തിൽ 19 ലക്ഷം വിളക്കുകൾ കത്തിക്കാൻ പോകുന്ന മോദി രാജ്യത്തെ എണ്ണവിലയെ കുറിച്ച് ആലോചിച്ചിട്ടുണ്ടോ. ഒരു ലിറ്റർ എണ്ണയ്ക്ക് 200 രൂപയുള്ളപ്പോൾ ഇത്തരം ആഹ്വാനങ്ങൾ നൽകി ജനങ്ങളെ കേന്ദ്ര സർക്കാർ ദ്രോഹിക്കുകയാണ്'' അൽക ലംബ പറഞ്ഞു.
ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 103 രൂപയും ഡീസലിന് 92 രൂപയുമാണ്. ഇന്ന് മാത്രം പെട്രോളിന് കൂടിയത് 30 പൈസയാണ്. ഡീസലിന് 35 പൈസയും കൂടി.