India
സിദ്ദു രാജ്യസുരക്ഷയ്ക്ക് ഭീഷണിയെന്ന് അമരീന്ദര്‍; പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ ഹൈക്കമാന്‍ഡ് ചര്‍ച്ച തുടങ്ങി
India

സിദ്ദു രാജ്യസുരക്ഷയ്ക്ക് ഭീഷണിയെന്ന് അമരീന്ദര്‍; പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ ഹൈക്കമാന്‍ഡ് ചര്‍ച്ച തുടങ്ങി

Web Desk
|
19 Sep 2021 12:50 AM GMT

നിയമസഭാ തെരഞ്ഞെടുപ്പിന് ആറ് മാസം മാത്രം ശേഷിക്കെ ജനപിന്തുണയുള്ള നേതാവിനെയാണ് കോൺഗ്രസ് പരിഗണിക്കുന്നത്

പുതിയ പഞ്ചാബ് മുഖ്യമന്ത്രിയെ തീരുമാനിക്കാനുളള ചർച്ചകൾ ഹൈക്കമാന്‍ഡ് ആരംഭിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിന് ആറ് മാസം മാത്രം ശേഷിക്കെ ജനപിന്തുണയുള്ള നേതാവിനെയാണ് കോൺഗ്രസ് പരിഗണിക്കുന്നത്. പഞ്ചാബ് കോൺഗ്രസിലെ തർക്കത്തിന് അവസാനം കാണാൻ നവജ്യോത് സിങ് സിദ്ദുവിനും അമരീന്ദർ സിങ്ങിനും താത്പര്യമുള്ള ഒരാളെ കൊണ്ടുവരാനും ഹൈക്കമാന്‍ഡ് ശ്രമം തുടങ്ങിയിട്ടുണ്ട്.

അമരീന്ദറിന്‍റെ രാജിയോടെ പഞ്ചാബ് കോൺഗ്രസിലെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയായിരുന്നു കോൺഗ്രസ് ഹൈക്കമാന്‍ഡിന്. എന്നാൽ രാജി സമർപ്പിച്ചതിന് ശേഷം പോര് കാണാൻ ഇരിക്കുന്നതെയുള്ളൂ എന്ന സൂചനയാണ് അമരീന്ദർ സിങ് മാധ്യമങ്ങൾക്ക് മുന്നിൽ നൽകിയത്. സിദ്ദു രാജ്യസുരക്ഷയ്ക്ക് തന്നെ ഭീഷണിയാണെന്ന് പറഞ്ഞ അമരീന്ദര്‍, സിദ്ദു മുഖ്യമന്ത്രിയായാൽ തടയുമെന്നും തുറന്നടിച്ചു. ഇതാണ് ഹൈക്കമാന്‍ഡിന് മുന്നിലെ പുതിയ വെല്ലുവിളി.

നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ പരസ്യ പ്രതികരണങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ തുടർ ഭരണ സാധ്യത തന്നെ ഇല്ലാതാകുമെന്ന വിലയിരുത്തലിലാണ് കോൺഗ്രസ് ദേശീയ നേതൃത്വം. അതുകൊണ്ട് തന്നെ അമരീന്ദറിനെ കൂടി മുഖവിലയ്ക്ക് എടുത്തു കൊണ്ടായിരിക്കും ഹൈക്കമാന്‍ഡ് മുഖ്യമന്ത്രിയെ തീരുമാനിക്കുക. ഇന്നലെ വൈകിട്ട് കോൺഗ്രസ് എംഎൽഎമാരുടെ യോഗം ചേർന്നങ്കിലും നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുത്തില്ല. സോണിയാ ഗാന്ധി തീരുമാനിക്കട്ടെ എന്ന പ്രമേയമാണ് പാസാക്കിയത്.

സുനിൽ ജാക്കർ, പ്രതാപ് സിങ് ബജ്‍വ, രവ്നീത് സിങ് ബിട്ടു എന്നീ പേരുകളാണ് ഹൈക്കമാന്‍ഡിന് മുൻപിലുള്ളതെന്നാണ് സൂചന. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയ ഹൈക്കമാന്‍ഡ് തീരുമാനത്തിൽ അതൃപ്തനാണെങ്കിലും അമരീന്ദർ പാർട്ടി വിടാൻ ഇപ്പോൾ ആലോചിക്കുന്നില്ല എന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്.

Similar Posts