കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്: ശശി തരൂരിന് സമ്പൂര്‍ണ വോട്ടര്‍ പട്ടിക കൈമാറി
|ബാലറ്റ് പേപ്പർ സംവിധാനത്തിൽ തെരഞ്ഞെടുപ്പ് നടത്താൻ സ്വീകരിച്ച തീരുമാനത്തെ ശശി തരൂർ പക്ഷം അഭിനന്ദിച്ചു.
കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ ശശി തരൂർ ആവശ്യപ്പെട്ടത് പ്രകാരം വോട്ടർ പട്ടികയിൽ പേരുള്ള മുഴുവൻ ആളുകളുടെയും വിവരങ്ങൾ തെരഞ്ഞെടുപ്പ് അതോറിറ്റി കൈമാറി. വോട്ടര്‍ പട്ടിക അപൂര്‍ണമാണെന്നായിരുന്നു ശശി തരൂരിന്‍റെ പരാതി.
പ്രചാരണത്തിനിടെയാണ് ശശി തരൂർ വോട്ടര്‍ പട്ടിക സംബന്ധിച്ച പരാതി ഉന്നയിച്ചത്. അപൂർണമായ വോട്ടർ പട്ടിക എന്ന പ്രശ്നം പരിഹരിക്കാൻ ഹൈക്കമാൻഡ് നടപടികൾ സ്വീകരിച്ചു. മേൽവിലാസമോ ഫോൺ നമ്പറോ ലഭ്യമല്ലാത്ത വോട്ടർമാരുടെ വിവരങ്ങൾ ഇന്നലെ ആണ് തെരഞ്ഞെടുപ്പ് അതോറിറ്റി ശശി തരൂർ വിഭാഗത്തിന് കൈമാറിയത്. ബാലറ്റ് പേപ്പർ സംവിധാനത്തിൽ തെരഞ്ഞെടുപ്പ് നടത്താൻ സ്വീകരിച്ച തീരുമാനത്തെ ശശി തരൂർ പക്ഷം അഭിനന്ദിച്ചു.
തിങ്കളാഴ്ച നടക്കാനിരിക്കുന്ന അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള ബാലറ്റ് പേപ്പറിൽ ഒന്നാമത്തെ പേര് ഖാർഗെയുടെതും രണ്ടാമത്തെ പേര് ശശി തരൂരിന്‍റേതുമാണ്. താൻ അധ്യക്ഷനായാൽ പാർട്ടി നേതൃത്വ കൂട്ടായ്മയിൽ ഓരോ വിഷയവും ചർച്ച ചെയ്ത് മാത്രമേ തീരുമാനം എടുക്കൂ എന്ന് മല്ലികാർജുൻ ഖാർഗെ പറഞ്ഞു. എല്ലാവരെയും വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോയാൽ മാത്രമേ ഉദയ്പൂർ ചിന്തൻ ശിവിറിലെ തീരുമാനങ്ങൾ നടപ്പാക്കാൻ കഴിയൂ എന്നും ഖാർഗെ പറഞ്ഞു.