മഹാരാഷ്ട്ര, ജാർഖണ്ഡ് തെരഞ്ഞെടുപ്പ്; സ്ഥാനാർഥി ചർച്ചകൾക്കായി കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന്
|മഹാരാഷ്ട്രയിൽ മഹാവികാസ് അഘാഡിയുടെ സ്ഥാനാർഥി പട്ടിക ഇന്ന് പുറത്തു വന്നേക്കും.
ന്യൂഡൽഹി: മഹാരാഷ്ട്ര, ജാർഖണ്ഡ് സ്ഥാനാർഥി പട്ടിക്ക്കായി കോൺഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം വൈകിട്ട് ചേരും. ജാർഖണ്ഡിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച ബിജെപി ഇന്നുമുതൽ പ്രചാരണരംഗത്ത് ശക്തമാകും. മഹാരാഷ്ട്രയിൽ മഹാവികാസ് അഘാഡിയിൽ 260 സീറ്റുകളിൽ ധാരണ ആയി.
മഹാരാഷ്ട്രയിൽ മഹാവികാസ് അഘാഡിയുടെ സ്ഥാനാർഥി പട്ടിക ഇന്ന് പുറത്തു വന്നേക്കും. സീറ്റ് വിഭജനത്തിലെ തർക്കങ്ങൾ പരിഹരിച്ച കോൺഗ്രസ് - ശിവസേന അവസാന 20 സീറ്റുകളിലും ധാരണയായി. 119 സീറ്റുകളിൽ കോൺഗ്രസും, 86 സീറ്റുകളിൽ ഉദ്ധവ് താക്കറെ വിഭാഗവും, 75 സീറ്റുകളിൽ എൻസിപിയും മത്സരിക്കുമെന്നാണ് സൂചന. മഹായുതി സഖ്യത്തിന്റെയും സീറ്റ് വിഭജനം പൂർത്തിയായി. ബിജെപിയുടെ പട്ടിക ഇന്ന് പുറത്തുവരും. ബിജെപി 151 സീറ്റുകളിലും ശിവസേന 84ഉം എൻസിപി 53 സീറ്റുകളിലും മത്സരിക്കാനാണ് ധാരണ.
ജാർഖണ്ഡിലെ 68 സ്ഥാനാർഥികളെ പ്രഖ്യാപിച്ച ബിജെപി ഇന്നുമുതൽ പ്രചാരണ രംഗത്ത് സജീവമാകും. ജെഎംഎം വിട്ട് ബിജെപിയിൽ എത്തിയ മുൻ മുഖ്യമന്ത്രി ചമ്പയ് സോറൻ, മുൻ മുഖ്യമന്ത്രിമാരായ അർജുൻ മുണ്ടയുടെയും മധു കോഡയും ഭാര്യമാർ ഉൾപ്പെടെയുള്ളവർ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. എൻഡിഎ സഖ്യത്തിൽ എജെഎസ്യു 10ഉം ജെഡിയു രണ്ടും എൽ.ജെ.പി ഒരു സീറ്റിലുമാണ് മത്സരിക്കുന്നത്. ഇൻഡ്യ സഖ്യത്തിന്റെ പട്ടിക ഇന്ന് പുറത്തുവരും. ജെഎംഎമ്മിന് 43, കോൺഗ്രസിന് 29, ആർജെഡിക്ക് 5, സിപിഐ എംഎൽ നാല് എന്നിങ്ങനെ ധാരണയായെന്നാണ് സൂചന.