രാജസ്ഥാനിലും ജാതി സെൻസസ് നടത്താൻ ഉത്തരവ്
|ജാതി സർവേ നടത്താൻ പോകുന്ന രണ്ടാമത്തെ സംസ്ഥാനം
ജയ്പൂർ: രാജസ്ഥാനിലും ജാതി സർവെ നടത്താൻ ഉത്തരവ്. സംസ്ഥാന സാമൂഹ്യനീതി വകുപ്പാണ് ഉത്തരവ് ഇറക്കിയത്. സംസ്ഥാന മന്ത്രിസഭയുടെ തീരുമാനത്തിന് അനുസൃതമായി ജാതി അടിസ്ഥാനമാക്കിയുള്ള സർവേയാണ് നടത്തുക. ഇന്ത്യയിൽ ജാതി സെൻസസ് നടത്താൻ പോകുന്ന രണ്ടാമത്തെ സംസ്ഥാനമായി മാറുകയാണ് രാജസ്ഥാൻ. പിന്നാക്കം നിൽക്കുന്ന എല്ലാ വിഭാഗങ്ങളെയും കണ്ടെത്തുകയും ആവശ്യമായ ക്ഷേമ പദ്ധതികൾ നടത്തുന്നതുമാണ് ജാതി സർവേയിലൂടെ ലക്ഷ്യമിടുന്നതെന്ന് സാമൂഹ്യനീതിവകുപ്പിന്റെ ഉത്തരവിൽ പറയുന്നു. ശനിയാഴ്ചയാണ് അശോക് ഗെഹ്ലോട്ട് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്.
അതേസമയം,നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ജാതി സെൻസസ് മുഖ്യ പ്രചാരണ ആയുധമാക്കാനൊരുങ്ങുകയാണ് കോൺഗ്രസ്. രാജസ്ഥാനിലും ഛത്തീസ്ഗഡിലും ജാതി സെൻസസ് നടപ്പിലാക്കുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചു കഴിഞ്ഞു. ഒബിസി രാഷ്ട്രീയമുയർത്തി ബി.ജെ.പിയെ നേരിടാനുള്ള നീക്കത്തിന്റെ ഭാഗമായാണ് തീരുമാനം.
രാജസ്ഥാൻ അടക്കം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന അഞ്ച് സംസ്ഥാനങ്ങളിലും ജാതി സെൻസസ്, വനിത സംവരണത്തിലെ ഒബിസി ഉപസംവരണം എന്നിവയാണ് കോൺഗ്രസിന്റെ പ്രധാന പ്രചാരണ വിഷയം. ജാതി സെൻസസ് നടപ്പിലാക്കുമെന്ന് രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗെലോട്ടും ഛത്തീസ്ഗഡിൽ പ്രിയങ്ക ഗാന്ധിയും പ്രഖ്യാപിച്ചു കഴിഞ്ഞു. മധ്യപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലും ജാതി സെൻസസ് സംബന്ധിച്ച പ്രഖ്യാപനം കോൺഗ്രസ് ഉടൻ നടത്തിയേക്കും. ഒ.ബി.സി രാഷ്ട്രീയമുയർത്തി ബി.ജെ.പിയെ നേരിടാനുള്ള നീക്കത്തിന്റെ ഭാഗമാണിത്.
എന്നാൽ ജാതി സെൻസസ് നടപ്പിലാക്കുമെന്ന പ്രഖ്യാപനങ്ങൾ ബി.ജെ.പിയെ പ്രതിരോധത്തിലാക്കുകയാണ്. എസ്പി, ബിഎസ്പി, കോൺഗ്രസ് പാർടികൾ ജാതി സെൻസസ് വിഷയം കേന്ദ്രീകരിച്ച് ശക്തമായ പ്രചാരണം ആരംഭിച്ചതും ബി.ജെ.പിയുടെ നെഞ്ചിടിപ്പ് ഉയർത്തുന്നു. ജാതി സെൻസസ് വെറും കണ്ണിൽ പൊടിയിടൽ മാത്രമാണെന്നാണ് ബി.ജെ.പി വിമർശനം.