'മുസ്ലിംകള് രാജ്യത്തെ സമ്പത്തിന്റെ ആദ്യാവകാശികളെന്ന് കോണ്ഗ്രസ് പറഞ്ഞു'-വിവാദ പരാമര്ശങ്ങളുമായി മോദി
|അമ്മമാരുടെയും പെൺമക്കളുടെയും സ്വർണങ്ങളുടെ കണക്കെടുത്ത് വിതരണം ചെയ്യുമെന്നാണ് കോൺഗ്രസ് പ്രകടനപത്രികയിൽ പറയുന്നതെന്നും നിങ്ങളുടെ താലിമാലയെപ്പോലും ഈ അർബൻ നക്സലുകൾ വെറുതെവിടില്ലെന്നും മോദി പ്രസംഗത്തിൽ പറഞ്ഞു
ജയ്പൂർ: രാജസ്ഥാനിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുസ്ലിം വിദ്വേഷമുണർത്തുന്ന പരാമർശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസ് അധികാരത്തിലെത്തിയാൽ രാജ്യത്തിന്റെ സ്വത്തുക്കൾ മുഴുവൻ നുഴഞ്ഞുകയറ്റക്കാർക്കും കൂടുതൽ കുട്ടികളുള്ളവർക്കും നൽകുമെന്നു മോദി. രാജ്യത്തെ സമ്പത്തിന്റെ ആദ്യാവകാശികൾ മുസ്ലിംകളാണെന്നാണ് മൻമോഹൻ സിങ് സർക്കാർ വ്യക്തമാക്കിയതെന്നും അദ്ദേഹം ആരോപിച്ചു.
രാജസ്ഥാനിലെ ബൻസ്വാരയിൽ നടന്ന ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു വിവാദ പരാമർശങ്ങൾ. ''അവർ(കോൺഗ്രസ്) മുൻപ് അധികാരത്തിലുണ്ടായിരുന്നപ്പോൾ രാജ്യത്തിന്റെ സ്വത്തുക്കളുടെ പ്രഥമാവകാശികൾ മുസ്ലിംകളാണെന്നാണ് അവർ പറഞ്ഞത്. ഈ സ്വത്തുക്കളെല്ലാം ഒരുമിച്ചുകൂട്ടി കൂടുതൽ മക്കളുള്ളവർക്കും നുഴഞ്ഞുകയറ്റക്കാർക്കും നൽകുമെന്നാണ് അതിനർഥം. നിങ്ങൾ അധ്വാനിച്ചുണ്ടാക്കിയ സ്വത്തുക്കൾ നുഴഞ്ഞുകയറ്റക്കാർക്കു നൽകണോ? ഇത് നിങ്ങൾക്ക് അംഗീകരിക്കാനാകുമോ?''-മോദി ചോദിച്ചു.
അമ്മമാരുടെയും പെൺമക്കളുടെയും സ്വർണങ്ങളുടെ കണക്കെടുത്ത് വിതരണം ചെയ്യുമെന്നാണ് കോൺഗ്രസ് പ്രകടനപത്രികയിൽ പറയുന്നതെന്നും മോദി തുടർന്നു. സമ്പത്തിന്റെ ആദ്യാവകാശികൾ മുസ്ലിംകളാണെന്നാണ് മൻമോഹൻ സിങ് സർക്കാർ പറഞ്ഞത്. എന്റെ അമ്മമാരേ, സഹോദരിമാരേ, നിങ്ങളുടെ മംഗലസൂത്രയെ(താലിമാല) പോലും ഈ അർബൻ നക്സലുകൾ വെറുതെവിടില്ലെന്നും മോദി പ്രസംഗത്തിൽ പറഞ്ഞു.
ഭരണഘടനയെ കുറിച്ച് കള്ളങ്ങൾ പ്രചരിപ്പിച്ച് കോൺഗ്രസ് ജനങ്ങൾക്കിടയിൽ ഭീതി പരത്തുകയാണെന്നും പ്രധാനമന്ത്രി പ്രസംഗത്തിൽ തുടർന്നു. ആദിവാസികൾക്കും ദലിതുകൾക്കും ന്യൂനപക്ഷങ്ങൾക്കുമിടയിലാകും ചില സമയത്ത് ഭീതി പരത്താറുള്ളത്. ഇപ്പോൾ ഈ തെരഞ്ഞെടുപ്പ് സമയത്ത് ഭരണഘടനയെ കുറിച്ചും സംവരണത്തെ കുറിച്ചും കള്ളം പ്രചരിപ്പിക്കുന്നു. അവരുടെ കള്ളങ്ങൾ വിലപ്പോകില്ലെന്ന് അവർക്കു നന്നായി അറിയാം. തങ്ങളുടെ അവകാശങ്ങളെ കുറിച്ചൊക്കെ ആദിവാസികൾക്കു നല്ല ബോധ്യമുണ്ട്. ഒരുകാലത്ത് 400 സീറ്റ് വരെയുണ്ടായിരുന്ന കോൺഗ്രസിന് ഇപ്പോൾ 300 സീറ്റിൽ പോലും മത്സരിക്കാനാകുന്നില്ലെന്നും ഇൻഡ്യ മുന്നണി അവസരവാദികളുടെ കൂട്ടുകെട്ടാണെന്നും മോദി ആക്ഷേപിച്ചു.
പ്രസംഗത്തിനെതിരെ കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. മോദി വീണ്ടും വീണ്ടും കള്ളം പറയുകയാണെന്ന് കോൺഗ്രസ് മാധ്യമ വിഭാഗം മേധാവി പവൻ ഖേര പറഞ്ഞു. അറിയാതെ പോലും സത്യം പറഞ്ഞുപോകാൻ അവർക്കാകുന്നില്ലെന്നാണ് കോൺഗ്രസ് വാർത്താ വിനിമയ വിഭാഗം മേധാവി ജയ്റാം രമേശ് പ്രതികരിച്ചത്.
Summary: Congress govt used to say Muslims have first right to wealth… they will distribute wealth to those with more children: PM Narendra Modi in BJP's election rally in Rajasthan