ആന്ധ്രക്ക് പ്രത്യേക പദവി, കോൺഗ്രസിന്റെ ഗ്യാരന്റി; നായിഡുവിനെ കൂടെക്കൂട്ടാൻ ഒരുക്കങ്ങൾ
|പുതിയ സർക്കാറിൽ കിംഗ് മേക്കർ ആകാനുള്ള തയ്യാറെടുപ്പിലാണ് ചന്ദ്രബാബു നായിഡു
വോട്ടെണ്ണൽ ദിനത്തിലെ മികച്ച പ്രകടനത്തിലൂടെ ആത്മവിശ്വാസം തിരിച്ചുപിടിച്ച് സർക്കാർ രൂപീകരണത്തിനുള്ള സാധ്യതകൾ തേടി ഇൻഡ്യ സഖ്യ നേതാക്കളും സജീവം. ആന്ധ്രപ്രദേശിൽ വമ്പൻ വിജയം നേടിയ ചന്ദ്രബാബു നായിഡു, ബിഹാറിൽ മികച്ച പ്രകടനത്തിലൂടെ മുന്നിലെത്തിയ നിതീഷ് കുമാർ എന്നിവരുടെ പിന്തുണ തേടുകയാണ് ഭരണ, പ്രതിപക്ഷ കക്ഷികൾ.
എൻഡിഎ കൺവീനർ സ്ഥാനം ഉൾപ്പെടെ വൻ വാഗ്ദാനങ്ങളുമായി ബിജെപി തെലുങ്ക് ദേശം പാർട്ടി (ടിഡിപി) നേതാവ് ചന്ദ്രബാബു നായിഡുവിനെ സമീപിച്ചുകഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും നായിഡുവിനെ ഫോണിൽ വിളിച്ച് അഭിനന്ദിക്കുകയും ഇത് സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു. കഴിഞ്ഞ തവണത്തേതുപോലെ മികച്ച പ്രകടനം സാധ്യമാകാതെ പോയതോടെ ചന്ദ്രബാബു നായിഡുവിന്റെയും നിതീഷ് കുമാറിന്റെയും നിലപാട് എൻഡിഎക്ക് നിർണായകമാണ്.
ബിജെപി കരുക്കൾ നീക്കിത്തുടങ്ങിയതിനൊപ്പം ചന്ദ്രബാബു നായിഡുവിനെ ഇൻഡ്യ സഖ്യത്തിന്റെ ഭാഗമാക്കാൻ കോൺഗ്രസും ഒരുങ്ങിക്കഴിഞ്ഞു. ഇതോടെ പുതിയ സർക്കാരിൽ കിംഗ് മേക്കർ ആകാനുള്ള തയ്യാറെടുപ്പിലാണ് ചന്ദ്രബാബു നായിഡു. ആന്ധ്രാ പ്രദേശിന് കോണ്‍ഗ്രസിന്‍റെ വാഗ്‌ദാനങ്ങൾ എന്ന പേരിൽ കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് എക്‌സിലൂടെയാണ് വാഗ്‌ദാനങ്ങൾ പ്രഖ്യാപിച്ചത്.
'ആന്ധ്രാ പ്രദേശിന് പ്രത്യേക പദവിയാണ് പ്രധാന വാഗ്ദാനം. 2014 ഫെബ്രുവരി 14ന് അന്നത്തെ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് ആന്ധ്രാ പ്രദേശിന് 5 വർഷത്തേക്ക് പ്രത്യേക കാറ്റഗറി പദവി ഉറപ്പ് നൽകി. ബി.ജെ.പി അധികാരത്തിലെത്തിയാൽ അത് പത്ത് വർഷത്തേക്ക് കൂടി നീട്ടുമെന്ന് ബി.ജെ.പി നേതാവ് വെങ്കയ്യ നായിഡു പറഞ്ഞിരുന്നു. രണ്ട് മാസത്തിന് ശേഷം തിരുപ്പതിയിൽ നരേന്ദ്ര മോദി വാഗ്ദാനം ആവർത്തിച്ചെങ്കിലും ഒന്നും നടന്നില്ല. കഴിഞ്ഞ 10 വർഷമായി മോദി സർക്കാർ ഒന്നും ചെയ്തിട്ടില്ല. സാമ്പത്തികമായി ദുരിതമനുഭവിക്കുന്ന സംസ്ഥാനങ്ങൾക്ക് പ്രത്യേക കാറ്റഗറി പദവി എന്ന നയം അവർ എടുത്തുകളഞ്ഞു.
2024ലെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ഡോ. മൻമോഹൻ സിംഗ് വാഗ്ദാനം ചെയ്തതുപോലെ പ്രത്യേക കാറ്റഗറി പദവി ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രഖ്യാപിക്കും എന്നതാണ് ആന്ധ്രാപ്രദേശിന് നൽകുന്ന വാഗ്ദാനം'; ജയറാം രമേശ് എക്‌സിൽ കുറിച്ചു. മോദി ചെയ്യാതിരുന്ന കാര്യങ്ങള്‍ നടപ്പാക്കാൻ കോണ്‍ഗ്രസ് തയ്യാറാണെന്നും ജയറാം രമേശ് വ്യക്തമാക്കി.