India
Karnataka BJP MP Anant Kumar Hegde
India

‘കോൺഗ്രസ് ഹിന്ദുമതത്തെ തരംതാഴ്ത്തി’; ഭരണഘടന തിരുത്തിയെഴുതണമെന്ന് ബി.ജെ.പി എം.പി

Web Desk
|
10 March 2024 7:06 AM GMT

‘ഭരണഘടന തിരുത്താനായി 400-ലധികം സീറ്റുകൾ നേടാൻ ബി.ജെ.പിയെ സഹായിക്കണം’

ബംഗളൂരു: ഇന്ത്യൻ ഭരണഘടനയുടെ ഭൂരിഭാഗവും തിരുത്തിയെഴുതേണ്ടതുണ്ടെന്ന് കർണാടക ബി.ജെ.പി എം.പി അനന്ത് കുമാർ ഹെഗ്ഡെ. മുൻകാലങ്ങളിൽ കോൺഗ്രസ് നേതാക്കൾ ഹിന്ദുമതത്തെ തരംതാഴ്ത്താൻ ഭരണഘടന ഭേദഗതി ചെയ്തിട്ടുണ്ടെന്നും അവ മാറ്റി എഴുതാൻ മുൻഗണന നൽകണമെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് മാത്രം 400ലധികം ലോക്‌സഭാ സീറ്റുകൾ വേണമെന്നും അദ്ദേഹം പറഞ്ഞു. ഉത്തര കന്നഡ എം.പിയാണ് അനന്ത് കുമാർ ഹെഗ്ഡെ.

‘400-ലധികം സീറ്റുകൾ നേടാൻ നിങ്ങൾ എല്ലാവരും ബി.ജെ.പിയെ സഹായിക്കണം. എന്തുകൊണ്ടാണ് ബി.ജെ.പിക്ക് 400ന് മുകളിൽ സീറ്റുകൾ വേണ്ടത്? മുൻകാലങ്ങളിൽ കോൺഗ്രസ് നേതാക്കൾ ഭരണഘടനയിൽ മാറ്റം വരുത്തുകയും ഹിന്ദുമതത്തെ തരംതാഴ്ത്തുകയും ചെയ്തു. അവ തിരു​ത്തിയെഴുതി മതം സംരക്ഷിക്കണം. ലോക്‌സഭയിൽ നമുക്ക് ഇതിനകം മൂന്നിൽ രണ്ട് ഭൂരിപക്ഷമുണ്ട്. ഭരണഘടന ഭേദഗതി ചെയ്യാൻ നമുക്ക് രാജ്യസഭയിൽ അത്രയും ഭൂരിപക്ഷമില്ല. അത് നേടാൻ 400ന് മുകളിലുള്ള സംഖ്യ നമ്മെ സഹായിക്കും’ -അനന്ത് കുമാർ പറഞ്ഞു.

‘ലോക്‌സഭയിലും രാജ്യസഭയിലും കൂടാതെ സംസ്ഥാനത്തും നമുക്ക് മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്. ഇതോടെ ഭരണഘടന തിരുത്തിയെഴുതാനുള്ള എല്ലാ തടസ്സങ്ങളും നീങ്ങുകയും ഹിന്ദുമതത്തെ മുൻനിരയിൽ നിർത്താൻ സഹായിക്കുകയും ചെയ്യും’ -അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യൻ ഭരണഘടനയെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാൻ കർണാടക സർക്കാർ സംസ്ഥാന വ്യാപകമായി ‘ഭരണഘടനാ അവബോധ പരിപാടി’ സംഘടിപ്പിക്കുന്നുണ്ട്. ഇതിനിടയിലാണ് ബി.ജെ.പി എം.പിയുടെ പ്രസ്താവന വരുന്നത്.

അധികാരത്തിലെത്തിയാൽ ഭരണഘടന മാറ്റുമെന്ന് ചിലർ പറയുന്നതായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ദിവസങ്ങൾക്ക് മുമ്പ് സൂചിപ്പിച്ചിരുന്നു. ഇന്ത്യൻ ഭരണഘടനയുടെ ശക്തി പോലും അറിയാത്ത ഏതാനും നേതാക്കൾ നിരുത്തരവാദപരമായ അഭിപ്രായപ്രകടനം നടത്തുകയാണ്. നമ്മുടെ ഇന്ത്യൻ ഭരണഘടന എത്ര മഹത്തരമാണെന്ന് ജനങ്ങൾക്ക് ബോധ്യമുണ്ടായിരിക്കണം. അതിനെക്കുറിച്ച് പഠിക്കാൻ ഈ അവബോധന പരിപാടി അവരെ സഹായിക്കുമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.

Similar Posts