കര്‍ണാടകയില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം, ഇന്ത്യയും പാക്കിസ്താനും നേര്‍ക്കുനേര്‍... | അറിയാം ഇന്നത്തെ ട്വിറ്റർ ട്രെൻഡിങ്ങുകൾ
|പൊലീസുകാർ നോക്കി നിൽക്കേ ബി.ജെ.പി നേതാവിന്റെ ഭർത്താവിനെ തല്ലി സമാജ് വാദി പാർട്ടി എം.എൽ.എ
കര്‍ണാടകയില്‍ ആര്‍ക്കും കേവല ഭൂരിപക്ഷമില്ല, കോണ്‍ഗ്രസിന് മുന്‍തൂക്കം, പ്രവചനവുമായി മൂന്ന് എക്സിറ്റ്പോളുകള്‍ #ExitPolls
കർണാടകയിൽ കോൺഗ്രസിന് നേരിയ മുൻതൂക്കം പ്രവചിച്ച് മൂന്ന് എക്സിറ്റ് പോളുകള്‍. തൂക്കുമന്ത്രിസഭയാണ് മൂന്ന് എക്സിറ്റ് പോളുകളും പ്രവചിച്ചത്. റിപബ്ലിക്ക് ടി.വി, ടി.വി 9, സീ ന്യൂസ് പ്രവചനങ്ങളാണ് കോണ്‍ഗ്രസിന് മുന്‍തൂക്കം പ്രവചിക്കുന്നത്. എച്ച്.ഡി കുമാരസ്വാമിയുടെ ജനതാദൾ സെക്യുലർ കിങ് മേക്കറാവാന്‍ സാധ്യതയുണ്ടെന്നും എക്സിറ്റ് പോളുകള്‍ പ്രവചിക്കുന്നു.
ബച്ചന്‍റെ പരിക്ക്; പ്രഭാസ്-ദീപിക പദുക്കോണ്‍ ചിത്രം പ്രൊജക്ട് കെ റിലീസ് വൈകും #DeepikaPadukone
അമിതാഭ് ബച്ചന് സംഭവിച്ച അപ്രതീക്ഷിത പരിക്കിന്‍റെ പശ്ചാത്തലത്തില്‍ പ്രഭാസ്-ദീപിക പദുക്കോണ്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന 'പ്രൊജക്ട് കെ' സിനിമയുടെ റിലീസ് വൈകും. ചിത്രം അടുത്ത വര്‍ഷം ജനുവരി12ന് റിലീസ് ചെയ്യാനായിരുന്നു ആലോചന. എന്നാല്‍ ബച്ചന്‍റെ പരിക്ക് കാരണം ഇത് സാധ്യമല്ലെന്ന് സിനിമയുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. പ്രൊജക്ട് കെയുടെ ചിത്രീകരണത്തിനിടെ മാര്‍ച്ചില്‍ ഹൈദരാബാദില്‍ വെച്ചാണ് ബച്ചന് പരിക്കേല്‍ക്കുന്നത്. ചിത്രത്തിലെ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. വാരിയെല്ലിന് പരിക്കേറ്റ താരം നിലവില്‍ വിശ്രമത്തിലാണ്.
കര്‍ണാടകയില്‍ വോട്ടെടുപ്പ് പൂര്‍ണം; 65.69 ശതമാനം പോളിംഗ് #Voted
വലിയ പ്രചാരണങ്ങള്‍ക്ക് അവസാനം കര്‍ണാടക വിധിയെഴുതി. ഇന്ന് അഞ്ച് മണി വരെയുള്ള കണക്കുകള്‍ പ്രകാരം 65.69 ശതമാനം പോളിംഗ് ആണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. 42,48,028 പുതിയ വോട്ടര്‍മാരാണ് ഇന്ന് സംസ്ഥാനത്ത് വിധിയെഴുതിയത്. രാമനഗരത്തില്‍ ആണ് ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത്. 63.3 ശതമാനമാണ് രാമനഗരത്തിലെ പോളിംഗ് ശതമാനം.ആകെ 224 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. അതിൽ ഭൂരിപക്ഷത്തിന് 113 സീറ്റുകളാണ് വേണ്ടത്. അതെ സമയം കർണാടകയിൽ തൂക്കുസഭയായിരിക്കുമെന്നും ഏറ്റവും വലിയ ഒറ്റകക്ഷി കോൺഗ്രസ് ആയിരിക്കുമെന്നും ഭൂരിഭാഗം എക്സിറ്റ് പോൾ ഫലങ്ങളും പ്രവചിക്കുന്നു.
പൊലീസുകാർ നോക്കി നിൽക്കേ ബി.ജെ.പി നേതാവിന്റെ ഭർത്താവിനെ തല്ലി സമാജ് വാദി പാർട്ടി എം.എൽ.എ #Amethi
ഉത്തർപ്രദേശിൽ ബി.ജെ.പി നേതാവിന്റെ ഭർത്താവിനെ പൊലീസ് സ്റ്റേഷനിൽവെച്ച് തല്ലി സമാജ് വാദി പാർട്ടി എം.എൽ.എ. രാകേഷ് പ്രതാപ് സിംഗ് എം.എൽ.എയാണ് ബി.ജെ.പി മുനിസിപ്പൽ തെരഞ്ഞെടുപ്പ് സ്ഥാനാർഥി രശ്മി സിംഗിന്റെ ഭർത്താവ് ദീപക് സിങ്ങിനെ അമേഠി ജില്ലയിലെ ഗൗരിഗഞ്ച് കോത്ത്‍വാലി പൊലീസ് സ്റ്റേഷനിൽ വെച്ച് തല്ലിയത്. മർദനത്തിന്റെ വീഡിയോ ഇതിനോടകം തന്നെ സോഷ്യൽമീഡിയയിൽ വൈറലായി. നിരവധി പൊലീസുകാരും പാർട്ടി പ്രവർത്തകരും നോക്കി നിൽക്കെയായിരുന്നു മർദനം. പൊലീസ് സ്റ്റേഷനിൽ പ്രതിഷേധിക്കുകയായിരുന്ന തന്നെയും പാർട്ടി പ്രവർത്തകരെയും ദീപക് സിംഗ് അസഭ്യം പറയുകയും അനുയായികളെ മർദിക്കുകയും ചെയ്തു. ഇതിനെതിരെ പൊലീസ് നടപടി എടുത്തില്ല. ഇതിനെതുടർന്നാണ് താൻ മർദിച്ചത് എന്നാണ് എം.എൽ.എയുടെ വിശദീകരണം.
അതേസമയം, ഇരുവരും ഏറ്റുമുട്ടുമെന്ന് പ്രതീക്ഷിച്ചില്ലെന്നും രണ്ട് രാഷ്ട്രീയ എതിരാളികൾ മുഖാമുഖം വന്നപ്പോൾ അവരെ തടയാൻ പൊലീസിന് സമയം ലഭിച്ചില്ലെന്നും ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞതായി എൻ.ഡി.ടിവി റിപ്പോർട്ട് ചെയ്തു. പിന്നീട് പൊലീസ് എത്തിയാണ് ഇരുവരെയും പിടിച്ചുമാറ്റിയത്. പ്രശ്‌നം പരിഹരിച്ചെന്നും രണ്ടുപേർക്കെതിരെയും കേസുകൾ രജിസ്റ്റർ ചെയ്ത് നിയമനടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
ഇന്ത്യയിൽ ലോകകപ്പ് കളിക്കാൻ പാകിസ്താന്‍; മത്സരം ഒക്ടോബർ 15 ന് #INDvsPAK
ഏഷ്യാ കപ്പുമായി ബന്ധപ്പെട്ട തർക്കവും അനിശ്ചിതത്വവും ഒഴിവാക്കി ലോകകപ്പിനായി ഇന്ത്യ പര്യടനം നടത്താൻ പാകിസ്ഥാൻ സമ്മതിച്ചതായി റിപ്പോർട്ട്. ഒക്ടോബർ 15 ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇന്ത്യ- പാകിസ്താൻ മത്സരം നടക്കുമെന്ന് സ്പോർട്സ് വെബ്സൈറ്റായ ക്രിക്ക്ബസ് റിപ്പോർട്ട് ചെയ്യുന്നു. പിസിബി ചെയർമാൻ നജാം സേത്തി കഴിഞ്ഞ ദിവസം ദുബായിലെ ഐസിസി ഓഫീസ് സന്ദർശിച്ചത് ഇതുമായി ബന്ധപ്പെട്ടാണെന്നാണ് നിരീക്ഷണം.
ഇതുവരെ തയ്യാറാക്കിയ താൽക്കാലിക ഷെഡ്യൂൾ പ്രകാരം അഹമ്മദാബാദ്, ഹൈദരാബാദ്, ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിൽ പാകിസ്താന്റെ കളികൾ നടക്കും. ചെന്നൈയ്ക്കൊപ്പം ഏറ്റവും കൂടുതൽ പാകിസ്ഥാൻ മത്സരങ്ങൾക്ക് ബി.സി.സി.ഐ സൗത്ത് സോണിൽ വേദികൾ ഒരുക്കിയിട്ടുണ്ട്. ഒക്ടോബർ 15 ന് അഹമ്മദാബാദിൽ ഇന്ത്യ പാക്കിസ്താൻ മത്സരം നടക്കുമെന്നാണ് റിപ്പോർട്ട്. തീയതികളിലും വേദികളുടെയും അന്തിമ തീരുമാനം ബി.സി.സി.ഐക്കാണ്. നിലവിൽ നടക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിന് (ഐപിഎൽ) ശേഷം, ബന്ധപ്പെട്ടവരിൽ നിന്നും അംഗീകാരം ലഭിച്ചതിന് ശേഷം, ആതിഥേയർ എന്ന നിലയിൽ ബി.സി.സി.ഐ ഇതുസംബന്ധിച്ച തീരുമാനത്തിലെത്തും. അഹമ്മദാബാദിൽ ഒക്ടോബർ അഞ്ചിന് ഇംഗ്ലണ്ട്- ന്യൂസിലൻഡ് പോരാട്ടത്തോടെയാകും ലോകകപ്പിന് തുടക്കമാവുക. നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ തന്നെ നവംബർ 19ന് ഫൈനൽ മത്സരം നടക്കും. എംഎ ചിദംബരം സ്റ്റേഡിയത്തിൽ ഓസ്‌ട്രേലിയയോടാണ് ഇന്ത്യയുടെ ആദ്യ മത്സരം.
ഇമ്രാൻ ഖാന്‍റെ അറസ്റ്റ്, പാക്കിസ്താനില്‍ സംഘർഷം തുടരുന്നു; മൊബൈൽ,ഇന്‍റര്‍നെറ്റ് സേവനങ്ങൾ റദ്ദാക്കി #PakistanCivilWar
പാകിസ്താനില്‍ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍റെ അറസ്റ്റിനെ തുടർന്നുണ്ടായ സംഘർഷം തുടരുന്നു. പിടിഐ പ്രവർത്തകർ രാജ്യവ്യാപക പ്രതിഷേധസമരങ്ങൾക്ക് ആഹ്വാനം നൽകി. പ്രതിഷേധങ്ങളെ തുടർന്ന് മൊബൈൽ,ഇന്‍റര്‍നെറ്റ് സേവനങ്ങൾ റദ്ദാക്കി. അതിനിടെ അറസ്റ്റ് നിയമപരമാണെന്ന് ഇസ്‍ലാമാബാദ് ഹൈക്കോടതി വ്യക്തമാക്കി. അറസ്റ്റിനെതിരെ സുപ്രിംകോടതിയെ സമീപിക്കുമെന്ന് പിടിഐ അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് ഇസ്‍ലാമാബാദ് ഹൈക്കോടതിക്ക് മുന്നിൽ വച്ച് പാക് അർധസെനിക വിഭാഗമായ റേഞ്ചേഴ്സ് ഇംറാൻ ഖാനെ അറസ്റ്റ് ചെയ്തത്. പ്രധാനമന്ത്രിയായിരിക്കെ വിദേശത്ത് നിന്ന് ലഭിച്ച വിലകൂടിയ സമ്മാനങ്ങൾ മറിച്ചു വിറ്റ കേസിലാണ് അറസ്റ്റ്. അറസ്റ്റിനു പിന്നാലെ പിടിഐ പാർട്ടി പ്രവർത്തകർ അക്രമം അഴിച്ചു വിടുകയായിരുന്നു.
ഗെയിം ത്രില്ലറില്‍ നായകനായി മമ്മൂട്ടി; ബസൂക്ക ചിത്രീകരണം ആരംഭിച്ചു #Mammootty
മമ്മൂട്ടിയെ നായകനാക്കി ഡിനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ബസൂക്ക എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിച്ചു. കൊച്ചിയിലെ വെല്ലിംഗ് ടൺ ഐലൻ്റിലെ സാമുദ്രിക ഹാളിലായിരുന്നു തുടക്കം. ലളിതമായ ചടങ്ങിൽ പ്രശസ്ത തിരക്കഥാകൃത്ത് കലൂർ ഡെന്നിസ് സ്വിച്ച് ഓണ്‍ കർമ്മം നിർവ്വഹിച്ചതോടെയായിരുന്നു ആരംഭം കുറിച്ചത്. കലൂർ ഡെന്നിസിൻ്റെ മകനാണ് ഡിനോ ഡെന്നിസ്. ഷാജി കൈലാസ് ഫസ്റ്റ് ക്ലാപ്പ് നൽകി. ബി.ഉണ്ണികൃഷ്ണൻ, ജിനു വി .എബ്രഹാം, ഡോള്‍വിൻ കുര്യാക്കോസ്, ജോസ് തോമസ്, കെ.പി.വ്യാസൻ, സിദ്ധാർത്ഥ് ഭരതൻ, ഷൈൻ ടോം ചാക്കോ, ഡിനോ ഡെന്നിസ്, നിമേഷ് രവി എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു. ഗെയിം ത്രില്ലർ ജേണറിൽപ്പെടുന്നതാണ് ചിത്രം. മമ്മൂട്ടിക്കു പുറമേ ഗൗതം വാസുദേവ മേനോൻ, ഷൈൻ ടോം, സണ്ണി വെയ്ൻ, ഷറഫുദ്ദീൻ, യാക്കോ, സിദ്ധാർത്ഥ് ഭരതൻ, സുമിത് നേവൽ (ബിഗ് ബി ഫെയിം) ജഗദീഷ് ഡീൻ സെന്നിസ്, ദിവ്യാ പിള്ള, ഐശ്വര്യാ മേനോൻ എന്നിവരും പ്രധാന താരങ്ങളാണ്.