കോൺഗ്രസിന്റെ ക്ഷണം വന്നു, ഭാരത് ജോഡോ യാത്രയിൽ പങ്കുചേരുന്നത് ചർച്ചചെയ്ത് തീരുമാനിക്കും: അഖിലേഷ് യാദവ്
|ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ നദീയാത്രയായ ഗംഗാവിലാസത്തിന്റെ സമാരംഭത്തെയും ടെന്റ് സിറ്റിയുടെ ഉദ്ഘാടനവും സംബന്ധിച്ച് അഖിലേഷ് യാദവ് ബി.ജെ.പിയെ കടന്നാക്രമിച്ചു
ലഖ്‌നൗ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ പങ്കുചേരുന്നത് പാർട്ടിയിൽ ചർച്ച ചെയ്ത ശേഷം തീരുമാനിക്കുമെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. യാത്രയിൽ പങ്കുചേരാൻ കോൺഗ്രസ് ക്ഷണിച്ചിട്ടുണ്ടെന്നും അഖിലേഷ് യാദവ് മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ നദീയാത്രയായ ഗംഗാവിലാസത്തിന്റെ സമാരംഭത്തെയും ടെന്റ് സിറ്റിയുടെ ഉദ്ഘാടനവും സംബന്ധിച്ച് അഖിലേഷ് യാദവ് ബി.ജെ.പിയെ കടന്നാക്രമിച്ചു.
ഉത്തർപ്രദേശിനെ മതപരമായ സ്ഥലമാക്കി പണം സമ്പാദിക്കുക മാത്രമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷ്യമെന്നും അഖിലേഷ് യാദവ് കുറ്റപ്പെടുത്തി. ഗംഗാ ആക്ഷൻ പ്ലാനിനെക്കുറിച്ച് ബിജെപി സർക്കാരിനെതിരെ രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം പ്രതികരിച്ചത്. 'മാ ഗംഗ' വൃത്തിയാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു. ആയിരക്കണക്കിന് കോടി രൂപയാണ് ഇതിനായി സർക്കാർ ചിലവഴിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജനുവരി 13 ന് ലോകത്തിലെ ഏറ്റവും നീളം കൂടിയ റിവർ ക്രൂയിസ് ഗംഗാ വിലാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ലാഗ് ഓഫ് ചെയ്യും. വാരണാസിയിലെ ടെന്റ് സിറ്റിയുടെ ഉദ്ഘാടനവും 1,000 കോടിയിലധികം രൂപയുടെ മറ്റ് നിരവധി ഉൾനാടൻ ജലപാത പദ്ധതികൾക്കുള്ള തറക്കല്ലിടലും വീഡിയോ കോൺഫറൻസിംഗിലൂടെ പ്രധാനമന്ത്രി നിർവഹിക്കും. ഉത്തർപ്രദേശ് സർക്കാർ സംഘടിപ്പിക്കുന്ന ഗ്ലോബൽ ഇൻവെസ്റ്റേഴ്സ് മീറ്റിൽ സംസാരിക്കവെ, കൂടുതൽ നിക്ഷേപങ്ങൾ കൊണ്ടുവരാൻ എന്ത് പ്രോത്സാഹനങ്ങളാണ് സർക്കാർ നൽകുന്നതെന്ന് യാദവ് ചോദിച്ചു. സംസ്ഥാനത്തെ ജനങ്ങളെ ഒറ്റിക്കൊടുക്കാനുള്ള അടുത്ത തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പ് മാത്രമാണ് ഉച്ചകോടിയെന്ന് യാദവ് കുറ്റപ്പെടുത്തി.
സോഷ്യലിസത്തിന്റെ മുഖ്യ പ്രത്യയശാസ്ത്രജ്ഞരെ ഉൾപ്പെടുത്തി പന്ത്രണ്ട് പേജുള്ള കലണ്ടറും യാദവ് പുറത്തിറക്കി. അന്തരിച്ച മുലായം സിംഗ് യാദവിന് വേണ്ടിയാണ് കലണ്ടർ സമർപ്പിച്ചിരിക്കുന്നത്. മുലായം സിംഗ് യാദവിന്റെ ജീവിതവുമായി ബന്ധപ്പെട്ട സംഭവങ്ങൾ ഫോട്ടോഗ്രാഫുകൾക്കൊപ്പം സമാഹരിച്ചിട്ടുണ്ട്. 12 പേജുകളുള്ള കലണ്ടർ രൂപകൽപ്പന ചെയ്തിരിക്കുന്നത് ഉദയ് പ്രതാപ് സിംഗും ദീപക് കബീറും ചേർന്നാണ്. സമാജ്വാദി പാർട്ടി സ്ഥാപകനും മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രിയുമായ മുലായം സിംഗ് യാദവ് കഴിഞ്ഞ വർഷം ഒക്ടോബർ 10 ന് ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽവെച്ചാണ് അന്തരിച്ചത്.