100 സീറ്റുകളിൽക്കൂടി സ്ഥാനാർഥികളെ പ്രഖ്യാപിക്കാനൊരുങ്ങി കോൺഗ്രസ്
|മഹാരാഷ്ട്രയിൽ കോൺഗ്രസ് 17 സീറ്റിൽ മത്സരിക്കും
ന്യൂഡൽഹി:ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 100 സീറ്റുകളിൽക്കൂടി സ്ഥാനാർഥികളെ പ്രഖ്യാപിക്കാനൊരുങ്ങി കോൺഗ്രസ്. ഡൽഹി, മഹാരാഷ്ട്ര, ബംഗാൾ ഉൾപ്പെടെ തർക്കം കുറഞ്ഞ സംസ്ഥാനങ്ങളിലെ സ്ഥാനാർഥികളെ ഉടൻ പ്രഖ്യാപിച്ചു മുന്നോട്ട് പോകാനാണ് കോൺഗ്രസ് തീരുമാനം. മഹാരാഷ്ട്രയിൽ കോൺഗ്രസ് 17 സീറ്റിൽ മത്സരിക്കും. ബംഗാളിൽ ഇടതുമുന്നണിയുമായി കോൺഗ്രസ് സീറ്റ് ധാരണയായിട്ടുണ്ട്. കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് വൈകുന്നേരം നാല് മണിക്ക് വീണ്ടും ചേരും.
മഹാരാഷ്ട്രയിൽ കോൺഗ്രസ് മത്സരിക്കുന്ന 17 സീറ്റിൽ ഏഴ് എണ്ണം പട്ടിക ജാതി -പട്ടിക വർഗവിഭാഗത്തിന് സംവരണം ചെയ്തതാണ്. പിന്നാക്ക -ദലിത് -ന്യൂനപക്ഷ രാഷ്ട്രീയം ഉയർത്തി പിടിക്കുന്നതിനായി മുന്നണിയിൽ നിന്ന് ഈ സീറ്റുകൾ കോൺഗ്രസ് ചോദിച്ചു വാങ്ങുകയായിരുന്നു. പിസിസി അധ്യക്ഷൻ നാനോ പട്ടോളെ കൂടി മത്സരിക്കണമെന്നാണ് ദേശീയ നേതൃത്വത്തിന്റെ കാഴ്ചപ്പാട്. ഉദ്ദവ് താക്കറെ വിഭാഗം ശിവസേന, ശരത് പവാർ വിഭാഗം എൻസിപി എന്നിവരുമായി കോൺഗ്രസ് സീറ്റ് ധാരണയിൽ എത്തി.
തൃണമൂൽ കോൺഗ്രസുമായി സഖ്യം അസാധ്യമാണെന്ന് വ്യക്തമായതോടെയാണ് ഇടത് പാർട്ടികളുമായി ബംഗാളിൽ കോൺഗ്രസ് ധാരണയിൽ എത്തിയത്. സിപിഎം 24 സീറ്റിലും കോൺഗ്രസ് 12 ഇടത്തും മത്സരിക്കാനാണ് തീരുമാനം. ഭാരത് ജോഡോ ന്യായ് യാത്രയുടെ വിവിധ ഘട്ടങ്ങളിൽ നൽകിയ അഞ്ചു ഉറപ്പുകൾ കേന്ദ്രീകരിച്ചുള്ള പ്രകടന പത്രിക ചർച്ചയും ഡൽഹിയിൽ പുരോഗമിക്കുന്നുണ്ട്.
അതിനിടെ, കർഷക സമരം നടക്കുമ്പോൾ കർഷകർക്ക് അനുകൂല നിലപാട് സ്വീകരിച്ച ബിജെപി എംപി വരുൺ ഗാന്ധിക്ക് ബിജെപി സീറ്റ് നിഷേധിക്കാനാണ് സാധ്യത. ഇങ്ങനെ സംഭവിച്ചാൽ ഉടൻ സമാജ് വാദി പാർട്ടി സ്ഥാനാർഥിയായി അദ്ദേഹം അങ്കതട്ടിൽ ഇറങ്ങും. വരുണുമായി എസ്പി നേതാക്കൾ ഇതിനകം സംസാരിച്ചു കഴിഞ്ഞു. ഇന്നലെ രാജിവച്ച കേന്ദ്രമന്ത്രി പശുപതി പരസ് ഇൻഡ്യാ മുന്നണിയുടെ ഭാഗമാകും. ബിഹാറിൽ ഒരു ലോക്സഭാ സീറ്റും ഒരു രാജ്യസഭാ സീറ്റുമാണ് വാഗ്ദാനം.
അതേസമയം, എൻഡിഎയുടെ മൂന്നാം ഘട്ട സ്ഥാനാർത്ഥി പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും. ബിജെപിയുടെ സംസ്ഥാന കോർ കമ്മിറ്റി യോഗം ഉടൻ ഡൽഹിയിൽ ചേരും. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ ബാക്കിയുള്ള മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ കൂടി വേഗത്തിൽ പ്രഖ്യാപിക്കാനാണ് തീരുമാനം. ബംഗാളിലെ നേതാക്കളോട് സ്ഥാനാർത്ഥി നിർണയ ചർച്ചകൾക്കായി ഡൽഹിയിലെത്താൻ ബിജെപി ദേശീയ നേതൃത്വം നിർദേശം നൽകി. ബിഹാറിൽ എൻഡിഎയിലെ സീറ്റ് വിഭജനം പൂർത്തിയാക്കിയ ബിജെപി, മഹാരാഷ്ട്രയിലെ സീറ്റ് വിഭജനവും പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ്.