'കോൺഗ്രസിന്റ ശ്രദ്ധ അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മാത്രം': നിതീഷ് കുമാർ
|ഇൻഡ്യ മുന്നണി സ്തംഭിച്ച നിലയിലാണെന്നും നിതീഷ് കുമാർ ആരോപിച്ചു
ഡൽഹി: ഇൻഡ്യ മുന്നണിയിലെ സീറ്റ് വിഭജനത്തിൽ കോൺഗ്രസിനെതിരെ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. സഖ്യം രൂപീകരിച്ചെങ്കിലും കാര്യമായി പ്രവർത്തനങ്ങൾ ഒന്നും നടക്കുന്നില്ലെന്നും കോൺഗ്രസിന്റ ശ്രദ്ധ അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മാത്രമാണെന്നും നിതീഷ് കുമാർ കുറ്റപ്പെടുത്തി. ഇൻഡ്യ മുന്നണി സ്തംഭിച്ച നിലയിലാണെന്നും നിതീഷ് കുമാർ ആരോപിച്ചു.
'ഞങ്ങൾ എല്ലാ പാർട്ടികളുമായും സംസാരിച്ചു, രാജ്യത്തിന്റെ ചരിത്രം മാറ്റിമറിക്കാൻ ശ്രമിക്കുന്നവരിൽ നിന്ന് രാജ്യത്തെ സംരക്ഷിക്കാനും ഐക്യപ്പെടാനും അവരോട് അഭ്യർത്ഥിച്ചു. ഇതിനായി പട്‌നയിലും മറ്റിടങ്ങളിലും യോഗങ്ങൾ നടത്തുകയും ഇൻഡ്യ സഖ്യം രൂപീകരിക്കാൻ തീരുമാനിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ കാര്യമായ ജോലികൾ നടക്കുന്നില്ല. അഞ്ച് സംസ്ഥാനങ്ങളിലെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലാണ് കോൺഗ്രസിന് കൂടുതൽ താൽപ്പര്യം- എന്നുമാണ് പട്‌നയിൽ നടന്ന റാലിയിൽ നിതീഷ് കുമാർ പറഞ്ഞത്.
“ഞങ്ങൾ എല്ലാവരും ചേർന്ന് കോൺഗ്രസ് പാർട്ടിയെ നേതൃത്വ സ്ഥാനത്ത് നിർത്താൻ പ്രവർത്തിക്കുന്നുണ്ടായിരുന്നു, പക്ഷേ അവർ ഇപ്പോൾ ഇതിനെക്കുറിച്ചൊന്നും ആകുലപ്പെടുന്നില്ല. അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ തിരക്കിലാണ് ഇപ്പോൾ. അതിനാൽ, അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിന് ശേഷം അവർ തന്നെ എല്ലാവരേയും വിളിക്കും'- നിതീഷ് കുമാർ.