ഗുജറാത്തിലെ വഡ്ഗാം മണ്ഡലത്തിൽ ജിഗ്നേശ് മേവാനിക്ക് ജയം
|85,126 വോട്ടുകളാണ് മേവാനി നേടിയത്. രണ്ടാം സ്ഥാനത്തുള്ള ബി.ജെ.പി സ്ഥാനാർഥി മിനിഭായ് ജിതാഭായ് വഗേല 82,382 വോട്ടുകൾ നേടി.
അഹമ്മദാബാദ്: ഗുജറാത്ത് കോൺഗ്രസ് വർക്കിങ് പ്രസിഡന്റും ദലിത് നേതാവുമായ ജിഗ്നേശ് മേവാനി വഡ്ഗാം മണ്ഡലത്തിൽനിന്ന് തുടർച്ചയായ രണ്ടാം തവണയും വിജയിച്ചു. 85,126 വോട്ടുകളാണ് മേവാനി നേടിയത്. രണ്ടാം സ്ഥാനത്തുള്ള ബി.ജെ.പി സ്ഥാനാർഥി മിനിഭായ് ജിതാഭായ് വഗേല 82,382 വോട്ടുകൾ നേടി.
2017-ലെ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര എം.എൽ.എ ആയാണ് മേവാനി വഡ്ഗാമിൽനിന്ന് വിജയിച്ചത്. അന്ന് മേവാനിക്ക് പിന്തുണ പ്രഖ്യാപിച്ച കോൺഗ്രസ് ഇവിടെ സ്വന്തം സ്ഥാനാർഥിയെ മത്സരിപ്പിച്ചിരുന്നില്ല. ദലിതരുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന രാഷ്ട്രീയ ദലിത് അധികാർ മഞ്ചിന്റെ കൺവീനർ കൂടിയാണ് മേവാനി.
എസ്.സി സംവരണ മണ്ഡലമായ വഡ്ഗാമിൽ മുസ്‌ലിം വോട്ടുകൾ നിർണായകമാണ്. ആകെയുള്ള 2.94 ലക്ഷം വോട്ടർമാരിൽ 90,000 പേരും മുസ്‌ലിംകളാണ്. 44,000 വോട്ടർമാർ ദലിത് സമുദായത്തിൽനിന്നുള്ളവരും 15,000 വോട്ടർമാർ രജ്പുത് സമുദായക്കാരുമാണ്. ബാക്കിയുള്ളവർ ഭൂരിഭാഗവും പിന്നാക്ക വിഭാഗക്കാരാണ്.
ഗുജറാത്തിൽ ബി.ജെ.പി ചരിത്ര വിജയമാണ് ഇത്തവണ സ്വന്തമാക്കിയത്. ആകെയുള്ള 182 സീറ്റിൽ 156 മണ്ഡലങ്ങളിലും ബി.ജെ.പിയാണ് ലീഡ് ചെയ്യുന്നത്. കോൺഗ്രസിന് 17 സീറ്റുകൾ മാത്രമാണ് നേടാനായത്. പഞ്ചാബിലെ വിജയം ആവർത്തിക്കുമെന്ന് അവകാശപ്പെട്ട ആപ്പ് വെറും അഞ്ച് സീറ്റുകളിലൊതുങ്ങി.
1985ൽ കോൺഗ്രസ് 149 സീറ്റുകൾ നേടി അധികാരത്തിലെത്തിയതിന്റെ റെക്കോർഡ് തകർത്താണ് ഇത്തവണ ബി.ജെ.പി അധികാരത്തിലെത്തുന്നത്. തുടർച്ചയായി ഏഴാം തവണ അധികാരം പിടിക്കുന്ന പാർട്ടിയെന്ന റെക്കോർഡും ബി.ജെ.പി സ്വന്തമാക്കി.