![റാഞ്ചിയിൽ കൊല്ലപ്പെട്ടവരിൽ പത്താം ക്ലാസ് വിദ്യാർഥിയും; ഉന്നത തല അന്വേഷണം പ്രഖ്യാപിച്ച് കോൺഗ്രസ് -ജെ.എം.എം സർക്കാർ റാഞ്ചിയിൽ കൊല്ലപ്പെട്ടവരിൽ പത്താം ക്ലാസ് വിദ്യാർഥിയും; ഉന്നത തല അന്വേഷണം പ്രഖ്യാപിച്ച് കോൺഗ്രസ് -ജെ.എം.എം സർക്കാർ](https://www.mediaoneonline.com/h-upload/2022/06/12/1300606-police.webp)
റാഞ്ചിയിൽ കൊല്ലപ്പെട്ടവരിൽ പത്താം ക്ലാസ് വിദ്യാർഥിയും; ഉന്നത തല അന്വേഷണം പ്രഖ്യാപിച്ച് കോൺഗ്രസ് -ജെ.എം.എം സർക്കാർ
![](/images/authorplaceholder.jpg?type=1&v=2)
ഏഴു ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകാനും സർക്കാർ നിർദേശിച്ചിരിക്കുകയാണ്
റാഞ്ചി: പ്രവാചക നിന്ദക്കെതിരെ നടന്ന പ്രതിഷേധത്തിൽ റാഞ്ചിയിൽ പൊലീസ് വെടിയേറ്റ് മരിച്ചവരിൽ പത്താം ക്ലാസ് പരീക്ഷാഫലം കാത്തിരിക്കുന്ന വിദ്യാർഥിയും. 15 കാരനായ മുദ്ദസിർ ആലമും 20 കാരനായ സാഹിലുമാണ് വെടിയേറ്റ് മരിച്ചത്. ബിജെപി വക്താവായിരിക്കെ നുപൂർ ശർമ നടത്തിയ പ്രവാചക നിന്ദക്കെതിരെ നടന്ന പ്രതിഷേധത്തിന് നേരെ വെടിവെയ്പ്പ് നടന്നതിൽ കോൺഗ്രസ് -ജാർഖണ്ഡ് മുക്തി മോർച്ച പാർട്ടികൾ ചേർന്നുള്ള ഹേമന്ത് സോറൻ മന്ത്രി സഭ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഏഴു ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകാനും സർക്കാർ നിർദേശിച്ചിരിക്കുകയാണ്. ഇതിനായി രണ്ടംഗ സമിതി രൂപവത്കരിച്ചിട്ടുണ്ട്.
സംഭവത്തിൽ 13 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും കല്ലേറിലും വെടിവെയ്പ്പിലുമാണ് പരിക്കേറ്റതെന്നും റൂറൽ എസ്പി നൗഷാദ് ആലം അറിയിച്ചു. അതേസമയം, സംഭവത്തിൽ പരിക്കേറ്റ 10 പേർ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ (റിംസ്) പ്രവേശിപ്പിക്കപ്പെട്ടിരുന്നുവെന്നും രണ്ടുപേർ മരിച്ചുവെന്നും ഒരാൾ ഗുരുതരാവസ്ഥയിലാണെന്നും സൂപ്രണ്ട് ഡോ. ഹിരേന്ദ്ര ബിറുവ അറിയിച്ചു. എസ്എസ്പി സുരേന്ദ്ര ത്ഥാക്ക് തലക്കും ഒരു പൊലീസ് കോൺസ്റ്റബിളിന് വെടിയുണ്ടയേറ്റും പരിക്കേറ്റിരുന്നു.
Congress-JMM government announces probe on Ranchi firing