ബി.ജെ.പിയെ കൈവിടുന്ന യു.പി പിടിക്കാൻ അടവുനയങ്ങളുമായി കോൺഗ്രസ്
|ഉത്തർ പ്രദേശിന്റെ രാഷ്ട്രീയ ഭൂമികയിലുണ്ടായ മാറ്റം തിരിച്ചറിഞ്ഞ കോൺഗ്രസ് ലക്ഷ്യം വെക്കുന്നത് സംസ്ഥാനം തിരിച്ചുപിടിക്കുക എന്നതാണ്
ലഖ്നൗ: ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനും ഇൻഡ്യാമുന്നണിക്കും ഏറെ ആത്മവിശ്വാസം പകർന്ന സംസ്ഥാനമായിരുന്നു ഉത്തർപ്രദേശ്. ബി.ജെ.പിക്കും എൻ.ഡി.എക്കും തിരിച്ചടി നൽകിയതിനൊപ്പം ഇൻഡ്യാ മുന്നണിക്ക് മികച്ച വിജയം കൈവരിക്കാൻ പറ്റി. അധികാരത്തുടർച്ച കിട്ടിയെങ്കിലും രാമക്ഷേത്രമടക്കമുയർത്തിയിട്ടും യു.പിയിലുണ്ടായ തിരിച്ചടി ബി.ജെ.പിക്കും എൻ.ഡി.എക്കും കനത്തക്ഷീണം തന്നെയാണുണ്ടാക്കിയത്. അധികാരത്തിലേറിയിട്ടും യു.പിയിലെ തിരിച്ചടി ബി.ജെ.പിക്കുള്ളിൽ പലതരത്തിൽ പൊട്ടിത്തെറിക്കിടയാക്കിയിരുന്നു. രണ്ടുമാസം പിന്നിട്ടിട്ടും അതിന്റെ അനുരണനങ്ങൾ ഇനിയും പാർട്ടിയിൽ കെട്ടടങ്ങിയിട്ടില്ല.
ഈ സാഹചര്യത്തിലാണ് ദലിത്, മുസ്ലിം, ന്യൂനപക്ഷവിഷയങ്ങളിൽ കൂടുതൽ ഇടപെടലുകൾ നടത്താൻ കോൺഗ്രസ് തീരുമാനിച്ചിരിക്കുന്നത്. യു.പിയിൽ ഒരു മാസംനീണ്ടു നിൽക്കുന്ന കാമ്പയിന് കോൺഗ്രസ് തുടക്കം കുറിച്ചു. പട്ടികജാതി-പട്ടിക വർഗ സംവരണത്തിൽ ഉപസംവരണം, വഖഫ് ഭേദഗതി ബിൽ, ജാതി സെൻസസ് തുടങ്ങിയ വിഷയങ്ങൾ ഉയർത്തിയാണ് കോൺഗ്രസ് കാമ്പയിൻ നടത്തുന്നത്. കേന്ദ്രസർക്കാർ നടപടിയിൽ വിവിധ വിഭാഗങ്ങൾക്കുള്ള പ്രതിഷേധവും അമർഷവും കൂടുതൽ ചർച്ചയാക്കാനും ബി.ജെ.പിയെ പ്രതിരോധത്തിലാക്കാനുമാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. ഇതിലൂടെ ദലിത്, മറ്റ് പിന്നാക്ക വിഭാഗങ്ങൾ, മുസ്ലിം വിഭാഗം എന്നിവർക്കിടയിൽ കൂടുതൽ സ്വാധീനമുണ്ടാക്കുകയാണ് ലക്ഷ്യം.
വെള്ളിയാഴ്ച ആരംഭിച്ച കാമ്പയിൻ പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങൾ തടയാനുള്ള നിയമം പാർലമെന്റ് പാസാക്കി 25 വർഷം തികയുന്ന സെപ്റ്റംബർ 11 നാണ് സമാപിക്കുക. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ഉയർത്തിയത് ശരിയാണെന്ന് തെളിയിക്കുന്ന സംഭവവികാസങ്ങളാണ് ഇപ്പോൾ പാർലമെന്റിൽ നടക്കുന്നതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പറഞ്ഞു. ബി.ജെ.പി അധികാരത്തിലെത്തിയാൽ ഭരണഘടനാപരമായ അടിസ്ഥാന അവകാശങ്ങൾ വെല്ലുവിളിക്കപ്പെടുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. അതുതന്നെയാണ് ഇപ്പോൾ സംഭവിക്കുന്നത്. ജാതി സെൻസസ്, വഖഫ് ഭേദഗതി ബിൽ, എസ്.സി-എസ്.ടി സംവരണത്തിലെ ഉപസംവരണം എന്നിവയെക്കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്താനാണ് ഞങ്ങൾ ജനങ്ങളിലേക്ക് ഇറങ്ങുന്നത്. ഈ സമുദയാങ്ങൾ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഞങ്ങൾക്ക് പിന്തുണ നൽകിയവരാണ്. അതിനാൽ അവരുടെ പ്രശ്നങ്ങൾ ചർച്ചയാക്കുകയും അവർക്കൊപ്പം നിൽക്കേണ്ടതും ഞങ്ങളുടെ ഉത്തരവാദിത്തമാണെന്നാണ് കോൺഗ്രസ് നേതാവ് പറഞ്ഞത്.
ഒരു മാസം നീണ്ട കാമ്പയിനിൽ ഗ്രാമങ്ങൾ കേന്ദ്രീകരിച്ച് ജനങ്ങളെ അണിനിരത്താനും, ലഘുലേഖകൾ വിതരണം ചെയ്യാനും അതത് സമുദായങ്ങളുമായി ചർച്ച നടത്താനുമാണ് പാർട്ടി നേതാക്കൾക്ക് നിർദേശം നൽകിയിരിക്കുന്നത്. പാർട്ടിയുടെ ഒ.ബി.സി, ന്യൂനപക്ഷ, മത്സ്യത്തൊഴിലാളി വിഭാഗങ്ങൾ ജില്ലാ തലത്തിൽ കാമ്പയിനുകൾ നടത്തും. ജാതി സെൻസസ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഒപ്പ് ശേഖരണ കാമ്പയിൻ നടത്തും. ഡോക്ടർമാർ, അധ്യാപകർ, മറ്റ് പ്രൊഫഷണലുകൾ തുടങ്ങി ബുദ്ധിജീവികളടക്കമുള്ള പ്രമുഖരുമായും സംവദിക്കാൻ സംസ്ഥാന ഭാരവാഹികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് കോൺഗ്രസ് നേതാവ് ഷാനവാസ് ആലം പറഞ്ഞു. വഖഫ് ബില്ലുമായി ബന്ധപ്പെട്ട് ജനങ്ങളെ കൂടുതൽ ബോധവത്കരിക്കേണ്ടത് അനിവാര്യമാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ ഭൂമി സ്വന്തമായുള്ളത് റെയിൽവെക്കാണ്. അത് കഴിഞ്ഞാൽ വഖഫ് ബോർഡിന് കീഴിലാണ്. മുസ്ലിംകൾ സമുദായ ഉന്നമനത്തിനായി വിട്ട് നൽകിയ ഭൂമിയും സ്വത്തുമാണത്. ഇപ്പോൾ, ആ സ്വത്തുക്കളുടെ ഡീലർമാരാകാനാണ് മോദി സർക്കാർ ശ്രമിക്കുന്നതെന്നും ഷാനവാസ് പറഞ്ഞു.
ഭരണഘടന തൊട്ടുകൂടായ്മ നിരോധിച്ചതും പട്ടികജാതി-പട്ടികവർഗക്കാർക്ക് സംവരണം നൽകുകയും ചെയ്തത് സാമൂഹിക വിവേചനത്തെ അവസാനിപ്പിക്കാനാണ്. അതുകൊണ്ട് തന്നെ ഉപസംവരണം അനുവദിക്കാനാകില്ല. എസ്.സി-എസ്.ടി നിയമം പോലും ശരിയായി ഈ രാജ്യത്ത് നടപ്പാക്കപ്പെടുന്നില്ല. മിക്ക കേസുകളും പ്രാദേശിക തലത്തിൽ തീർപ്പാക്കപ്പെടുകയാണ്. എസ്സി-എസ്ടി നിയമം നേരിടുന്ന വെല്ലുവിളികൾ തുറന്ന് കാണിക്കാൻ കൂടിയാണ് കാമ്പയിന്റെ സമാപനദിവസമായി സെപ്റ്റംബർ 11 തിരഞ്ഞെടുത്തതെന്നും അദ്ദേഹം പറഞ്ഞു.സാധാരണക്കാർക്ക് കൂടി കാര്യങ്ങൾ ലളിതമായി മനസിലാകുന്ന രീതിയിൽ ലഘുലേഖകൾ എല്ലാവരിലേക്കും എത്തിക്കും. ഗ്രാമങ്ങളിലും ജില്ലകളിലും സംസ്ഥാന തലത്തിലും യോഗങ്ങൾ സംഘടിപ്പിക്കുമെന്നും ഷാനവാസ് കൂട്ടിച്ചേർത്തു.
മുസ്ലിംകളുടെയും ദലിതുകളുടെയും വോട്ടുകൾ ഇക്കുറി കോൺഗ്രസിനും ഇൻഡ്യാമുന്നണിക്കും വ്യാപകമായി ലഭിച്ചുവെന്നാണ് ബി.ജെ.പി വിലയിരുത്തുന്നത്. ഇതിനൊപ്പം മറ്റുന്യൂനപക്ഷങ്ങളിലേക്ക് കൂടി കോൺഗ്രസ് സ്വാധീനമുറപ്പിക്കാൻ ശ്രമിക്കുന്നത് ബി.ജെ.പിക്ക് വലിയവെല്ലുവിളി ഉയർത്തും. ബി.എസ്.പിയുടെ പ്രധാന വോട്ട് ബാങ്കായ ജാതവ് വോട്ടുകളിൽ ആറ് ശതമാനം എസ്.പിയിലേക്കും കോൺഗ്രസിലേക്കും ഒഴുകിയെന്നാണ് ബി.ജെ.പി കണക്കുകൂട്ടുന്നത്. ‘ഭരണഘടനയെ സംരക്ഷിക്കുക’ എന്ന പ്രതിപക്ഷ കാമ്പയിൻ ബി.ജെ.പിക്ക് തിരിച്ചടിയുണ്ടാക്കിയെന്നും അവർ വിലയിരുത്തിയിരുന്നു.
2019ൽ യു.പിയിലെ പട്ടികജാതി സംവരണമുള്ള 17 ലോക്സഭാ സീറ്റുകളിൽ 14ലും ബി.ജെ.പിയായിരുന്നു വിജയിച്ചത്. എന്നാൽ ഇക്കുറി അത് എട്ട് സീറ്റിൽ ഒതുങ്ങി. ഏഴ് മണ്ഡലങ്ങളിൽ എസ്.പി ജയിച്ചു. കോൺഗ്രസും, ആസാദ് സമാജ് പാർട്ടിയും (കാൻഷി റാം) ഓരോ സീറ്റുകളിലും ജയിച്ചു.
40-ലധികം ലോക്സഭാ സീറ്റുകളിൽ ആധിപത്യം പുലർത്തുന്ന ഒ.ബി.സിവിഭാഗങ്ങളുടെ നിലപാടുകളിലുണ്ടായ മാറ്റവും കോൺഗ്രസ് തിരിച്ചറിഞ്ഞു. എൻ.ഡി.എക്കൊപ്പം നിന്ന പലരും അവരെ കൈവിട്ട് ഇൻഡ്യാ സഖ്യത്തിനാണ് ഇക്കുറി പിന്തുണ നൽകിയത്. യുപിയുടെ രാഷ്ട്രീയ ഭൂമികയിലുണ്ടായ മാറ്റം തിരിച്ചറിഞ്ഞതോടെയാണ് സംസ്ഥാനത്തുടനീളം സംഘടനയെ പുനരുജ്ജീവിപ്പിക്കാൻ കോൺഗ്രസ് ഇറങ്ങിത്തിരിച്ചത്.