'ട്വീറ്റ് പിന്‍വലിക്കാനാവില്ല'; അനിൽ കെ ആന്റണി രാജിവെച്ചു
|ബി.ബി.സി ഡോക്യുമെന്ററി വിവാദത്തിൽ കേന്ദ്രസർക്കാറിനെ പിന്തുണച്ചതിൽ അനിലിനെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു
ന്യൂഡൽഹി: എ.കെ ആന്റണിയുടെ മകനും കോൺഗ്രസ് ഡിജിറ്റൽ മീഡിയ വിങ് കൺവീനറുമായിരുന്ന അനിൽ കെ. ആന്റണി പാർട്ടി പദവികള്‍ ഒഴിഞ്ഞു. ട്വിറ്ററിലൂടെയാണ് രാജി വെച്ചവിവരം അറിയിച്ചത്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ബി.ബി.സി തയാറാക്കിയ 'ഇന്ത്യ: ദി മോദി ക്വസ്റ്റിയൻ' എന്ന ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട വിവാദത്തിൽ കേന്ദ്രസർക്കാർ നിലപാടിനെ പിന്തുണച്ച് അനിൽ കെ. ആന്റണി ഇന്നലെ ട്വീറ്റിട്ടിരുന്നു.
അഭിപ്രായ സ്വാതന്ത്രത്തിന് വേണ്ടി പോരാടുന്നവർ ഒരു ട്വീറ്റിന്റെ പേരിൽ അസഹിഷ്ണുത കാണിക്കുകയാണെന്നും ട്വീറ്റ് പിൻവലിക്കാനുള്ള അവരുടെ ആവശ്യം താൻ തള്ളിയെന്നും രാജിക്കത്ത് പങ്കുവെച്ചുകൊണ്ട് അനിൽ കുറിച്ചു.
കെ.പിസിസി ഡിജിറ്റൽ മീഡിയ കൺവീനർ , എ.ഐ.സി.സി മീഡിയ ആന്റ് ഡിജിറ്റൽ കമ്മ്യൂണിക്കേഷൻ സെൽ നാഷണൽ കോഓർഡിനേറ്റർ പദവികളില്‍ നിന്നാണ് അനില്‍ രാജിവെച്ചത്.
ഇന്ത്യൻ സ്ഥാപനങ്ങളെക്കാൾ ബി.ബി.സിയുടെയും ബ്രിട്ടീഷ് വിദേശകാര്യസെക്രട്ടറിയായിരുന്ന ജാക്ക് സ്ട്രോയുടെയും കാഴ്ചപ്പാടുകൾക്ക് പ്രാധാന്യം കൽപ്പിക്കുന്നത് നമ്മുടെ പരമാധികാരത്തെ ബാധിക്കുമെന്നായിരുന്നു അനിൽ കെ. ആന്റണി ഇന്നലെ ഡോക്യുമെന്‍ററിയെക്കുറിച്ച് ട്വീറ്റ് ചെയ്തത്.
''ബി.ജെ.പിയുമായി വലിയ അഭിപ്രായ വ്യത്യാസമുണ്ട്. എങ്കിലും നിരവധി മുൻവിധികളുള്ള ബ്രിട്ടന്റെ സ്പോൺസേർഡ് ചാനലായ ബി.ബി.സിയുടെയും ഇറാഖ് യുദ്ധത്തിന്റെ തലച്ചോറായ ജാക്ക് സ്ട്രോയുടെയും കാഴ്ചപ്പാടുകൾക്ക് ഇന്ത്യൻ സ്ഥാപനളെക്കാൾ മുൻതൂക്കം കൽപിക്കുന്നത് തെറ്റായ കീഴ്വഴക്കമാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. ഇത് നമ്മുടെ പരമാധികാരത്തെ ബാധിക്കും''-അനിൽ ട്വീറ്റ് ചെയ്തു.
ഇതിനെതിരെ കോൺഗ്രസിൽ നിന്ന് തന്നെ വലിയ പ്രതിഷേധമാണ് അനിൽ കെ ആന്റണിക്കെതിരെ ഉയർന്നത്. പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് നിരവധി പേർ രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് രാഷ്ട്രീയം അവസാനിപ്പിക്കുകയാണെന്ന് പറഞ്ഞ് അനിൽ കെ ആന്റണി ട്വീറ്റ് ചെയ്തത്. രാജിക്കത്ത് പങ്കുവെച്ചുകൊണ്ടാണ് രാജിവിവരം അറിയിച്ചത്.
ബി.ബി.സി ഡോക്യുമെന്ററി സംബന്ധിച്ച തന്റെ ട്വീറ്റിൽ വിശദീകരണവുമായി അനിൽ ആന്റണി രംഗത്തെത്തിയിരുന്നു. മീഡിയവൺ സ്‌പെഷ്യൽ എഡിഷനിലായിരുന്നു അനിലിന്റെ പ്രതികരണം പാർട്ടി താത്പര്യത്തെക്കാൾ രാജ്യതാത്പര്യമാണ് തനിക്ക് വലുതെന്ന് അദ്ദേഹം പറഞ്ഞു. ബി.ബി.സിയെക്കാൾ രാജ്യത്തെ സ്ഥാപനങ്ങളെയാണ് തനിക്ക് വിശ്വാസമെന്ന് അനിൽ പറഞ്ഞു. അതേസമയം ഗുജറാത്ത് കലാപത്തെക്കുറിച്ച് വ്യക്തമായ നിലപാട് പറയാൻ അദ്ദേഹം തയ്യാറായിരുന്നില്ല.
അതേസമയം, ബി.ബി.സി ഡോക്യുമെന്ററി വിവാദത്തിൽ കേന്ദ്രസർക്കാർ നിലപാടിനെ പിന്തുണച്ച അനിൽ ആന്റണിയെ കോൺഗ്രസും യൂത്ത് കോൺഗ്രസും തള്ളിയിരുന്നു. ഏതെങ്കിലും വ്യക്തികൾ നടത്തുന്ന പ്രസ്താവനകൾക്ക് പാർട്ടിയുമായി ബന്ധമില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞു. സംസ്ഥാനത്ത് ബി.ബി.സി ഡോക്യുമെന്ററി കെ.പി.സി.സി പ്രദർശിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അനിൽ ആന്റണിയുടെ നിലപാട് യൂത്ത് കോൺഗ്രസ് നിലപാടല്ലെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. അനിൽ ആന്റണിക്കെതിരെ നടപടിയെടുക്കണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി ആവശ്യപ്പെട്ടു. അനിലിന്റേത് പാർട്ടി നിലപാടല്ല. പാർട്ടി നിലപാട് രാഹുൽ ഗാന്ധി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്തുകൊണ്ടാണ് അനിൽ ഇങ്ങനെയൊരു നിലപാട് സ്വീകരിച്ചതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.