'നരേന്ദ്ര ഗൗതം ദാസ് മോദി'; അദാനി ബന്ധത്തിൽ പ്രധാനമന്ത്രിയെ പരിഹസിച്ച് കോൺഗ്രസ് നേതാവ്
|അദാനി- ഹിൻഡൻബർഗ് വിഷയത്തെക്കുറിച്ചുള്ള വാർത്താസമ്മേളനത്തിനിടെയായിരുന്നു ഖേരയുടെ പരാമർശം.
ന്യൂഡൽഹി: അദാനിയുടെ ഓഹരി തട്ടിപ്പ് സംബന്ധിച്ച ഹിൻഡൻബർഗ് റിപ്പോർട്ട് കത്തിനിൽക്കെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഗൗതം അദാനിയും തമ്മിലുള്ള ബന്ധത്തെ പരിഹസിച്ച് കോൺഗ്രസ്. മോദിയെ "നരേന്ദ്ര ഗൗതം ദാസ് മോദി" എന്ന് വിശേഷിപ്പിച്ചാണ് കോൺഗ്രസ് നേതാവ് പവൻ ഖേര രംഗത്തെത്തിയത്. അദാനി- ഹിൻഡൻബർഗ് വിഷയത്തെക്കുറിച്ചുള്ള വാർത്താസമ്മേളനത്തിനിടെയായിരുന്നു ഖേരയുടെ പരാമർശം.
"നരേന്ദ്ര ഗൗതം ദാസ് മോദി എന്ന പേരിന് എന്താണ് പ്രശ്‌നം?" അദ്ദേഹം ചോദിച്ചു. "ഗൗതം ദാസാണോ ദാമോദർ ദാസാണോ?. പ്രധാനമന്ത്രിയുടെ പ്രവൃത്തികൾ ഗൗതം ദാസിന് സമാനമാണ്"- അദ്ദേഹം പറഞ്ഞു. "ദാമോദർ ദാസാണോ ഗൗതം ദാസാണോ എന്ന് താൻ ശരിക്കും ആശയക്കുഴപ്പത്തിലായി" എന്ന് പിന്നീട് ഒരു ട്വീറ്റിലൂടെയും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഖേരയുടെ പ്രസ്താവനയിൽ വിമർശനവുമായി ബി.ജെ.പി രംഗത്തെത്തി. ഖേര പ്രധാനമന്ത്രിയുടെ പിതാവിനെ അപമാനിച്ചതായും പരാമർശം തികച്ചും വെറുപ്പുളവാക്കുന്നതാണെന്നും ബി.ജെ.പി നേതാവ് പ്രീതി ഗാന്ധി പ്രതികരിച്ചു. ഇതാദ്യമായല്ല പ്രധാനമന്ത്രിയെ കോൺഗ്രസ് ലക്ഷ്യമിടുന്നതെന്ന് ബി.ജെ.പി നേതാവ് അമിത് മാളവ്യ ആരോപിച്ചു.
"എളിയ പശ്ചാത്തലത്തിൽ നിന്നുള്ള ഒരാൾ ഇത്രയും ജനകീയ നേതാവായി ഉയർന്നത് അംഗീകരിക്കാൻ അവർക്ക് ഇപ്പോഴും കഴിഞ്ഞിട്ടില്ല. പാർട്ടിയിൽ ഇത്തരം ആളുകളെ ഗാന്ധിമാർ പ്രോത്സാഹിപ്പിക്കുന്നു" മാളവ്യ പറഞ്ഞു. എന്നാൽ വിമർശനത്തിന് മറുപടിയുമായി ഖേര രംഗത്തെത്തി.
നിങ്ങൾ രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രിയെയും ഞങ്ങളുടെ പൂർവികരേയും അപമാനിക്കുന്നു. എന്നാൽ പ്രധാനമന്ത്രിയുടെ പിതാവിനെ ഞങ്ങൾ അപമാനിച്ചിട്ടില്ല. അത്തരം മൂല്യങ്ങൾ ഞങ്ങൾക്കില്ല- കോൺഗ്രസ് മീഡിയ- പബ്ലിസിറ്റി വിഭാഗം ചെയർമാൻ കൂടിയായ ഖേര ട്വീറ്റ് ചെയ്തു.