India
ജിഹാദ് ഖുർആനിൽ മാത്രമല്ല ഗീതയിലുമുണ്ടെന്ന് കോൺ​ഗ്രസ് നേതാവ്; ശ്രീകൃഷ്ണൻ അർജുനനെ ജിഹാദിനെ കുറിച്ച് പഠിപ്പിച്ചു
India

ജിഹാദ് ഖുർആനിൽ മാത്രമല്ല ഗീതയിലുമുണ്ടെന്ന് കോൺ​ഗ്രസ് നേതാവ്; 'ശ്രീകൃഷ്ണൻ അർജുനനെ ജിഹാദിനെ കുറിച്ച് പഠിപ്പിച്ചു'

Web Desk
|
21 Oct 2022 7:07 AM GMT

ക്രിസ്തുമത ​ഗ്രന്ഥങ്ങളിലും ജിഹാദിന്‍റെ സന്ദേശം നൽകുന്നുണ്ട്.

ന്യൂഡൽഹി: ജിഹാദ് ഖുർആനിൽ മാത്രമല്ല, ഗീതയിലുമുണ്ടെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ ലോക്സഭ സ്പീക്കറുമായ ശിവരാജ് പാട്ടീൽ. മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മൊഹ്‌സിന കിദ്വായിയുടെ ജീവചരിത്രം പ്രകാശം ചെയ്യവെയാണ് പാട്ടീലിന്റെ പരാമർശം.

ഇസ്‌ലാമിലെ ജിഹാദിനെ കുറിച്ച് ധാരാളം ചർച്ചകൾ നടക്കുന്നുണ്ട്. എല്ലാ ശ്രമങ്ങൾക്കു ശേഷവും ആർക്കെങ്കിലും ശുദ്ധമായ ആശയം മനസിലാകുന്നില്ലെങ്കിൽ, അധികാരം ഉപയോഗിക്കാമെന്ന് ഖുർആനിലും ഗീതയിലും വ്യക്തമാക്കുന്നുണ്ട്. മഹാഭാരതത്തിലെ ഗീതയുടെ ഭാഗത്ത് ശ്രീകൃഷ്ണൻ അർജുനനെ ജിഹാദിനെ കുറിച്ച് പഠിപ്പിക്കുന്ന പാഠങ്ങളുണ്ടെന്നും ശിവരാജ് പാട്ടീൽ ചൂണ്ടിക്കാട്ടി.

ക്രിസ്തുമത ​ഗ്രന്ഥങ്ങളിലും ജിഹാദിന്‍റെ സന്ദേശം നൽകുന്നുണ്ട്. താൻ സമാധാനം സ്ഥാപിക്കാനല്ല ഇവിടെ വന്നതെന്നും വാളുമായി വന്നതാണെന്നും യേശു പറഞ്ഞിട്ടുണ്ടെന്നും ശിവരാജ് പാട്ടീൽ കൂട്ടിച്ചേർത്തു.

മുൻ ആഭ്യന്തര മന്ത്രി കൂടിയായ ശിവരാജ് പാട്ടീലിന്റെ പരാമർശം വിവാദമായിട്ടുണ്ട്. പാട്ടീലിന്‍റെ പരാമർശത്തെ പരിഹസിച്ച് ബി.ജെ.പി നേതാവ് ഷഹ്സാദ് പൂനാവാല രംഗത്തെത്തി. കോൺഗ്രസാണ് ഹിന്ദു ഭീകരവാദ സിദ്ധാന്തത്തിന് ജന്മം നൽകിയതെന്നും രാമക്ഷേത്രത്തെ എതിർത്തതെന്നും അതിന്റെ നിലനിൽപ്പിനെ ചോദ്യം ചെയ്തതെന്നും പൂനാവാല ട്വീറ്റ് ചെയ്തു.

ഹിന്ദുക്കളോടുള്ള കോൺഗ്രസിന്‍റെ വെറുപ്പ് യാദൃശ്ചികമല്ല. വോട്ട് ബാങ്കിന്‍റെ പരീക്ഷണമാണ്. ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുമ്പ് ബോധപൂർവമായ ധ്രുവീകരണത്തിനായി ഈ വിഷയം ഉന്നയിച്ചിട്ടുണ്ടെന്നും പൂനാവാല ആരോപിച്ചു.

Similar Posts