India
അസമില്‍ കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നഷ്ടമായി; വോട്ട് പാഴാക്കിയ എം.എല്‍.എയ്ക്ക് സസ്പെന്‍ഷന്‍
India

അസമില്‍ കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നഷ്ടമായി; വോട്ട് പാഴാക്കിയ എം.എല്‍.എയ്ക്ക് സസ്പെന്‍ഷന്‍

Web Desk
|
1 April 2022 5:11 AM GMT

രണ്ടു സീറ്റുകളും ബിജെപി സഖ്യം നേടി

ഗുവാഹത്തി: അസമില്‍ കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നഷ്ടമായി. രണ്ടു സീറ്റുകളും ബിജെപി സഖ്യം നേടി. വോട്ട് പാഴാക്കിയ എംഎല്‍എയെ കോണ്‍ഗ്രസ് സസ്പെന്‍ഡ് ചെയ്തു.

ഇന്നലെ രണ്ട് സീറ്റുകളിലാണ് അസമില്‍ തെരഞ്ഞെടുപ്പ് നടന്നത്. ബിജെപി സ്ഥാനാർഥിയായ പബിത്ര ഗൊഗോയ് ആദ്യ സീറ്റില്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. രണ്ടാമത്തെ സീറ്റില്‍ കോണ്‍ഗ്രസും ബിജെപിയുടെ സഖ്യകക്ഷിയായ യുണൈറ്റഡ് പീപ്പിൾസ് പാർട്ടി ലിബറലും (യുപിപിഎല്‍) തമ്മിലായിരുന്നു മത്സരം. യുപിപിഎല്‍ സ്ഥാനാര്‍ഥി റുങ്‌വ്ര നർസാരി, കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രിപുന്‍ ബോറയെയാണ് തോല്‍പ്പിച്ചത്.

126 അംഗ സഭയില്‍ ബിജെപി സഖ്യം 83 വോട്ട് നേടി. കോണ്‍ഗ്രസിന് 44 വോട്ട് നേടാനേ കഴിഞ്ഞുള്ളൂ. ഒരു കോണ്‍ഗ്രസ് എംഎല്‍എയുടെ വോട്ട് പാഴായെന്ന് ആരോപണം ഉയര്‍ന്നു. ബാലറ്റ് പേപ്പറിൽ '1' എന്നതിന് പകരം 'വണ്‍' എന്ന് എഴുതിയതോടയാണ് വോട്ട് പാഴായത്. കോൺഗ്രസ് എംഎൽഎയും മുൻ മന്ത്രിയുമായ സിദ്ദിഖ് അഹമ്മദിന്‍റെ വോട്ട് പാഴായതോടെ അദ്ദേഹത്തെ പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തു. സിദ്ദിഖ് അഹമ്മദ് ബോധപൂർവം വിപ്പ് ലംഘിച്ചെന്ന് കോൺഗ്രസ് പ്രസ്താവനയിൽ പറഞ്ഞു.

രണ്ട് രാജ്യസഭാ സീറ്റിലും ബിജെപി സഖ്യം വിജയിക്കുമെന്ന ആത്മവിശ്വാസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വശര്‍മ പ്രകടിപ്പിച്ചിരുന്നു. ഏഴ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിക്ക് വോട്ട് ചെയ്തു. കോൺഗ്രസ് എംഎൽഎമാരിൽ പലരും ഉടൻ ബിജെപിയിൽ ചേരുമെന്ന് മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ പ്രതികരിച്ചു.

Summary- The Congress has lost a Rajya Sabha seat to the BJP in Assam, where elections to two seats in the upper house of parliament took place on Thursday. The BJP won the other seat unopposed.

Related Tags :
Similar Posts