India
Madhya Pradesh election
India

ഐ.പി.എൽ ടീമും 25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസും: വാഗ്ദാനങ്ങളുമായി മധ്യപ്രദേശിൽ കോൺഗ്രസ് പ്രകടനപത്രിക

Web Desk
|
17 Oct 2023 10:47 AM GMT

106 പേജുളള പ്രകടനപത്രികയിൽ 59 വാ​ഗ്ദാനങ്ങളാണ് കോൺ​ഗ്രസ് നൽകുന്നത്. സ്ത്രീകളും കർഷകരും സർക്കാർ ഉദ്യോ​ഗസ്ഥരുമുൾപ്പെടെ സമൂ​ഹത്തിലെ എല്ലാ വിഭാ​ഗങ്ങളും പ്രകടനപത്രികയിൽ ഇടംപിടിച്ചിട്ടുണ്ട്.

ഭോപാല്‍: മധ്യപ്രദേശിൽ കോൺഗ്രസ് പ്രകടനപത്രിക പുറത്തിറക്കി. എല്ലാ ആളുകൾക്കും 25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയും നാരി സമ്മാൻ യോജന പദ്ധതിയിലൂടെ സ്ത്രീകൾക്ക് പ്രതിമാസം 1,500 രൂപ നൽകുമെന്നും പ്രകടനപത്രികയിൽ പറയുന്നു.

എട്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് 500 രൂപയും 11, 12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് 1,500 രൂപയും ക്യാഷ് ഇൻസെന്റീവ് നൽകും. കർഷകർക്ക് നിശ്ചിത മാസവരുമാനം, വിളകൾക്ക് മിനിമം താങ്ങുവില, സംസ്ഥാനത്തിന് ഒരു ഐ.പി.എൽ ടീംതുടങ്ങി നിരവധി വാഗ്ദാനങ്ങളാണ് പ്രകടനപത്രികയിലുളളത്. മുൻ മുഖ്യമന്ത്രിയും കോൺ​ഗ്രസ് അദ്ധ്യക്ഷനുമായ കമൽ നാഥ് ആണ് പ്രകടനപത്രിക പുറത്തിറക്കിയത്.

106 പേജുളള പ്രകടനപത്രികയിൽ 59 വാ​ഗ്ദാനങ്ങളാണ് കോൺ​ഗ്രസ് നൽകുന്നത്. സ്ത്രീകളും കർഷകരും സർക്കാർ ഉദ്യോ​ഗസ്ഥരുമുൾപ്പെടെ സമൂ​ഹത്തിലെ എല്ലാ വിഭാ​ഗങ്ങളും പ്രകടനപത്രികയിൽ ഇടംപിടിച്ചിട്ടുണ്ട്. 25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷക്ക് പുറമെ 10 ലക്ഷം രൂപയുടെ അപകട പരിരക്ഷ നൽകുമെന്നും പ്രകടനപത്രിക പുറത്തിറക്കികൊണ്ട് കമൽ നാഥ് പറഞ്ഞു.

തൊഴില്‍രഹിതരായ യുവാക്കള്‍ക്ക് രണ്ടു വര്‍ഷത്തേക്ക് പ്രതിമാസം 3000 രൂപ വരെ വേതനം, 500 രൂപയ്ക്ക് എല്‍പിജി സിലിണ്ടര്‍, സൗജന്യ സ്‌കൂള്‍ വിദ്യാഭ്യാസം, എന്നിവയാണ് മറ്റു പ്രധാന വാഗ്ദാനങ്ങള്‍. 230 അംഗ നിയമസഭയിലേക്ക് നവംബര്‍ 17നാണ് വോട്ടെടുപ്പ്. ഡിസംബര്‍ 3നാണ് വോട്ടെണ്ണല്‍. മധ്യപ്രദേശിൽ കോൺ​ഗ്രസ് ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടിരുന്നു. കമൽ നാഥ് ചിന്ദ്വാര നിയമസഭാ മണ്ഡലത്തിൽ മത്സരിക്കും.

Summary- Congress Manifesto For Madhya Pradesh: ₹ 25 Lakh Health Insurance For All, IPL team



Similar Posts