രാഹുൽ ഗാന്ധിക്ക് അയോഗ്യതാ ഭീഷണി; ഡൽഹിയിൽ ഇന്ന് പ്രതിഷേധ മാര്‍ച്ച്
|രാഹുൽ ഗാന്ധിക്കെതിരെ ലോക്സഭാ സെക്രട്ടറിയേറ്റ് ഉടൻ നടപടിയെടുക്കുമോ എന്നാണ് കോൺഗ്രസ് ഉറ്റുനോക്കുന്നത്
ഡല്‍ഹി: സൂറത്ത് കോടതി വിധിയിലൂടെ രാഹുൽ ഗാന്ധിയുടെ എംപി സ്ഥാനവും തുലാസിലായത് കോൺഗ്രസിൽ വലിയ പ്രതിസന്ധിയായി. മറ്റു പ്രതിപക്ഷ പാർട്ടികളെ കൂടി ഒപ്പം നിർത്താനാണ് കോൺഗ്രസ് നീക്കം. ഡൽഹിയിൽ ഇന്ന് പ്രതിഷേധ യോഗം സംഘടിപ്പിക്കും.
സൂറത്ത് കോടതി വിധിയോടെ അയോഗ്യതയിൽ കുടുങ്ങിയ രാഹുൽ ഗാന്ധിക്കെതിരെ ലോക്സഭാ സെക്രട്ടറിയേറ്റ് ഉടൻ നടപടിയെടുക്കുമോ എന്നാണ് കോൺഗ്രസ് ഉറ്റുനോക്കുന്നത്. 2013ലെ ലില്ലി തോമസ് വിധി മൂലമാണ് ശിക്ഷിക്കപ്പെടുന്ന ദിവസം തന്നെ സഭയിലെ അംഗത്വം നഷ്ടപ്പെടുന്നത്. ശിക്ഷ ഒരു മാസത്തേക്കു മരവിപ്പിച്ചിട്ടുണ്ടെങ്കിലും കുറ്റക്കാരനായി പ്രഖ്യാപിച്ചത് കൊണ്ടാണ് അയോഗ്യതയുടെ വാൾ രാഹുലിന് എതിരെ ഉയരുന്നത്.
ഹൈക്കോടതിയിൽ നിന്ന് സ്റ്റേ വാങ്ങാതെ രാഹുൽ ഗാന്ധി സഭയിൽ എത്തിയാൽ ബി.ജെ.പി എതിര്‍ക്കുമെന്നാണ് സൂചന. ശിക്ഷ നടപ്പാക്കാനും മേൽക്കോടതിയിൽ അപ്പീൽ നൽകാനും ഒരു മാസത്തെ സമയം അനുവദിച്ചിട്ടുണ്ടെങ്കിലും അപകീർത്തി കേസിൽ പരമാവധി ശിക്ഷയായ രണ്ടു വർഷവും പിഴയും ലഭിച്ചതാണ് രാഹുൽ ഗാന്ധിക്ക് തിരിച്ചടിയായത്. രാഹുൽ ഗാന്ധിക്കെതിരായ ബി.ജെ.പിയുടെ നീക്കം തുറന്നുകാട്ടി രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കാനാണ് കോൺഗ്രസ് നീക്കം. ഇന്ന് പതിനൊന്നരയോടെ വിജയ് ചൗക്കിലേക്കു പ്രതിഷേധ മാർച്ച് നടത്തും. പ്രശ്നത്തെ നിയമപരമായും രാഷ്‌ടീയപരമായും നേരിടാൻ തന്നെയാണ് കോൺഗ്രസ് നീക്കം.