അമേഠി,റായ്ബറേലി സീറ്റുകളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രഖ്യാപനം ഇന്നുണ്ടായേക്കും
|അമേഠി വിട്ട് രാഹുൽ ഗാന്ധി റായ്ബറേലിയിൽ മത്സരിച്ചേക്കും
ഡല്‍ഹി: അമേഠി,റായ്ബറേലി സീറ്റുകളിൽ കോൺഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും. അമേഠി വിട്ട് രാഹുൽ ഗാന്ധി റായ്ബറേലിയിൽ മത്സരിച്ചേക്കും. എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന നിലപാടിലാണ് ഇപ്പോഴും പ്രിയങ്ക ഗാന്ധി.രാഹുൽ ഗാന്ധി റായ് ബറേലിയിലേക്ക് മാറുകയാണെങ്കിൽ മുന്‍ കേന്ദ്രമന്ത്രിയും ഗവര്‍ണറുമായിരുന്ന ഷീല കൗളിന്‍റെ ചെറുമകൻ ആശിഷ് കൗളിന് അമേഠിയിൽ നറുക്ക് വീണേക്കും. മേയ് 20നാണ് അമേഠിയിലും റായ്ബറേലിയിലും തെരഞ്ഞെടുപ്പ് നടക്കുക.മേയ് 3നാണ് നാമനിർദേശ പത്രിക സമർപ്പിക്കുവാനുള്ള അവസാന ദിവസം.
അതേസമയം അസമിലെ ദുബ്രി ലോക്സഭ സ്ഥാനാർഥി റാഖിബുൽ ഹുസൈന്‍റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ഇന്ന് ദുബ്രിയിലെത്തും. 11 മണിക്ക് നടക്കുന്ന റാലിയിൽ അസമിലെ മുതിർന്ന കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ പങ്കെടുക്കും. സിറ്റിങ് എം.പി ബദറുദ്ദീൻ അജ്മലിന്‍റെ ഐഐയുഡിഎഫും കോൺഗ്രസും നേർക്ക് നേരെയാണ് മത്സരം. ബി.ജെ.പി നേരിട്ട് മത്സരരംഗത്ത് ഇറങ്ങാതെ സഖ്യകക്ഷിയായ അസോം ഗണപരിഷത്തിന്‍റെ സ്ഥാനാർഥി സബേദ് ഇസ്‌ലാം ആണ് മത്സരിക്കുന്നത്.
കോൺഗ്രസ് ജനറൽ സെക്രട്ടറി കൂടിയായ പ്രിയങ്ക, ഉത്തർപ്രദേശിൽ സജീവ തെരഞ്ഞെടുപ്പ് പ്രചാരണമാണ് നടത്തുന്നത്. അടുത്ത മൂന്ന് ദിവസങ്ങളില്‍ വിവിധ സംസ്ഥാനങ്ങളില്‍ പ്രചാരണത്തിനായി പ്രിയങ്കാ ഗാന്ധി പോകുന്നുമുണ്ട്. ബുധനാഴ്ച അസമിലും വ്യാഴാഴ്ച മധ്യപ്രദേശിലും ഛത്തീസ്ഗഡിലും മേയ് മൂന്നിന് ഉത്തർപ്രദേശിലും ഗുജറാത്തിലുമാണ് പ്രിയങ്കയുടെ തെരഞ്ഞെടുപ്പ് പ്രചാരണം. രാഹുൽ ഗാന്ധിയെ അമേഠിയിലും പ്രിയങ്കയെ റായ്ബറേലിയിലും മത്സരിപ്പിക്കണമെന്നാണ് ഉത്തർപ്രദേശ് കോൺഗ്രസ് പാർട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച് പാര്‍ട്ടിക്ക് ഔദ്യോഗികമായൊരു തീരുമാനത്തിലെത്താന്‍ ഇതുവരെ ആയിട്ടില്ല.