India
അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തോൽവി;കോൺഗ്രസ് പ്രവർത്തക സമിതി യോഗം ഇന്ന്
India

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തോൽവി;കോൺഗ്രസ് പ്രവർത്തക സമിതി യോഗം ഇന്ന്

Web Desk
|
13 March 2022 12:51 AM GMT

ജി 23 നേതാക്കളുടെ പ്രതിഷേധം കനക്കുന്നതായി തിരിച്ചറിഞ്ഞതോടെ സോണിയ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും രജിസന്നദ്ധത അറിയിച്ചതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു

അഞ്ച് സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിനു പിന്നാലെ കോൺഗ്രസ് പ്രവർത്തക സമിതി ഇന്ന് യോഗം ചേരും. കോൺഗ്രസിലെ തിരുത്തൽവാദികൾ നേതൃമാറ്റം ആവശ്യപ്പെട്ടുള്ള ചർച്ചകൾ കടുപ്പിക്കുന്നതിനിടയിലാണ് യോഗം തീരുമാനിച്ചിരിക്കുന്നത്. എ.ഐ.സി സി ആസ്ഥാനത്ത് ഇന്ന് വൈകിട്ട് നാലിനാണ് യോഗം. അഞ്ച് സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിനു പിന്നാലെ തിരുത്തൽ വാദികളുടെ സമ്മർദത്തിന്റെ ഫലമായിട്ടാണ് ഇന്ന് പ്രവർത്തക സമിതി യോഗം ചേരുന്നത്.

ജി 23 നേതാക്കളുടെ പ്രതിഷേധം കനക്കുന്നതായി തിരിച്ചറിഞ്ഞതോടെ സോണിയ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും രജിസന്നദ്ധത അറിയിച്ചതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.വാർത്ത അടിസ്ഥാന രഹിതമാണെന്ന് ചൂണ്ടിക്കാട്ടി ജനറൽ സെക്രട്ടറി റൺദീപ് സുർജേവാലയും പിന്നാലെയെത്തി.

പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ രണ്ടാമത്തെ തെരഞ്ഞെടുപ്പാണ് യുപിയിൽ നടന്നത്. കോൺഗ്രസിൽ ഔദ്യോഗിക പദവികളൊന്നുമില്ലെങ്കിലും മറ്റു നാല് സംസ്ഥാനങ്ങളിലെ തെരെഞ്ഞെടുപ്പിനു ചുക്കാൻ പിടിച്ചത് രാഹുൽ ഗാന്ധിയായിരുന്നു. രാഹുൽഗാന്ധിയുടെ വിശ്വസ്തനായ സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെ ജി 23 നേതാക്കൾ ഉന്നം വയ്ക്കുന്നുണ്ട്.

പ്രവർത്തക സമിതിയ്ക്ക് മുന്നോടിയായി ഇന്ന് രാവിലെ പത്തരയ്ക്ക് പാർലമെന്ററി നയരൂപീകരണ സമിതിയുടെ യോഗവും സോണിയ ഗാന്ധി വിളിച്ചു ചേർത്തിട്ടുണ്ട്. ജി 23 നേതാക്കളിൽ നിന്നും വർക്കിങ് പ്രസിഡന്റിനെ കണ്ടെത്തി പ്രശ്നം പരിഹരിക്കാനും ഹൈക്കമാൻഡ് താൽപ്പര്യപ്പെടുന്നുണ്ട്.



Related Tags :
Similar Posts