India
Congress MLAs responds need beef retort to Annamalais food offer
India

പ്രതിഷേധക്കാർക്ക് ഭക്ഷണം തരാമെന്ന് അണ്ണാമലൈ; ബീഫ് വേണമെന്ന് കോൺഗ്രസ്

Web Desk
|
25 May 2024 7:38 AM GMT

പുരി ജഗന്നാഥ ക്ഷേത്രത്തിലെ രത്‌ന ഭണ്ഡാരത്തിന്റെ കാണാതായ താക്കോൽ തമിഴ്‌നാട്ടിലുണ്ട് എന്ന മോദിയുടെ പരാമർശമാണ് വിവാദമായത്

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 'താക്കോൽ' പരാമർശത്തിൽ തമിഴ്‌നാട്ടിൽ വിവാദം മുറുകുന്നു. തമിഴ്‌നാട്ടിലെ ബിജെപി ആസ്ഥാനത്ത് പ്രതിഷേധം സംഘടിപ്പിക്കുമെന്നാണ് കോൺഗ്രസിന്റെ മുന്നറിയിപ്പ്. ഇതിന് ബിജെപി നേതാവ് അണ്ണാമലൈ നൽകിയ മറുപടി വലിയ വാക്‌പോരിന് തന്നെ വഴിവച്ചിട്ടുണ്ട്.

പുരി ജഗന്നാഥ ക്ഷേത്രത്തിലെ രത്‌ന ഭണ്ഡാരത്തിന്റെ കാണാതായ താക്കോൽ തമിഴ്‌നാട്ടിലുണ്ട് എന്നായിരുന്നു മോദിയുടെ വിവാദ പരാമർശം. ഒഡീഷയിൽ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ ആയിരുന്നു ഇത്. 2018ൽ താക്കോൽ കാണാതായ സംഭവം രാഷ്ട്രീയ പ്രചാരണത്തിന് ആയുധമാക്കുകയായിരുന്നു മോദി. ഭണ്ഡാരത്തിന്റെ താക്കോൽ ആറ് വർഷം മുമ്പ് തന്നെ തമിഴ്‌നാട്ടിലെത്തിയെന്ന് ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായികിന്റെ വിശ്വസ്തൻ വികെ പാണ്ഡ്യനെ ഉദ്ദേശിച്ചാണ് മോദി പറഞ്ഞത്. തമിഴ്‌നാട് സ്വദേശിയാണ് പാണ്ഡ്യൻ.

മോദിയുടെ പരാമർശം തമിഴ്‌നാട്ടിൽ വലിയ കോളിളക്കം സൃഷ്ടിക്കുക തന്നെ ചെയ്തു. ഡിഎംകെയിൽ നിന്നും കോൺഗ്രസിൽ നിന്നും പരാമർശത്തിനെതിരെ വ്യാപക വിമർശനങ്ങളുണ്ടായി. തുടർന്നാണ് ബിജെപി ആസ്ഥാനത്ത് പ്രതിഷേധം സംഘടിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ സെൽവപെരുന്തഗയ് രംഗത്തെത്തുന്നത്.

കോൺഗ്രസ് പ്രതിഷേധം നടത്തുന്നുണ്ടെങ്കിൽ ആ 10 പേർക്ക് തങ്ങൾ ഭക്ഷണമൊരുക്കും എന്നായിരുന്നു ഇതിന് അണ്ണാമലൈയുടെ മറുപടി. പ്രതിഷേധത്തിന്റെ സമയമറിയിച്ചാൽ ഭക്ഷണം ഏർപ്പാടാക്കമെന്നും ഡിഎംകെയും കോൺഗ്രസും എങ്ങനെയാണ് തമിഴ്‌നാട്ടിലെ ജനങ്ങളെ വഞ്ചിച്ചതെന്ന് ബുക്ക് അച്ചടിച്ച് നൽകാമെന്നും അണ്ണാമലൈ ട്വീറ്റ് ചെയ്യുകയും ചെയ്തു.

തുടർന്ന് ഇതിന് മറുപടിയായി കോൺഗ്രസിന്റെ ഇവികെഎസ് ഇളങ്കോവൻ രംഗത്തെത്തി. തങ്ങൾക്ക് ഭക്ഷണം ഒരുക്കുന്നുണ്ടെങ്കിൽ ബീഫ് വേണമെന്നായിരുന്നു ഇളങ്കോവന്റെ പ്രതികരണം. പ്രതിഷേധത്തിന്റെ സമയം രണ്ട് ദിവസം മുമ്പ് തന്നെ അറിയിക്കാമെന്നും ബീഫ് കരുതണമെന്നുമുള്ള ഇളങ്കോവന്റെ മറുപടിക്ക് ഇതുവരെ അണ്ണാമലൈ പ്രതികരിച്ചിട്ടില്ല.

താക്കോൽ പരാമർശത്തിലൂടെ മോദി തമിഴ്‌നാട്ടിലെ ജനങ്ങളെ കള്ളന്മാരെന്ന് വിളിച്ചു എന്നാണ് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ആഞ്ഞടിച്ചത്. തമിഴ്‌നാട്ടിലെത്തുമ്പോൾ ഇവിടുത്തെ ഭാഷയെയും സംസ്‌കാരത്തെയും പുകഴ്ത്തുന്ന മോദി, നോർത്തിൽ ചെല്ലുമ്പോൾ തമിഴ്‌നാടിനോട് വെറുപ്പ് കാട്ടുന്നുവെന്നും സ്റ്റാലിൻ വിമർശിച്ചിരുന്നു.

മോദിയുടെ പരാമർശം പ്രതിപക്ഷം തെറ്റായി വളച്ചൊടിക്കുകയാണെന്നും ബിജെപി അധികാരത്തിലെത്തിയാൽ പുരിയിലെ താക്കോൽ തിരിച്ച് കൊണ്ടുവരുമെന്നാണ് മോദി ഉദ്ദേശിച്ചതെന്നുമാണ് അണ്ണാമലൈ പറയുന്നത്.

Similar Posts