ഭാരത് ജോഡോ യാത്രക്കിടെ കോൺഗ്രസ് എം.പി കുഴഞ്ഞുവീണ് മരിച്ചു
|ജലന്ധർ എം.പി സന്ദോഖ് സിംഗ് ചൗധരി ആണ് മരിച്ചത്
ലുധിയാന: ഭാരത് ജോഡോ യാത്രക്കിടെ കോൺഗ്രസ് എം.പി കുഴഞ്ഞുവീണ് മരിച്ചു. ജലന്ധർ എം.പി സന്ദോഖ് സിംഗ് ചൗധരി ആണ് മരിച്ചത്. രാഹുൽ ഗാന്ധിയോടൊപ്പം നടക്കുമ്പോഴാണ് കുഴഞ്ഞുവീണത്. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക വിവരം. ഒരു ദിവസത്തെ വിശ്രമത്തിന് ശേഷം ലുധിയാനയിൽ യാത്ര പുനരാംഭിച്ചപ്പോഴാണ് കുഴഞ്ഞുവീണത്. ഉടനെ ലുധിയാനയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. തുടര്‍ച്ചയായി രണ്ടുവട്ടം എം.പിയായ അദ്ദേഹം മുന്‍ പഞ്ചാബ് മന്ത്രി കൂടിയാണ്. വിവരം അറിഞ്ഞ രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്ര നിര്‍ത്തി ആശുപത്രിയിലെത്തി.
സന്ദോഖ് സിംഗ് ചൗധരിയുടെ മരണത്തില്‍ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ അനുശോചനം രേഖപ്പെടുത്തി. ജലന്ധറിൽ നിന്നുള്ള കോൺഗ്രസ് പാർലമെന്റ് അംഗം സന്ദോഖ് സിംഗ് ചൗധരിയുടെ ആകസ്മിക മരണത്തിൽ അതിയായ ദുഃഖം രേഖപ്പെടുത്തുന്നു.. ദൈവം അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി നൽകട്ടെ," ഭഗവന്ത് മൻ ട്വീറ്റ് ചെയ്തു.
ലോക്സഭാ സ്പീക്കർ ഓം ബിർള ചൗധരിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. "ജലന്ധറിൽ നിന്നുള്ള ലോക്സഭാ എംപി ശ്രീ സന്തോഖ് സിംഗ് ജിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. നീണ്ട പൊതുജീവിതത്തിൽ പൊതുതാൽപ്പര്യമുള്ള വിഷയങ്ങളിൽ അദ്ദേഹം എപ്പോഴും വാചാലനായിരുന്നു. സഭയിലെ അച്ചടക്കം അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ പ്രത്യേകതയായിരുന്നു. പരേതനായ ആത്മാവിന് ദൈവം ശാന്തി നൽകട്ടെ. കുടുംബാംഗങ്ങൾക്ക് എന്റെ അനുശോചനം,' ഓം ബിർള ഹിന്ദിയിൽ ട്വീറ്റ് ചെയ്തു.
അതേസമയം, രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര 120 ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. പഞ്ചാബിൽ പര്യടനം തുടരുന്ന യാത്ര ജനുവരി 30 ന് ശ്രീനഗറിൽ സമാപിക്കും.