'മോദി മൗനവ്രതം അവസാനിപ്പിക്കണം'; ചോദ്യശരങ്ങളുമായി പ്രതിപക്ഷം-അവിശ്വാസപ്രമേയത്തിൽ ചർച്ച തുടങ്ങി
|''ഡൽഹി കലാപം ഉണ്ടായപ്പോഴും കർഷകരും കായിക താരങ്ങളും സമരം നടത്തിയപ്പോഴുമെല്ലാം മോദി മൗനം പാലിച്ചു. അദാനിയെ കുറിച്ചുള്ള രാഹുൽ ഗാന്ധിയുടെ ചോദ്യങ്ങളിൽ പോലും പ്രധാനമന്ത്രി മൗനത്തിലായിരുന്നു. മുൻ കശ്മീർ ഗവർണർ വെളിപ്പെടുത്തൽ നടത്തിയപ്പോഴും മൗനം പാലിച്ചു.''
ന്യൂഡൽഹി: മണിപ്പൂർ വിഷയത്തിൽ നരേന്ദ്ര മോദി സർക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയത്തിൽ ചർച്ചകൾക്കു തുടക്കംകുറിച്ച് കോൺഗ്രസ് എം.പി ഗൗരവ് ഗൊഗോയ്. മോദിക്കെതിരെ രൂക്ഷമായ ചോദ്യശരങ്ങളുമായായിരുന്നു ഗൊഗോയിയുടെ സംസാരം. എം.പി സ്ഥാനം തിരിച്ചുകിട്ടിയ രാഹുൽ ഗാന്ധി ചർച്ചയ്ക്കായി സഭയിലെത്തിയെങ്കിലും പ്രമേയത്തിൽ മറുപടി പറയേണ്ട പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതുവരെ ഹാജരായിട്ടില്ല.
മണിപ്പൂർ കത്തുന്നുണ്ടെങ്കിൽ രാജ്യവും കത്തുന്നുവെന്നാണ് അർത്ഥമെന്നു പറഞ്ഞുകൊണ്ടായിരുന്നു ഗൊരവ് ഗൊഗോയിയുടെ തുടക്കം. വിഷയത്തിൽ മോദിയുടെ മൗനവൃതം വെടിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തുടർന്നു പ്രധാനമന്ത്രിയോട് മൂന്നു ചോദ്യമുയർത്തി ഗൊഗോയ്:
1. എന്തുകൊണ്ട് മോദി മണിപ്പൂർ സന്ദർശിച്ചില്ല?
2. മൗനം വെടിയാൻ എന്തുകൊണ്ട് 80 ദിവസമെടുത്തു?
3. മണിപ്പൂർ മുഖ്യമന്ത്രിയെ എന്തുകൊണ്ട് മാറ്റുന്നില്ല?
മണിപ്പൂരിലെ ഡബിൾ എഞ്ചിൻ സർക്കാർ പരാജയമാണെന്നു സമ്മതിക്കേണ്ടിവരുമെന്നും അതിനാലാണ് പ്രധാനമന്ത്രിയുടെ ഇത്തരത്തിലുള്ള സമീപനമെന്നും ഗൊഗോയ് തുടർന്നു. കേന്ദ്ര ആഭ്യന്തര വകുപ്പ് പരാജയമാണെന്നു സമ്മതിക്കേണ്ടിവരുന്നതാണു പ്രധാനമന്ത്രി മൗനം പാലിക്കാനുള്ള രണ്ടാമത്തെ കാരണമെന്നും അദ്ദേഹം പറഞ്ഞു.
''ഏക ഇന്ത്യ എന്നു പറയുന്നവർ മണിപ്പൂരിനേ രണ്ടാക്കി മാറ്റി. വിഡിയോ വൈറൽ ആയില്ലായിരുന്നുവെങ്കിൽ പ്രധാനമന്ത്രി ഇപ്പോഴും മൗനം പാലിക്കുമായിരുന്നു. മോഷ്ടിക്കപ്പെട്ട ആയുധങ്ങൾ രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കും. വടക്ക് കിഴക്കൻ മേഖലയിൽ അശാന്തി സൃഷ്ടിക്കപ്പെടും. ഇത്രയും ആയുധങ്ങൾ എങ്ങനെ സംസ്ഥാനത്തെത്തിയെന്ന് മണിപ്പൂരിലെ ബി.ജെ.പി എം.എൽ.എമാർ പോലും ചോദിക്കുന്നുണ്ട്.
ആഭ്യന്തര മന്ത്രി രൂപീകരിച്ച സമിതി എത്ര തവണ യോഗം ചേർന്നു? വീണ്ടും വരാമെന്നു പറഞ്ഞുപോയ ആഭ്യന്തര മന്ത്രി പിന്നീട് എന്തുകൊണ്ട് വന്നില്ല? ഇന്റലിജൻസ് ഏജൻസികളുടെ പരാജയമാണ് മണിപ്പൂരിൽ കാണുന്നത്. മയക്കുമരുന്ന് മാഫിയ നേതാവിനെ മോചിപ്പിക്കാൻ മണിപ്പൂർ മുഖ്യമന്ത്രിയുടെ ഓഫിസ് പൊലീസിനോട് ആവശ്യപ്പെട്ടു. കിഴക്കൻ സംസ്ഥാനങ്ങളിൽ സമാധാനമാണ് വേണ്ടത്.''
ഇതാദ്യമായല്ല പ്രധാനമന്ത്രി ഇത്തരം ഘട്ടങ്ങളിൽ മൗനം പാലിക്കുന്നതെന്നും ഗൗരവ് ഗൊഗോയ് ചൂണ്ടിക്കാട്ടി. ഡൽഹി കലാപം ഉണ്ടായപ്പോഴും കർഷകരും കായിക താരങ്ങളും സമരം നടത്തിയപ്പോഴുമെല്ലാം അദ്ദേഹം മൗനം പാലിച്ചു. അദാനിയെ കുറിച്ചുള്ള രാഹുൽ ഗാന്ധിയുടെ ചോദ്യങ്ങളിൽ പോലും പ്രധാനമന്ത്രി മൗനത്തിലായിരുന്നു. മുൻ കശ്മീർ ഗവർണർ വെളിപ്പെടുത്തൽ നടത്തിയപ്പോഴും മൗനം പാലിച്ചു. പുൽവാമയിൽ സൈനികർക്കു വാഹനം ആവശ്യപ്പെട്ടിരുന്നുവെന്ന് മുൻ ഗവർണർ വ്യക്തമാക്കിയിരുന്നു. ഓക്‌സിജൻ കിട്ടാതെ കോവിഡ് കാലത്ത് ആളുകൾ മരിച്ചപ്പോൾ പ്രധാനമന്ത്രി ബംഗാളിൽ വോട്ട് ചോദിക്കുകയായിരുന്നുവെന്നും ഗൊഗോയ് ചൂണ്ടിക്കാട്ടി.
രാജീവ്ഗാന്ധി മുൻപ് സന്ദർശിച്ച സന്ദർഭം ഗൊഗോയ് ഓർമിപ്പിച്ചു. ''കോൺഗ്രസ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ചേർത്തുനിർത്താൻ ശ്രമിച്ചു. കൊക്രജാറിൽ സംഘർഷമുണ്ടായപ്പോൾ മൻമോഹൻ സിങ് സന്ദർശിച്ചു. ഗുജറാത്തിൽ സംഘർഷമുണ്ടായപ്പോൾ വാജ്‌പെയ് സന്ദർശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി എന്തുകൊണ്ട് സന്ദർശനം നടത്തുന്നില്ല? അദ്ദേഹം സഭയിൽ വരണമെന്ന് അഭ്യർത്ഥിക്കുകയാണ്.''
മണിപ്പൂരിലേക്ക് സർവകക്ഷി സംഘത്തെ അയക്കാൻ തയാറാണെങ്കിൽ ഞങ്ങളും വരാൻ ഒരുക്കമാണ്. എന്നാൽ, ഇതിനുപകരം ഇൻഡ്യ മുന്നണിയെ അപകീർത്തിപ്പെടുത്തുന്നതിൽ മാത്രമാണു സർക്കാരിനു ശ്രദ്ധ. പ്രധാനമന്ത്രി ഇന്ത്യൻ മുജാഹിദീനെ കുറിച്ച് സംസാരിക്കുമ്പോൾ ഞങ്ങൾ ഇന്ത്യൻ സൈന്യം, പൊലീസ് എന്നിവയെപ്പറ്റി സംസാരിക്കുന്നു. കോടീശ്വരന്മാരുടെ ക്ഷേമമാണ് ഈ സർക്കാർ ലക്ഷ്യംവയ്ക്കുന്നത്. പാവപ്പെട്ടവരെ പ്രധാനമന്ത്രി വഞ്ചിച്ചു. അവശ്യസാധനങ്ങളുടെ വില കുത്തനെ കൂടി. ജി.ഡി.പി വളർച്ചയെപ്പറ്റി ചന്തയിലെ വ്യാപാരികളോട് പറയൂവെന്നും കൈയിൽ പണമില്ലെന്ന് അവർ കണ്ണീരോടെ പറയുമെന്നും ഗൗരവ് ഗൊഗോയി കൂട്ടിച്ചേർത്തു.
നേരത്തെ, അവിശ്വാസ പ്രമേയത്തിൽ രാഹുൽ ഗാന്ധി ആദ്യം സംസാരിക്കുന്നതിനെ ഭരണപക്ഷം പരിഹസിച്ചു. ഇതു ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാക്കേറ്റത്തിലേക്കു നയിച്ചു. തുടർന്നായിരുന്നു അവിശ്വാസ പ്രമേയത്തിൽ ചർച്ച ആരംഭിച്ച് ഗൗരവ് ഗൊഗോയി സംസാരം ആരംഭിച്ചത്.
12 മണിക്കൂർ നീണ്ടുനിൽക്കുന്ന ചർച്ചയിൽ 6.41 മണിക്കൂർ ബി.ജെ.പിക്കും കോൺഗ്രസിന് 1.15 മണിക്കൂറുമാണ് അനുവദിച്ചിരിക്കുന്നത്. ഇന്നും നാളെയുമായായിരിക്കും ചർച്ച പുരോഗമിക്കുക. പത്തിന് പ്രധാനമന്ത്രി മറുപടി പറയുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.
Summary: 'Modi must break his maun vrat'; Congress MP Gaurav Gogoi initiates discussions on no-confidence motion on Manipur issue