'അവർ ഗാന്ധി കുടുംബത്തിൽ അംഗമല്ല'; പ്രിയങ്ക പാർട്ടി പ്രസിഡന്റാവണമെന്ന് കോൺഗ്രസ് എംപി
|രാജസ്ഥാനിലെ രാഷ്ട്രീയ നാടകങ്ങളെത്തുടർന്ന് കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് സങ്കീർണമായ സാഹചര്യത്തിലാണ് കോൺഗ്രസ് എംപിയായ അബ്ദുൽ ഖലീകിന്റെ ട്വീറ്റ്
ന്യൂഡൽഹി: രാഹുൽ ഗാന്ധി വിസമ്മതം അറിയിച്ച സാഹചര്യത്തിൽ പ്രിയങ്കാ ഗാന്ധി പാർട്ടി അധ്യക്ഷയാകണമെന്ന് കോൺഗ്രസ് എം.പിയായ അബ്ദുൽ ഖലീക്. വാദ്ര കുടുംബത്തിലെ മരുമകളായതിനാൽ ഭാരതീയ പാരമ്പര്യമനുസരിച്ച് പ്രിയങ്ക ഗാന്ധി കുടുംബത്തിൽ അംഗമല്ലെന്നും അവർക്ക് പ്രസിഡന്റാകാമെന്നും ഖലീക് ട്വീറ്റ് ചെയ്തു. ഗാന്ധി കുടുംബത്തിൽനിന്ന് ആരും പ്രസിഡന്റാകാനില്ലെന്ന് അവർ നേരത്തെ വ്യക്തമാക്കിയിരുന്നു.
അതേസമയം കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് കൂടുതൽ സങ്കീർണമാവുകയാണ്. രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ അശോക് ഗെഹ്ലോട്ടിന് പകരം മറ്റു നേതാക്കളെ പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കാനാണ് ഹൈക്കമാൻഡ് ആലോചിക്കുന്നത്. ദിഗ്വിജയ് സിങ് മത്സരിക്കുമെന്നാണ് ഏറ്റവും ഒടുവിൽ വരുന്ന റിപ്പോർട്ട്. അദ്ദേഹം ഇന്ന് രാത്രി ഡൽഹിയിലെത്തും.
എ.കെ ആന്റണി വൈകീട്ട് സോണിയാ ഗാന്ധിയുമായി ചർച്ച നടത്തി. ഇന്നലെയാണ് സോണിയ ആന്റണിയെ ഡൽഹിയിലേക്ക് വിളിപ്പിച്ചത്. സോണിയയുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെ ആന്റണി പവൻ കുമാർ ബൻസലുമായി ചർച്ച നടത്തി. ബൻസൽ കഴിഞ്ഞ ദിവസം നാമനിർദേശ പത്രിക വാങ്ങിയതിനെ തുടർന്ന് അദ്ദേഹം മത്സരിക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാൽ താൻ മത്സരത്തിനില്ലെന്നും മറ്റൊരാൾക്ക് വേണ്ടിയാണ് നാമനിർദേശ പത്രിക വാങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.