India
Nyay Yatra, Har Ghar Tiranga
India

കോൺഗ്രസിന്റെ ന്യായ് യാത്ര, ബി.ജെ.പിയുടെ തിരംഗ യാത്ര: ഗുജറാത്തിൽ നേർക്കുനേർ 'പോരാട്ടം'

Web Desk
|
11 Aug 2024 7:00 AM GMT

'എഴുതിവെച്ചോളൂ, ഇത്തവണ ഗുജറാത്തിൽ ബി.ജെ.പിയെ 'ഇൻഡ്യ' സഖ്യം പരാജയപ്പെടുത്തും' എന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവന കോൺഗ്രസ് പ്രവർത്തകരെ ആവേശത്തിലാക്കിയിരുന്നു

അഹമ്മദാബാദ്: ഗുജറാത്തിൽ കോൺഗ്രസിന്റെ ന്യായ് യാത്രയെ 'നേരിടാന്‍' ബി.ജെ.പിയുടെ തിരംഗ യാത്ര. ന്യായ് യാത്രക്ക് മറുപടി കൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ബി.ജെ.പി തിരംഗ യാത്രയെ കൊണ്ടുപോകുന്നത്. രാഹുൽ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖര്‍ഗെയടക്കമുള്ള പ്രമുഖ നേതാക്കാൾ ന്യായ് യാത്രയുടെ ഭാഗമാകുമെന്ന റിപ്പോർട്ടുകൾ ബി.ജെ.പിയെ അങ്കലാപ്പിലാക്കിയിട്ടുണ്ട്.

രാഷ്ട്രീയ തന്ത്രമെന്ന നിലയിലാണ് പാര്‍ട്ടികളുടെ യാത്രകളെ വിലയിരുത്തുന്നത്. രാജ്‌കോട്ട് തീപിടിത്തം, മോർബി പാലം തകർച്ച, 27 പേരുടെ മരണത്തിനിടയാക്കിയ ടി.ആർ.പി ഗെയിം സോൺ തീപിടിത്തം തുടങ്ങിയ സമീപകാല ദുരന്തങ്ങളിലെ ഇരകൾക്ക് നീതി വാദിച്ചുകൊണ്ടാണ് കോണ്‍ഗ്രസിന്റെ രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന ന്യായ് യാത്ര. ഒപ്പം സംസ്ഥാനത്തെ രാഷ്ട്രീയ സ്വാധീനം വർദ്ധിപ്പിക്കാനും നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാനും കോണ്‍ഗ്രസ് ശ്രമിക്കുന്നുണ്ട്. വെള്ളിയാഴ്ച സൗരാഷ്ട്രയിലെ മോർബിയിൽ നിന്നാണ് കോണ്‍ഗ്രസിന്റെ ന്യായ് യാത്ര ആരംഭിച്ചത്.

സംസ്ഥാനത്തെ അഴിമതി, കള്ളപ്പണം, വ്യാജ ഉദ്യോഗസ്ഥരുടെ വ്യാപനം തുടങ്ങിയ വിഷയങ്ങളും കോണ്‍ഗ്രസ് ഉയര്‍ത്തും. അതേസമയം കോണ്‍ഗ്രസിന്റെ യാത്രക്കെതിരെ ബി.ജെ.പി രംഗത്ത് എത്തി. സംസ്ഥാനത്തെ സമാധാനം തകര്‍ക്കാനാണ് കോണ്‍ഗ്രസിന്റെ പരിപാടിയെന്നായിരുന്നു ഗുജറാത്ത് മുൻ ഉപമുഖ്യമന്ത്രികൂടിയായ നിതിൻ പട്ടേലിന്റെ വിമര്‍ശം.

2027ലെ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവനയും അതിന തുടർന്നുണ്ടായ കോൺഗ്രസ് പ്രവർത്തകരുടെ ആവേശവും പ്രയോജനപ്പെടുത്താനാണ് കോണ്‍ഗ്രസ് യാത്രയ്ക്ക് പദ്ധതിയിട്ടത്.

''എഴുതിവെച്ചോളൂ, ഇത്തവണ ഗുജറാത്തിൽ ബി.ജെ.പിയെ 'ഇൻഡ്യ' സഖ്യം പരാജയപ്പെടുത്തും'' എന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആവേശത്തിലാക്കിയിരുന്നു. പ്രതിപക്ഷ നേതാവെന്ന നിലയിൽ ലോക്‌സഭയിൽ കത്തിക്കയറിയപ്പോഴായിരുന്നു ആത്മവിശ്വാസത്തോടെയുള്ള രാഹുൽ ഗാന്ധിയുടെ വാക്കുകള്‍.

അതേസമയം സ്വാതന്ത്ര്യദിനത്തിന്റെ ചുവട്പിടിച്ചാണ് ബി.ജെപിയുടെ തിരംഗ യാത്ര. ‘ഹർ ഘർ തിരംഗ’എന്ന ക്യാമ്പയിനിന്റെ ഭാഗം കൂടിയാണിത്. രാജ്യവ്യാപകമായി ബി.ജെ.പി യാത്ര സംഘടിപ്പിക്കുന്നുണ്ട്.

"രാജ്യത്തെ എല്ലാ വീടുകളിലും എത്തിച്ചേരുക, ദേശസ്നേഹവും ദേശീയ അഭിമാനവും വളർത്തുക" എന്നതാണ് തിരംഗ യാത്രയുടെ ലക്ഷ്യം. ഗുജറാത്തിലെ നാല് പ്രധാന നഗരങ്ങളായ രാജ്‌കോട്ട്, അഹമ്മദാബാദ്, സൂറത്ത്, വഡോദര എന്നിവിടങ്ങളിലാണ് പ്രധാന പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. കോണ്‍ഗ്രസിനെ ലക്ഷ്യമിട്ടാണ് നാല് പ്രധാന നഗരങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. രാജ്കോട്ടിലെ പരിപാടിക്ക് കോണ്‍ഗ്രസും ഒരുങ്ങിത്തന്നെയാണ്.

ദേശീയത ഉയർത്തിപ്പിടിച്ച് കോൺഗ്രസിൻ്റെ രാഷ്ട്രീയത്തെ എതിര്‍ക്കാം എന്നാണ് ബി.ജെ.പി കണക്കുകൂട്ടുന്നത്. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെപി നദ്ദ, കേന്ദ്ര മന്ത്രി സി.ആർ പാട്ടീൽ തുടങ്ങിയ പ്രമുഖർ യാത്രക്ക് തുടക്കമിട്ട ചടങ്ങിൽ പങ്കെടുത്തിരുന്നു. കോൺഗ്രസിന്റെ നേതാക്കളെ വ്യാജ രാജ്യസ്‌നേഹികൾ എന്ന് വിളിച്ചാണ് ജെ.പി നദ്ദ ചടങ്ങില്‍ സംസാരിച്ചത് തന്നെ.

Similar Posts