കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്: ശശി തരൂരിന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകിയെന്ന് മിസ്ത്രി
|കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം മറ്റന്നാൾ ഇറങ്ങാനിരിക്കെ വോട്ടർ പട്ടിക പരിശോധിക്കാനായി ശശി തരൂർ എഐസിസി ആസ്ഥാനത്തെത്തിയിരുന്നു
ന്യൂഡൽഹി: ശശിതരൂരിനായി കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് പ്രക്രിയ വിശദീകരിച്ച് നൽകിയെന്ന് തെരഞ്ഞെടുപ്പ് അതോറിറ്റി ചെയർമാൻ മധുസൂദനൻ മിസ്ത്രി. തെരഞ്ഞെടുപ്പിനുള്ള ഫോം പൂരിപ്പിക്കുന്നത് അടക്കം ചർച്ചചെയ്തു. ഭാരത് ജോഡോ യാത്രയിൽ പ്രത്യേക ബൂത്തുകൾ ഉണ്ടാകില്ലെന്നും രാഹുൽ അടക്കമുള്ള യാത്രാ അംഗങ്ങൾക്ക് പോസ്റ്റൽ വോട്ടിന് അവസരം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം മറ്റന്നാൾ ഇറങ്ങാനിരിക്കെ വോട്ടർ പട്ടിക പരിശോധിക്കാനായി ശശി തരൂർ എഐസിസി ആസ്ഥാനത്തെത്തിയിരുന്നു. രാഹുൽ ഗാന്ധി അധ്യക്ഷനാകാനില്ലെങ്കിൽ സോണിയ ഗാന്ധി തുടരണം എന്ന നിർദേശമാണ് ശശി തരൂർ മുന്നോട്ട്‌വെച്ചത്. ഗാന്ധി കുടുംബത്തിൽ നിന്ന് ആരുമില്ലെങ്കിൽ മത്സരിക്കും എന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് തരൂർ. തരൂരിന്റെ നീക്കങ്ങൾ നിരീക്ഷിക്കുകയാണെന്നും ഔദ്യോഗിക പിന്തുണയുണ്ടാവില്ലെന്നും എഐസിസി വൃത്തങ്ങൾ വ്യക്തമാക്കി. തിങ്കളാഴ്ച സോണിയ ഗാന്ധിയെ കണ്ട് നിലപാടറയിച്ച ശശി തരൂർ തൽക്കാലം മൗനത്തിലാണ്.
സോണിയ ഗാന്ധിയെ കണ്ടപ്പോൾ തരൂർ മൂന്ന് നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ചുവെന്നാണ് പാർട്ടി വൃത്തങ്ങളുടെ വിശദീകരണം. രാഹുൽ ഗാന്ധി അധ്യക്ഷനാകുക, രാഹുൽ തയ്യാറല്ലെങ്കിൽ പ്രിയങ്ക ഗാന്ധി ഇതേറ്റെടുക്കണം. രണ്ട് പേരും തയ്യാറല്ലെങ്കിൽ സോണിയ ഗാന്ധി ഈ സ്ഥാനത്ത് തുടരണം തുടങ്ങിയവയാണ് ശശി തരൂരിന്റെ നിർദേശങ്ങൾ. എന്നാൽ തനിക്ക് തുടരാനാവില്ലെന്ന നിലപാടാണ് സോണിയ ഗാന്ധി അറിയിച്ചത്.