ബാലറ്റിൽ പേരിന് നേരെ ടിക്ക്; തരൂരിന്റെ ആവശ്യം അംഗീകരിച്ചു
|നമ്പറിന് പകരം ടിക്ക് നൽകിയാൽ മതിയെന്ന് തെരഞ്ഞെടുപ്പ് ചുമതലയുള്ള മധുസൂദന്‍ മിസ്ത്രി വ്യക്തമാക്കി.
ഡൽഹി: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്ന രീതി മാറ്റണമെന്ന ശശി തരൂരിന്റെ ആവശ്യം അംഗീകരിച്ചു. വോട്ട് രേഖപ്പെടുത്തുന്ന ബാലറ്റിൽ സ്ഥാനാർഥിയുടെ പേരിന് നേരെ ഒന്ന് എന്ന് എഴുതുന്നത് മാറ്റി ടിക്മാർക്ക് നൽകണമെന്നായിരുന്നു തരൂരിന്റെ ആവശ്യം. ഇതാണ് അംഗീകരിച്ചത്. നമ്പറിന് പകരം ടിക്ക് നൽകിയാൽ മതിയെന്ന് തെരഞ്ഞെടുപ്പ് ചുമതലയുള്ള മധുസൂദന്‍ മിസ്ത്രി വ്യക്തമാക്കി.
വോട്ട് നൽകാൻ ആഗ്രഹിക്കുന്ന സ്ഥാനാർത്ഥിയുടെ നേർക്ക് ഒന്ന് എന്നെഴുതണമെന്നായിരുന്നു തെരഞ്ഞെടുപ്പ് സമിതി നിർദ്ദേശം നല്‍കിയിരുന്നത്. ഗുണന ചിഹ്നമോ, ശരി മാർക്കോ ഇട്ടാൽ വോട്ട് അസാധുവാകും. ഒന്ന് എന്നെഴുതുന്നത് ആശയക്കുഴപ്പമുണ്ടാക്കുമെന്നായിരുന്നു തരൂരിന്റെ പരാതി. ബാലറ്റ് പേപ്പറിൽ ആദ്യം പേരുള്ള ഖർഗെക്ക് വോട്ട് ചെയ്യാനുള്ള സന്ദേശമാണിതെന്നും തരൂർ കുറ്റപ്പെടുത്തി. ഈ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് സമിതി തീരുമാനം തിരുത്തിയത്. നേരത്തേ വോട്ടേഴ്സ് ലിസ്റ്റില്‍ പേരുള്ളവരുടെ മേല്‍വിലാസം ലഭ്യമല്ലെന്ന തരൂരിന്‍റെ പരാതി തെരഞ്ഞെടുപ്പ് സമിതി തള്ളിയിരുന്നു
കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് നാളെ നടക്കും. രാവിലെ പത്ത് മണി മുതല്‍ വൈകീട്ട് നാല് വരെയാണ് വോട്ടെടുപ്പ് . എഐസിസികളിലും പിസിസികളിലുമായി 67 ബൂത്തുകള്‍ തയ്യാറാക്കിയിട്ടുണ്ട്. ബുധനാഴ്ച വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും.
രണ്ട് പതിറ്റാണ്ടിനിപ്പുറം നടക്കുന്ന തെരഞ്ഞെടുപ്പിന് പ്രത്യേകതകള്‍ ഏറെയാണ്. ഗാന്ധി കുടംബമല്ലാതെ ആര് നിന്നാലും മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ഖര്‍ഗയെ നേരിടാന്‍ തരൂര്‍ എത്തി. ഔദ്യോഗിക സ്ഥാനാര്‍ത്ഥിയല്ല മല്ലികാര്‍ജ്ജന്‍ ഖര്‍ഗെയെന്ന് നേതൃത്വം ആവര്‍ത്തിച്ചെങ്കിലും പാര്‍ട്ടി സംവിധാനങ്ങള്‍ മുഴുവനും ഖര്‍ഗെക്ക് പിന്നില്‍ തന്നെയാണ്.