9,000ത്തിലധികം വോട്ടർമാർ; കോൺഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുക്കാൻ വൻ ക്രമീകരണങ്ങൾ
|ശശി തരൂർ അധ്യക്ഷനാകാന്‍ താല്‍പര്യം അറിയിച്ചതായുള്ള വാർത്തകൾ വന്നിരുന്നെങ്കിലും അദ്ദേഹം മത്സരിക്കില്ലെന്നാണ് പുതിയ വിവരം
ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് ക്രമീകരണങ്ങൾ പുരോഗമിക്കുന്നു. വോട്ടർമാരുടെ തിരിച്ചറിയൽ കാർഡ് തയാറാക്കുന്ന നടപടികൾ അന്തിമഘട്ടത്തിലാണ്. തെരഞ്ഞെടുപ്പ് വിജ്ഞാപനം ഈ മാസം 22നു പുറത്തിറങ്ങും.
തെരഞ്ഞെടുപ്പ് അതോറിറ്റി ചെയർമാൻ മധുസൂദനൻ മിസ്ത്രിയാണ് കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് നടപടികൾക്കു മേൽനോട്ടം വഹിക്കുന്നത്. വോട്ടർമാർക്ക് ക്യു.ആർ കോഡോട് കൂടിയ ലാമിനേറ്റ് ചെയ്ത തിരിച്ചറിയൽ കാർഡുകളാണ് വിതരണം ചെയ്യാൻ ഒരുങ്ങുന്നത്. 9,000ത്തിലധികം വോട്ടർമാർ അടങ്ങുന്നതാണ് വോട്ടർപട്ടിക.
വോട്ടർപട്ടിക തയാറായെങ്കിലും ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ല. പട്ടിക പരസ്യപ്പെടുത്തണമെന്ന ആവശ്യം ശശി തരൂർ, മനീഷ് തിവാരി തുടങ്ങിയ ജി23 നേതാക്കളും കാർത്തി ചിദംബരം അടക്കമുള്ള മറ്റു നേതാക്കളും ആവശ്യപ്പെട്ടിരുന്നു. സ്ഥാനാർത്ഥികൾക്ക് വോട്ടർപട്ടിക നേരിട്ടു പരിശോധിക്കാൻ ഈ മാസം 20 മുതൽ എ.ഐ.സി.സി ആസ്ഥാനത്ത് സൗകര്യം ഒരുക്കുമെന്നാണ് നേതൃത്വം നൽകുന്ന വിശദീകരണം. പി.സി.സികളിലും വോട്ടർപട്ടിക പരിശോധിക്കാൻ അവസരം ഉണ്ടാകും.
അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കാൻ വോട്ടവകാശമുള്ള 10 പേരുടെ പിന്തുണ വേണം. അതേസമയം, ആരൊക്കെ മത്സരരംഗത്തുണ്ടാകുമെന്ന കാര്യത്തിൽ ഇനിയും വ്യക്തതയില്ല. രാഹുൽ ഗാന്ധി മത്സരരംഗത്തില്ലാത്ത സാഹചര്യത്തിൽ അശോക് ഗെഹ്ലോട്ട്, മുകുൾ വാസ്‌നിക്, മല്ലികാർജുൻ ഖാർഗെ എന്നിവരുടെ പേരുകളാണ് സജീവ പരിഗണനയിലുള്ളത്. തരൂർ അധ്യക്ഷനാകാനുള്ള സന്നദ്ധത അറിയിച്ചതായുള്ള വാർത്തകൾ വന്നിരുന്നെങ്കിലും അദ്ദേഹം മത്സരിക്കില്ലെന്നാണ് പുതിയ വിവരം.
നാമനിർദേശ പത്രിക സമർപ്പണം ഈ മാസം 24 മുതൽ 30 വരെയാണ്. ഒന്നിലധികം സ്ഥാനാർത്ഥികൾ മത്സരരംഗത്തുണ്ടെങ്കിൽ അടുത്ത മാസം 17ന് വേട്ടെടുപ്പ് നടക്കും. പി.സി.സി ആസ്ഥാനങ്ങളിലും എ.ഐ.സി.സിയിലും വോട്ട് ചെയ്യാൻ ക്രമീകരണമൊരുക്കും. 19നാണ് വോട്ടെണ്ണൽ. പുതിയ അധ്യക്ഷനെ അന്നുതന്നെ അറിയാൻ കഴിയും.
Summary: Arrangements for the election of the Congress President are in progress as the process of preparing the voter's identity card is in the final stage