രാഹുൽഗാന്ധിയുടെ ലോക്സഭാംഗത്വം നേടിയെടുക്കാൻ സമ്മർദം ശക്തമാക്കി കോൺഗ്രസ്; നാളെയും നോട്ടിഫിക്കേഷൻ ഇറക്കിയില്ലെങ്കിൽ കോടതിയിലേക്ക്
|സ്റ്റേ നൽകിയ സുപ്രിംകോടതി രേഖകൾ സ്പീക്കർ നേരിട്ട് കൈപ്പറ്റാത്തതിൽ കോൺഗ്രസ് പ്രതിഷേധം ശക്തമാക്കി
ന്യൂഡല്‍ഹി: രാഹുൽ ഗാന്ധിക്ക് ലോക്സഭാംഗത്വം തിരികെ നൽകുന്നതിൽ കോൺഗ്രസ് സമ്മർദം ശക്തമാക്കി. തിങ്കളാഴ്ച നോട്ടിഫിക്കേഷൻ ഇറക്കിയില്ലെങ്കിൽ സുപ്രിംകോടതിയെ സമീപിക്കും. ലോക്സഭാ സെക്രട്ടറിയേറ്റാണ് അംഗത്വം പുനഃസ്ഥാപിച്ചു ഉത്തരവിറക്കേണ്ടത്. സൂറത്ത് സെഷൻ കോടതിയിൽ രാഹുൽ ഗാന്ധിയുടെ അപ്പീൽ നടപടികൾ ആരംഭിക്കാനിരിക്കെയാണ്, ലോക്സഭാംഗത്വം തിരികെ നേടിയെടുക്കാൻ കോൺഗ്രസ് സർവ ശക്തിയും ഉപയോഗിക്കുന്നത്.
21 -ാം തീയതിയാണ് അപ്പീലിൽ കോടതി നടപടി തുടങ്ങുക. സെഷൻ കോടതിയിൽ തിരിച്ചടി ഉണ്ടായാൽ നിലവിൽ സുപ്രിംകോടതിയിൽ നിന്നും ലഭിച്ച സ്റ്റേ ആനുകൂല്യം ഇല്ലാതാകും. തിങ്കളാഴ്ച തന്നെ ലോക്സഭയിൽ തിരിച്ചെത്താൻ കഴിഞ്ഞാൽ ചൊവ്വാഴ്ച മുതൽ ആരംഭിക്കുന്ന അവിശ്വാസ പ്രമേയ ചർച്ചയിൽ കോൺഗ്രസിനെ പ്രതിനിധീകരിച്ചു രാഹുൽ ഗാന്ധിക്ക് സംസാരിക്കാൻ കഴിയും.
മണിപ്പൂർ സന്ദർശിച്ചപ്പോൾ നേരിട്ട് കണ്ട അനുഭവങ്ങളും,സംഘർഷം തടയുന്നതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടതിനെ കുറച്ചും രഹുൽഗാന്ധി സംസാരിക്കും. ലോക് സഭയിൽ അംഗത്വം നൽകാൻ വൈകിയാൽ പ്രത്യേക അനുമതി ഹരജിയിലൂടെ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ ശ്രദ്ധയിൽ പെടുത്താനാണ് രാഹുൽഗാന്ധിയുടെ തീരുമാനം. സ്റ്റേ നൽകിയ സുപ്രിംകോടതി രേഖകൾ സ്പീക്കർ നേരിട്ട് കൈപ്പറ്റാത്തതിൽ കോൺഗ്രസ് പ്രതിഷേധം ശക്തമാക്കി.