രാജ്യസഭാ തെരഞ്ഞെടുപ്പ്: കോൺഗ്രസ് ആദ്യഘട്ട സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
|ഛത്തീസ്ഗഡ്, ഹരിയാന, കർണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാൻ, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് 10 സ്ഥാനാർത്ഥികളെ കോൺഗ്രസ് തീരുമാനിച്ചത്.
ന്യൂഡൽഹി: രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക കോൺഗ്രസ് പുറത്തിറക്കി. തിരുത്തൽവാദി നേതാക്കളെ വെട്ടിയാണ് ഏഴ് സംസ്ഥാനങ്ങളിൽ നിന്നുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. തർക്കം തുടരുന്ന ജാർഖണ്ഡിലെ സ്ഥാനാർത്ഥിയെ തീരുമാനിക്കാതെയാണ് ആദ്യഘട്ട പട്ടിക പുറത്തിറക്കിയത്. 50 വയസിനു താഴെയുള്ളവരിൽ രണ്ടുപേർ മാത്രമാണ് പട്ടികയിലുള്ളത്.
ഛത്തീസ്ഗഡ്, ഹരിയാന, കർണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാൻ, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് 10 സ്ഥാനാർത്ഥികളെ കോൺഗ്രസ് തീരുമാനിച്ചത്. തിരുത്തൽവാദി നേതാക്കളിൽ നിന്ന് മുകുൾ വാസ്നിക്, വിവേക് തൻഹ എന്നിവർക്ക് അവസരം ലഭിച്ചപ്പോൾ ഗുലാം നബി ആസാദ്, ആനന്ദ് ശർമ, എന്നിവരെ ഹൈക്കമാൻഡ് ആദ്യഘട്ട പട്ടികയിൽ പരിഗണിച്ചില്ല. തമിഴ്നാട്ടിൽ നിന്നുള്ള സ്ഥാനാർത്ഥിയായി പി. ചിദംബരത്തെ തന്നെ കോൺഗ്രസ് ദേശീയ നേതൃത്വം തിരഞ്ഞെടുത്തു. രാഹുൽ ഗാന്ധിയുടെ വിശ്വസ്ഥരായ അജയ് മാക്കൻ, രൺദീപ് സിങ് സുർജേവാല എന്നിവരോടൊപ്പം നെഹ്റു കുടുംബത്തോട് കൂറ് പുലർത്തുന്ന ജയറാം രമേശ്, , പ്രമോദ് തിവാരി എന്നിവരും പത്തംഗ പട്ടികയിൽ ഇടംപിടിച്ചു. സഖ്യകക്ഷിയായ ജാർഖണ്ഡ് മുക്തിമോർച്ചയുമായി ധാരണയാകാത്തതിനാൽ ജാർഖണ്ഡിൽ പ്രഖ്യാപനം നീട്ടിവച്ചിരിക്കുകയാണ്.
ചെറുപ്പക്കാർക്ക് സംഘടനയിലും പാർലമെന്ററി രംഗത്തും പാതി സംവരണം പ്രഖ്യാപിച്ചെങ്കിലും ഇമ്രാൻ പ്രതാപ് ഗഡിയും രഞ്ജീത് രഞ്ജനും മാത്രമാണ് 50 വയസിനു താഴെയുള്ളവർ. മത്സരിക്കാൻ താൽപര്യം പ്രകടിപ്പിച്ചിട്ടും സീറ്റ് നിഷേധിച്ച ഹൈക്കമാൻഡ് തീരുമാനത്തിന് എതിരെ മുതിർന്ന നേതാക്കൾക്കും വിയോജിപ്പുണ്ട്.