കോൺഗ്രസിൽ 'തിരുത്തലി'നു തുടക്കം? അപ്രതീക്ഷിതനീക്കവുമായി ജി-23 നേതാക്കൾ; ഗുലാം നബിയുടെ വസതിയിൽ അടിയന്തര യോഗം
|അഞ്ചു സംസ്ഥാനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പിലെ ദയനീയ പ്രകടനത്തിനു പിന്നാലെ പാർട്ടിയിലെ തിരുത്തൽവാദികളായ ജി-23 നേതാക്കന്മാർ നേതൃമാറ്റ ആവശ്യവുമായി രംഗത്തെത്തിയിരുന്നു
അഞ്ച് സംസ്ഥാനങ്ങളിലെ കനത്ത തോൽവിക്കു പിന്നാലെ അപ്രതീക്ഷിത നീക്കവുമായി കോൺഗ്രസിലെ വിമതനേതാക്കൾ. 'ജി-23' നേതാക്കൾ എന്ന പേരിൽ അറിയപ്പെടുന്ന തിരുത്തൽവാദികളാണ് ഇന്ന് ഡൽഹിയിൽ അടിയന്തര യോഗം ചേരുന്നത്. മുതിർന്ന നേതാവ് ഗുലാം നബി ആസാദിന്റെ വസതിയിലാണ് യോഗം. യോഗത്തിനായി മുതിർന്ന നേതാക്കളായ കപിൽ സിബലും മനീഷ് തിവാരിയും ഇവിടെയെത്തിയതായി എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ തന്നെ ജി-23 നേതാക്കന്മാർ ആത്മവിമർശനവുമായി രംഗത്തെത്തിയിരുന്നു. ഗുലാം നബി ആസാദ്, ശശി തരൂർ എന്നിവരെല്ലാം നേതൃമാറ്റം അനിവാര്യമാണെന്ന അഭിപ്രായമാണ് പങ്കുവച്ചത്. ഇതിനു പിന്നാലെ ജി-23 നേതാക്കൾ അടിയന്തര യോഗം ചേർന്നേക്കുമെന്നും വാർത്തകൾ വന്നു. ശനിയാഴ്ചയോടെ ഞായറാഴ്ചയോ ഇവർ യോഗം ചേരുമെന്നായിരുന്നു നേരത്തെ എ.എൻ.ഐ റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ, അപ്രതീക്ഷിതമായാണ് ഇന്നു തന്നെ നേതാക്കളുടെ കൂടിക്കാഴ്ച.
ദയനീയ പ്രകടനം; പിന്നാലെ മാറ്റം ആവശ്യപ്പെട്ട് 'തിരുത്തൽവാദികൾ'
ഉത്തർപ്രദേശ്, പഞ്ചാബ്, മണിപ്പൂർ, ഉത്തരാഖണ്ഡ്, ഗോവ എന്നിവിടങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നപ്പോൾ ദയനീയമായിരുന്നു കോൺഗ്രസിന്റെ പ്രകടനം. പഞ്ചാബിൽ ആം ആദ്മി പാർട്ടിയുടെ ഞെട്ടിപ്പിക്കുന്ന പ്രകടനത്തിൽ കോൺഗ്രസ് നിഷ്പ്രഭമായി. യു.പിയിൽ പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന പ്രചാരണമേളങ്ങളെല്ലാം അപ്രസക്തമാക്കി ആകെയുണ്ടായിരന്ന ഏഴ് സീറ്റിൽനിന്ന് രണ്ടായിച്ചുരുങ്ങി. ഗോവയിൽ തിരിച്ചുവരവ് പ്രതീക്ഷകളെല്ലാം അസ്ഥാനത്തായി. മണിപ്പൂരിലും ഉത്തരാഖണ്ഡിലും ഒരു തരത്തിലുമുള്ള ഓളമുണ്ടാക്കാനുമായില്ല.
തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ തന്നെ ഗുലാം നബി ആസാദ് പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. 'ഞാൻ ഞെട്ടിപ്പോയി. ഓരോ സംസ്ഥാനത്തും നമ്മുടെ തോൽവി കാണുമ്പോൾ എന്റെ ഹൃദയം നുറുങ്ങുകയാണ്. ഞങ്ങൾ ഞങ്ങളുടെ യുവത്വവും ജീവിതവും മുഴുവനായി പാർട്ടിക്ക് നൽകി. ഞാനും എന്റെ സഹപ്രവർത്തകരും ചൂണ്ടിക്കാട്ടിയ എല്ലാ ബലഹീനതകളും കുറവുകളും പാർട്ടിയുടെ നേതൃത്വം ശ്രദ്ധിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്'- ഇങ്ങനെയായിരന്നു ഗുലാംനബിയുടെ പ്രതികരണം.
കോൺഗ്രസിൽ ഉടൻ അഴിച്ചുപണി നടത്തണമെന്ന് വേറെയും നേതാക്കൾ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പിൽ വിജയിക്കണമെങ്കിൽ കോൺഗ്രസിൽ മാറ്റം അനിവാര്യമെന്ന് ശശി തരൂർ എം.പി സോഷ്യൽ മീഡിയയിൽ കുറിച്ചു. കോൺഗ്രസിൽ വിശ്വസിക്കുന്നവരെല്ലാം തെരഞ്ഞെടുപ്പ് തോൽവിയിൽ വേദനിക്കുന്നുണ്ട്. സംഘടനാ നേതൃത്വത്തെ നവീകരിക്കേണ്ട സമയമാണിതെന്നും ശശി തരൂർ തുറന്നടിച്ചു.
തോൽവിയുടെ പശ്ചാത്തലത്തിൽ കോൺഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധി ഉടൻ വർക്കിങ് കമ്മിറ്റി വിളിച്ചുചേർക്കുമെന്ന് ജനറൽ സെക്രട്ടറി രൺദീപ് സുർജേവാല ഇന്നലെ അറിയിച്ചിരുന്നു. എങ്കിലും 48 മണിക്കൂറിനുള്ളിൽ ജി 23 നേതാക്കൾ യോഗം ചേരാനൊരുങ്ങുന്നുവെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്.
സോണിയയ്ക്ക് കത്തെഴുതി തുടക്കം; വിയോജിപ്പും വിമർശനവുമായി വിമതബ്ലോക്ക്
കഴിഞ്ഞ വർഷമാണ് കോൺഗ്രസിൽ അഴിച്ചുപണി ആവശ്യപ്പെട്ട് മുതിർന്ന 23 നേതാക്കൾ ചേർന്ന് സോണിയ ഗാന്ധിക്ക് കത്തെഴുതിയത്. പാർട്ടിയിൽ അടിമുടി നേതൃമാറ്റം ആവശ്യപ്പെട്ടായിരുന്നു പാർട്ടി അധ്യക്ഷയ്ക്ക് നേതാക്കളുടെ കത്ത്.
കോൺഗ്രസിന് സജീവമായി പ്രവർത്തിക്കുന്ന മുഴുസമയ അധ്യക്ഷനെ വേണമെന്ന ആവശ്യമാണ് കത്തിൽ നേതാക്കൾ പ്രധാനമായി ഉന്നയിച്ചത്. ബി.ജെ.പിയെ ചെറുക്കുന്ന കാര്യത്തിൽ രാഹുൽ ഗാന്ധി പരാജയമാണെന്ന വിമർശനവുമുണ്ടായി. എ.കെ ആന്റണി, കെ.സി വേണുഗോപാൽ പോലെയുള്ള ദേശീയരാഷ്ട്രീയത്തിൽ ഒരു സ്വാധീനവുമില്ലാത്ത നേതാക്കൾ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരിൽ അമിതമായ സ്വാധീനം ചെലുത്തുകയും അനാവശ്യമായി ഇവരുടെ തീരുമാനങ്ങളിൽ ഇടപെടുകയും ചെയ്യുന്ന കാര്യവും കത്തിൽ ഉന്നയിച്ചിരുന്നു.
അതേസമയം, പാർട്ടിക്കുള്ളിൽ വലിയ വിവാദങ്ങൾക്കാണ് കത്ത് തിരികൊളുത്തിയത്. കത്തിനെതിരെ എ.കെ ആന്റണി അടക്കമുള്ള നേതാക്കൾ പ്രവർത്തകസമിതിയിൽ കടുത്ത വിമർശനമുന്നയിച്ചു. പാർട്ടി ഗുരുതരമായ പ്രതിസന്ധി അനുഭവിക്കുന്ന ഘട്ടത്തിലെഴുതിയ കത്ത് അസമയത്തുള്ളതാണെന്ന് രാഹുൽ ഗാന്ധി വിമർശിച്ചു. നേതാക്കളുടെ പ്രവർത്തനം ബി.ജെ.പിക്കാണ് ഗുണംചെയ്യുകയെന്ന് അദ്ദേഹം പരോക്ഷമായി സൂചിപ്പിക്കുകയും ചെയ്തു. പാർട്ടിയധ്യക്ഷ ആശുപത്രിയിലായിരുന്നപ്പോൾ എഴുതിയ കത്ത് ശരിയായില്ല. പാർട്ടിക്കുള്ളിലെ കാര്യങ്ങൾ മാധ്യമങ്ങളിലല്ല, പ്രവർത്തകസമിതിയിലും പാർട്ടിയിലുമാണ് ചർച്ചചെയ്യേണ്ടതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കത്തെഴുതിയ സംഘത്തിലെ പ്രധാനികളായ ഗുലാം നബി ആസാദ്, ആനന്ദ് ശർമ എന്നിവരെ പ്രധാന സ്ഥാനങ്ങളിൽനിന്ന് നീക്കിയും 'അച്ചടക്കനടപടി'യും നേതൃത്വത്തിന്റെ ഭാഗത്തുനിന്നുണ്ടായി.
ഗുലാം നബി ആസാദ്, കപിൽ സിബൽ, ശശി തരൂർ, മനീഷ് തിവാരി, ആനന്ദ് ശർമ അടക്കമുള്ള നേതാക്കളാണ് സംഘത്തിലുണ്ടായിരുന്നത്. ഇതോടെ ജി-23 എന്ന പേരിൽ പൊതുശ്രദ്ധ നേടിയ ഈ സംഘം പാർട്ടിയിലെ തിരുത്തൽവാദികളായും അറിയപ്പെട്ടു. തുടർന്നും പലഘട്ടങ്ങളിൽ കോൺഗ്രസിന്റെ നിഷ്‌ക്രിയത്വത്തിനും നിലപാടില്ലായ്മയ്ക്കുമെല്ലാം എതിരെ ഈ സംഘത്തിൽ പലരും രംഗത്തെത്തി. ഏറ്റവുമൊടുവിൽ അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഘട്ടത്തിലും ജി-23 സംഘം യുദ്ധപ്രഖ്യാപനവുമായി പാർട്ടിക്ക് തലവേദന സൃഷ്ടിച്ചു.
ശാന്തി സമ്മേളൻ എന്ന പേരിൽ ജമ്മുവിൽ പ്രത്യേകം യോഗം വിളിച്ചുചേർത്തായിരുന്നു സംഘത്തിന്റെ വിമതനീക്കം. രാജ്യസഭാ ഉപനേതാവ് ആനന്ദ് ശർമ, മുതിർന്ന നേതാക്കളായ ഗുലാംനബി ആസാദ്, കപിൽ സിബൽ, ഹരിയാന മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡ, യു.പി പി.സി.സി മുൻ അധ്യക്ഷനാൻ രാജ് ബബ്ബർ അടക്കമുള്ള പ്രമുഖരാണ് യോഗത്തിൽ പങ്കെടുത്തതെന്നതാണ് ശ്രദ്ധേയം. കോൺഗ്രസിലെ കുടുംബാധിപത്യത്തെ നേതാക്കൾ പരസ്യമായി ചോദ്യംചെയ്തു. ഗുലാംനബി അടക്കമുള്ള പരിചയസമ്പത്തുള്ള നേതാക്കളുടെ സേവനം തെരഞ്ഞെടുപ്പിലടക്കം ഉപയോഗപ്പെടുത്താതെ ദേശീയരാഷ്ട്രീയത്തിൽ ഒരു സ്വാധീനവുമില്ലാത്ത നേതാക്കളെ നിരന്തരം മുന്നിൽനിർത്തുന്നതിൽ കടുത്ത വിമർശനവും ഉയർന്നിരുന്നു യോഗത്തിൽ.
എന്നാൽ, ഇവർ ഉന്നയിച്ച വിമർശനങ്ങളൊന്നും മുഖവിലയ്‌ക്കെടുക്കാതെയായിരുന്നു അഞ്ച് സംസ്ഥാനങ്ങളിലും കോൺഗ്രസിന്റെ പ്രചാരണതന്ത്രങ്ങൾ. ഒടുവിൽ, അഞ്ചിടത്തും അമ്പേ പരാജയപ്പെട്ടതോടെ ജി-23 ഒരിക്കൽകൂടി യുദ്ധപ്രഖ്യാപനവുമായി ഉടൻതന്നെ രംഗത്തെത്താനുള്ള എല്ലാ സാധ്യതയുമുണ്ട്.
Summary: A day after Congress' poll defeats, "dissident" leaders, including, former union ministers Kapil Sibal and Manish Tewari, met at senior leader Ghulam Nabi Azad's home in Delhi