India
congress leaders
India

‘അനീതിക്ക് മേൽ നീതി പുലരും’; എക്സിറ്റ് പോൾ സർവേകൾ തള്ളി കോൺഗ്രസ്

Web Desk
|
2 Jun 2024 12:58 AM GMT

295ലധികം സീറ്റ് നേടുമെന്നാണ് ഇന്‍ഡ്യാ സഖ്യത്തിന്റെ വിലയിരുത്തൽ

ന്യൂഡൽഹി:മോദി സർക്കാറിന് മൂന്നാം ഊഴം പ്രവചിച്ച എക്സിറ്റ് പോൾ സർവേകൾ കോൺഗ്രസ് തള്ളി. അനീതിക്ക് മേല്‍ നീതി പുലരുമെന്ന ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്. 295 സീറ്റില്‍ കൂടുതല്‍ നേടുമെന്നാണ് ഇന്‍ഡ്യാ സഖ്യത്തിന്റെ വിലയിരുത്തൽ.

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ശനിയാഴ്ചയാണ് പൂർത്തിയായത്. ഇന്നലെ നടന്ന ഏഴാം ഘട്ടത്തിൽ 62.17 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ചൊവ്വാഴ്ചയാണ് വോട്ടെണ്ണൽ.

18ാം ലോക്സഭയുടെ തെരഞ്ഞെടുപ്പുകൾ ഏഴു ഘട്ടമായാണ് നടന്നത്. അവസാനഘട്ട വോട്ടെടുപ്പിലും പോളിംഗ് ശതമാനത്തിൽ വർദ്ധനവ് ഉണ്ടായിട്ടില്ല. ഏറ്റവും കൂടുതൽ വോട്ടുകൾ രേഖപ്പെടുത്തിയത് നാലാം ഘട്ടത്തിലാണ്. വിവിധ ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പിൽ 66.14, 66.71, 65.68, 69.16, 62.20, 63.37, 62.17 എന്നിങ്ങനെയാണ് വോട്ട് ശതമാനം.

വാശിയേറിയ പ്രചാരണത്തിൽ വികസനവും ജനകീയ പ്രഖ്യാപനങ്ങളും വിദ്വേഷ പരാമർശങ്ങളുമായിരുന്നു പ്രധാന ചർച്ചാവിഷയങ്ങൾ. പ്രധാനമന്ത്രിയുടെ മുസ്ലിം വിരുദ്ധ പരാമർശവും, അതിൽ നടപടി എടുക്കുന്നതിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ മെല്ലെപോക്കും വിമർശന വിധേയമായി.

ഒടുവിൽ മഹാത്മാഗാന്ധിയെ അപകീർത്തിപ്പെടുത്തുന്ന പരാമർശവും നരേന്ദ്ര മോദിയുടെ ധ്യാനവും ഇൻഡ്യാ സഖ്യം പ്രചാരണ ആയുധമാക്കി. അതേസമയം മോദി പ്രഭാവം ഇത്തവണയും ഗുണം ചെയ്യുമെന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടൽ. 2019 അപേക്ഷിച്ചു വോട്ടിങ് ശതമാനത്തിലുണ്ടായ കുറവ് മുന്നണികളെ ഒരുപോലെ ആശങ്കപ്പെടുത്തുന്നുണ്ട്.

Similar Posts