മോർബി അപകടം ഉൾപ്പടെ 22 കുറ്റങ്ങൾ; ഗുജറാത്ത് സർക്കാറിനെതിരെ കുറ്റപത്രം പുറത്തിറക്കി കോൺഗ്രസ്
|ബി.ജെ.പി നേതൃത്വം നൽകുന്ന ഗുജറാത്ത് സർക്കാരിന്റെ നേട്ടങ്ങൾ എന്ന ആക്ഷേപഹാസ്യ തലക്കെട്ടോടെ ആണ് കുറ്റപത്രം ഗുജറാത്തിലെ കോൺഗ്രസ് നേതൃത്വം പുറത്തിറക്കിയത്.
ഗാന്ധിനഗർ: ഗുജറാത്തിൽ സർക്കാരിനെതിരെ കുറ്റപത്രം പുറത്തിറക്കി കോൺഗ്രസ്. മോർബി അപകടം ഉൾപ്പടെ 22 കുറ്റങ്ങളാണ് പത്രികയിൽ ബി.ജെ.പിക്കെതിരെ കോൺഗ്രസ് ആരോപിച്ചിരിക്കുന്നത്. പ്രധാനമന്ത്രിക്ക് പിന്നാലെ കൂടുതൽ കേന്ദ്രമന്ത്രിമാരെ താരപ്രചാരകരായി ഗുജറാത്തിൽ എത്തിക്കാനാണ് ബി.ജെ.പിയുടെ നീക്കം.
നിയമസഭാ തെരഞ്ഞെടുപ്പിന് നാളുകൾ മാത്രം ശേഷിക്കെ സർക്കാരിനെതിരെയുള്ള കുറ്റങ്ങൾ എണ്ണി പറയുകയാണ് കോൺഗ്രസ്. ബി.ജെ.പി നേതൃത്വം നൽകുന്ന ഗുജറാത്ത് സർക്കാരിന്റെ നേട്ടങ്ങൾ എന്ന ആക്ഷേപഹാസ്യ തലക്കെട്ടോടെ ആണ് കുറ്റപത്രം ഗുജറാത്തിലെ കോൺഗ്രസ് നേതൃത്വം പുറത്തിറക്കിയത്. മോർബി തൂക്കുപാലം അപകടവും, ബിൽക്കീസ് ബാനു കേസിലെ പ്രതികളുടെ ജയിൽ മോചനവും ബി.ജെ.പിക്ക് എതിരെയുള്ള ആയുധങ്ങളാക്കി കോൺഗ്രസ് മാറ്റി. ഗുജറാത്ത് ജനത ബി.ജെ.പി ഭരണത്തിൽ അടിച്ചമർത്തലും വിശപ്പും ഭയവും നേരിടുന്നവർ ആയി മാറിയെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി.
പണപ്പെരുപ്പം ഉൾപ്പടെയുള്ള ദേശീയ രാഷ്ട്രീയ വിഷയങ്ങളും കോൺഗ്രസ് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ ചർച്ചയാക്കുന്നുണ്ട്. അതേസമയം പ്രധാനമന്ത്രി ഇന്നലെ ഗുജറാത്തിൽ പ്രചാരണം നടത്തിയതിന് പിന്നാലെ കൂടുതൽ നേതാക്കളെ സംസ്ഥാനത്ത് എത്തിക്കാൻ ആണ് ബി.ജെ.പി നീക്കം. ബി.ജെ.പി അധ്യക്ഷൻ ജെ.പി നദ്ധ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരും വരും ദിവസങ്ങളിൽ ഗുജറാത്തിൽ എത്തും. മോർബി തൂക്കുപാലം വരുത്തി വെച്ച ക്ഷീണം മറികടക്കുന്നതിനൊപ്പം ജനപിന്തുണ കുറഞ്ഞ പടിഞ്ഞാറൻ ഗുജറാത്തിലെ പാർട്ടി പ്രതിച്ഛായ തിരിച്ച് പിടിക്കുന്നതും ബി.ജെ.പിയുടെ ലക്ഷ്യമാണ്.