India
മണിപ്പൂരില്‍ കോൺഗ്രസ് ആദ്യഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു
India

മണിപ്പൂരില്‍ കോൺഗ്രസ് ആദ്യഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു

Web Desk
|
24 Jan 2022 1:10 AM GMT

എന്നാൽ സ്ഥാനാർഥി നിർണയത്തിനെതിരെ മണിപ്പൂർ കോൺഗ്രസിൽ കടുത്ത പ്രതിഷേധം ഉയർന്നിട്ടുണ്ട്

മണിപ്പൂരില്‍ കോൺഗ്രസ് ആദ്യഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. 40 മണ്ഡലത്തിലെ സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. എന്നാൽ സ്ഥാനാർഥി നിർണയത്തിനെതിരെ മണിപ്പൂർ കോൺഗ്രസിൽ കടുത്ത പ്രതിഷേധം ഉയർന്നിട്ടുണ്ട്.

കോൺഗ്രസ് ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നികാണ് ആദ്യ ഘട്ട പട്ടിക പുറത്തു വിട്ടത്. ആദ്യഘട്ട സ്ഥാനാർഥി പട്ടികയിൽ പ്രാമുഖ്യം പതിവു മുഖങ്ങൾക്കു തന്നെ. 11 സിറ്റിംഗ് എം.എല്‍.എമാർക്ക് സീറ്റ് അനുവദിച്ചു. 15 വർഷം തുടർച്ചയായി ഭരിച്ച കോൺഗ്രസ് നേതാവ് ഒക്രം ഇബോബി സിംഗ് തന്നെയാണ് ഇത്തവണയും മുഖ്യമന്ത്രി സ്ഥാനാർഥി. തൗബുല്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നാകും ഇബോബി ജനവിധി തേടുക. മകൻ സുർജകുമാർ ഒക്രം, ഖാങ്ബോക്ക് മണ്ഡലത്തില്‍ മത്സരിക്കും. മുന്‍ ഉപമുഖ്യമന്ത്രി ഗൈഖംഗം നുങ്ബ യില്‍ നിന്നും ലോകെന്‍ സിംഗ് നിമ്പോളില്‍ നിന്നും ജനവിധി തേടും.

പുതുമുഖങ്ങളെ അവഗണിച്ചതാണ് പട്ടികക്കെതിരെ കോൺഗ്രസ് പ്രവർത്തകരുടെ തന്നെ പ്രതിഷേധത്തിന് കാരണമായത്. ഹിയാങ്ലാം മണ്ഡലത്തിൽ കോൺഗ്രസ് പ്രവർത്തകർ സ്വന്തം കൊടികളും ബാനറുകളും നശിപ്പിച്ചു. ദേശീയ നേതാക്കളെ സ്വാഗതം ചെയ്യുന്ന ബോർഡുകളും നശിപ്പിക്കപ്പെട്ടു. ആഭ്യന്തര കലഹങ്ങൾ കാരണം കുംബി മണ്ഡലത്തിലെ കോൺഗ്രസ് ഭാരവാഹികൾ കഴിഞ്ഞയാഴ്ച കൂട്ടത്തോടെ രാജി വച്ചിരുന്നു. സ്ഥാനാർഥി പട്ടികയില്‍ ഇടം ലഭിക്കുമെന്ന് പ്രതീക്ഷിച്ച പലർക്കും അവസാന നിമിഷം സീറ്റ് നിഷേധിക്കപ്പെട്ടതും പ്രതിഷേധത്തിന് കാരണമാണ്. പ്രതിഷേധങ്ങളെക്കുറിച്ച് പ്രതികരിക്കാൻ കോൺഗ്രസ് നേതൃത്വം തയ്യാറായിട്ടില്ല.



Similar Posts