![Congress releases second list of candidates for Madhya Pradesh Congress releases second list of candidates for Madhya Pradesh](https://www.mediaoneonline.com/h-upload/2023/10/20/1393673-untitled-1.webp)
മധ്യപ്രദേശിൽ കോൺഗ്രസ് രണ്ടാം ഘട്ട സ്ഥാനാർഥിപ്പട്ടിക പ്രസിദ്ധീകരിച്ചു
![](/images/authorplaceholder.jpg?type=1&v=2)
നേരത്തെ പ്രഖ്യാപിച്ച 3 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ മാറ്റിയത് ഉൾപ്പെടെ 88 സീറ്റുകളിലേക്കാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്
ഭോപ്പാൽ: മധ്യപ്രദേശിൽ കോൺഗ്രസ് രണ്ടാംഘട്ട സ്ഥാനാർഥിപ്പട്ടിക പ്രഖ്യാപിച്ചു. നേരത്തെ പ്രഖ്യാപിച്ച 3 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ മാറ്റിയത് ഉൾപ്പെടെ 88 സീറ്റുകളിലേക്കാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.
ഡാറ്റിയ, പിച്ചോർ, ഗോട്ടെഗാവ് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് കോൺഗ്രസ് മാറ്റിയത്. നേരത്തെ 144 സീറ്റുകളിലേക്ക് കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമറിനെതിരെ ഡിംനി മണ്ഡലത്തിൽ രവീഷ് സിംഗ് തോമർ മത്സരിക്കും. കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ കോട്ടയായി കണക്കാക്കപ്പെടുന്ന ഗ്വാളിയോർ സീറ്റിൽ സുനിൽ ശർമ്മയെയാണ് കോൺഗ്രസ് സ്ഥാനാർത്ഥിയാക്കിയത്.
മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെ പൂട്ടാൻ കോൺഗ്രസ് രംഗത്തിറക്കിയത് വ്യത്യസ്തനായ സ്ഥാനാർത്ഥിയെയാണ് . രാമായണത്തിന്റെ രണ്ടാം ഭാഗത്തിൽ ഹനുമാനായി വേഷമിട്ട വിക്രം മസ്താൽ ആണ് മുഖ്യന്റെ എതിരാളി . മധ്യപ്രദേശിൽ അറിയപ്പെടുന്ന നടനും അവതാരകനുമാണ് വിക്രം മസ്താൽ.
നാല് തവണ മുഖ്യമന്ത്രിയായ ശിവരാജ് സിങ് ചൗഹാനെ ബുധിനി മണ്ഡലത്തിൽ പിടിച്ചു കെട്ടുകയാണ് കോൺഗ്രസ് വിക്രം മസ്താലിനെ ഏല്പിച്ചിരിക്കുന്ന ദൗത്യം . 2006 മുതൽ തുടർച്ചയായി വിജയിക്കുന്ന ശിവരാജ് സിംഗിനെ തോൽപ്പിക്കാൻ കോൺഗ്രസ് പല സ്ഥാനാർഥികളെയും മാറിമാറി പരീക്ഷിച്ചതാണ്. മുൻ മുഖ്യമന്ത്രി സുഭാഷ് യാദവിന്റെ മകനും മുൻ പിസിസി അധ്യക്ഷനുമായ അരുൺ യാദവായിരുന്നു കഴിഞ്ഞ തവണ സ്ഥാനാർഥി .
58000 വോട്ടിനാണ് ശിവരാജ് സിങ് വിജയക്കൊടി പാറിച്ചത് . ന്യൂനപക്ഷ സമ്മർദ്ദത്തിന് കോൺഗ്രസ് കീഴടങ്ങുന്നു എന്ന ആരോപണം കൂടി വിക്രം മസ്താലിന്റെ സ്ഥാനാർഥിത്വത്തോടെ മറികടക്കാമെന്നു കോൺഗ്രസ് വിലയിരുത്തുന്നത്.
ഇക്കഴിഞ്ഞ ജൂലൈയിലാണ് വിക്രം മസ്താൽ കോൺഗ്രസിൽ ചേർന്നത്. അപ്രതീക്ഷിത സ്ഥാനാർത്ഥിത്വം ബുധിനിയിലെ സീറ്റ് മോഹികളായ പ്രാദേശിക കോൺഗ്രസ് നേതാക്കളെ നിരാശപ്പെടുത്തിയിരിക്കുകയാണ് . ഇത് തിരിച്ചടിയാകുമോ എന്ന ഭയം കോൺഗ്രസിനുണ്ട് .