രാഹുൽ ഗാന്ധിക്കെതിരായ കോടതി വിധി: നിയമപരമായി നേരിടുമെന്ന് കോൺഗ്രസ്
|ശിക്ഷ ഹൈക്കോടതി സ്‌റ്റേ ചെയ്തില്ലെങ്കിൽ 8 വർഷത്തേക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് രാഹുലിന് വിലക്കുണ്ടാകും
ന്യൂഡൽഹി:രാഹുൽ ഗാന്ധിക്കെതിരായ കോടതി വിധിയെ വിമര്‍ശിച്ച് കോൺഗ്രസ്. മോദി സർക്കാറിന്റേത് രാഷ്ട്രീയ പാപ്പരത്തമാണെന്നും നിയമപരമായി നേരിടുമെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു .
സത്യം പറഞ്ഞതിനും ഏകാധിപതിക്കെതിരെ ശബ്ദമുയർത്തിയതിനുമാണ് രാഹുൽ ശിക്ഷിക്കപ്പെട്ടതെന്നായിരുന്നു കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശിന്റെ പ്രതികരണം. കോടതി വിധിക്കെതിരെ അപ്പീൽ നൽകാനുള്ള അവകാശം രാഹുൽ വിനിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, മാനനഷ്ടക്കേസിലെ കോടതി വിധിയുടെ പശ്ചാത്തലത്തിൽ രാഹുൽ ഗാന്ധിയുടെ എം.പി സ്ഥാനം നഷ്ടമായേക്കുമെന്നാണ് ആശങ്ക. ശിക്ഷ ഹൈക്കോടതി സ്‌റ്റേ ചെയ്തില്ലെങ്കിൽ 8 വർഷത്തേക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് വിലക്കുണ്ടാകും.
രണ്ട് വർഷമാണ് അപകീർത്തകരമായ കേസുകൾക്കുള്ള പരമാവധി ശിക്ഷ. ഇത്തരം കേസുകളിൽ പരമാവധിയും പിഴ നൽകി വിട്ടതായാണ് ചരിത്രവും. രണ്ട് വർഷത്തിൽ കൂടുതൽ ശിക്ഷ വിധിച്ചാൽ ജനപ്രതിനിധികളുടെ സ്ഥാനം നഷ്ടമാകും. ശിക്ഷ വിധിച്ച് മുപ്പത് ദിവസത്തെ കാലാവധി കഴിഞ്ഞിട്ടും മേൽക്കോടതിയിൽ നിന്ന് സ്‌റ്റേ ലഭിച്ചില്ലെങ്കിലും സ്ഥാനമൊഴിയേണ്ടിയും വരും. സ്‌റ്റേ ലഭിച്ചില്ലെങ്കിൽ രണ്ട് വർഷം തടവു ശിക്ഷ കൂടാതെ ആറ് വർഷം മത്സരിക്കാനും കഴിയില്ല. ഇങ്ങനെ ആയാൽ മത്സരിക്കാൻ ആകെ എട്ട് വർഷത്തെ വിലക്കുണ്ടാകും. തെരഞ്ഞെടുപ്പ് ചിത്രത്തിൽ നിന്ന് തന്നെ ഇങ്ങനെ പോയാൽ രാഹുലിന് മാറി നിൽക്കേണ്ടതായി വന്നേക്കാം. അത്തരത്തിൽ സംഭവിക്കുകയാണെങ്കിൽ കോൺഗ്രസിന്റെ ഭാവിയെ തന്നെ അത് കാര്യമായി ബാധിക്കും.
മോദി സമുദായത്തെ അപകീർത്തിപ്പെടുത്തിയെന്ന കേസിലാണ് രാഹുൽ ഗാന്ധിക്ക് സൂറത്ത് ജില്ലാ കോടതി രണ്ട് കൊല്ലം തടവു ശിക്ഷ വിധിച്ചത്. കള്ളന്മാർക്കെല്ലാം എങ്ങനെയാണ് മോദിയുടെ പേര് വന്നത് എന്നായിരുന്നു കേസിനാസ്പദമായ രാഹുലിന്റെ പരാമർശം. തുടർന്ന് ഗുജറാത്ത് മുൻ മന്ത്രി പൂർണേഷ് മോദിയുടെ പരാതിയിൽ രാഹുൽ കുറ്റക്കാരനെന്ന് കണ്ടെത്തുകയും ശിക്ഷ വിധിക്കുകയുമായിരുന്നു.