India
പോരാടിയവർക്ക് സ്വാതന്ത്ര്യം ലഭിച്ചു, യാചിച്ചവർക്ക് മാപ്പും; കങ്കണക്ക് കോൺഗ്രസിന്‍റെ മറുപടി
India

'പോരാടിയവർക്ക് സ്വാതന്ത്ര്യം ലഭിച്ചു, യാചിച്ചവർക്ക് മാപ്പും'; കങ്കണക്ക് കോൺഗ്രസിന്‍റെ മറുപടി

Web Desk
|
12 Nov 2021 9:55 AM GMT

ബ്രിട്ടീഷ് ഗവണ്‍മെന്‍റിനു സമര്‍പ്പിച്ച സവര്‍ക്കറുടെ മാപ്പപേക്ഷയെ സൂചിപ്പിച്ചായിരുന്നു കോൺഗ്രസിന്റെ പ്രതികരണം.

ബോളിവുഡ് താരം കങ്കണ റണാവത്തിന്റെ വിവാദ പരാമർശത്തിൽ മറുപടിയുമായി കോൺഗ്രസ്. ധീരമായി പോരാടിയവർക്ക് 1947ൽ സ്വാതന്ത്ര്യം ലഭിച്ചെന്നും യാചിച്ചുനിന്നവർക്ക് മാപ്പ് ലഭിച്ചെന്നും കോൺഗ്രസ് ട്വീറ്റ് ചെയ്തു. ബ്രിട്ടീഷ് ഗവണ്‍മെന്‍റിനു സമര്‍പ്പിച്ച സവര്‍ക്കറുടെ മാപ്പപേക്ഷയെ സൂചിപ്പിച്ച്, കങ്കണയുടെ പേര് പരാമർശിക്കാതെയായിരുന്നു കോൺഗ്രസിന്റെ പ്രതികരണം.

2014ൽ നരേന്ദ്ര മോദി അധികാരത്തിൽ വന്ന ശേഷമാണ് ഇന്ത്യക്ക് യഥാർത്ഥത്തിൽ സ്വാതന്ത്ര്യം ലഭിച്ചതെന്നും 1947ൽ ഭിക്ഷയാണ് കിട്ടിയതെന്നുമായിരുന്നു കങ്കണയുടെ വിവാദ പ്രസ്താവന. 2014 വരെ ബ്രിട്ടീഷ് ഭരണത്തിന്റെ തുടർച്ചയായിരുന്നു. അതിന് ശേഷമാണ് രാജ്യത്ത് മാറ്റമുണ്ടായതെന്നും കങ്കണ പറഞ്ഞു. പ്രസ്താവന സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും രൂക്ഷവിമർശനങ്ങൾക്കിടയാക്കുകയും ചെയ്യുകയായിരുന്നു.

കങ്കണക്കെതിരെ വിമർശനവുമായി മഹിളാ കോൺഗ്രസും രംഗത്തെത്തി. കങ്കണക്ക് ലഭിച്ച പത്മശ്രീ തിരിച്ചു നൽകണമെന്നും ഇന്ത്യൻ ഭരണഘടനയെ മാനിക്കാത്ത ഒരാൾക്ക് ഈ പുരസ്‌ക്കാരത്തിന് അർഹതയില്ലെന്നും മഹിളാ കോൺഗ്രസ് അധ്യക്ഷ നെറ്റ ഡിസൂസ പറഞ്ഞു. നടിയുടെ പരാമർശത്തിൽ നേരത്തെ ആം ആദ്മി പാർട്ടി മുംബൈ പൊലീസിൽ പരാതി നൽകിയിരുന്നു. കങ്കണയുടെ വിവാദ പരാമർശത്തിൽ ബി.ജെ.പി നേതാവ് വരുൺ ഗാന്ധി ഉൾപ്പെടെയുള്ളവരും രംഗത്തെത്തിയിരുന്നു.

കങ്കണ വിവാദത്തിൽ പ്രധാനമന്ത്രി മൗനം വെടിയണമെന്ന് കോൺഗ്രസ് നേതാവ് ആനന്ദ് ശർമ ട്വിറ്ററിൽ കുറിച്ചു. കങ്കണയുടെ വാദം അനുകൂലിക്കുന്നുണ്ടെങ്കിൽ മോദി അത് രാജ്യത്തോട് തുറന്നു പറയണം. അല്ലാത്തപക്ഷം അത്തരം ചിന്താഗതിക്കാർക്കെതിരെ സർക്കാർ നടപടിയെടുക്കണമെന്നും ആനന്ദ് ശർമ ട്വീറ്റ് ചെയ്തു.

ഒരു സ്വകാര്യ ചാനല്‍ പരിപാടിക്കിടെ, വി.ഡി സവർക്കറെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയവേയായിരുന്നു കങ്കണ റണാവത്ത് വിവാദ പരമാർശങ്ങൾ നടത്തിയത്. ചരിത്രത്തിൽ വേണ്ടവിധം പരിഗണിക്കപ്പെടാതെ പലരും കടന്നു പോയിട്ടുണ്ട്. 1857 ന് ഒരു നൂറ്റാണ്ട് പിന്നിട്ട ശേഷം, ഗാന്ധിജിയുടെ ഭിക്ഷപാത്രത്തിലേക്ക് സ്വാതന്ത്ര്യമായി ഇട്ടുതരികയായിരുന്നു. ഭിക്ഷയായി കിട്ടുന്നതിനെ സ്വാതന്ത്ര്യമെന്ന് എങ്ങനെ വിളിക്കാമെന്നും കങ്കണ ചോദിച്ചു.

കങ്കണയുടെ വിവാദ പരാമർശത്തിനെതിരെ കൂടുതൽ പേരാണ് രംഗത്തു വരുന്നത്. വിവാദ പ്രസ്താവനയിൽ നടി മാപ്പുപറയണമെന്ന് വിമർശകർ ആവശ്യപ്പെടുന്നു.

Similar Posts