കേരളത്തിന് ഉരുൾപൊട്ടൽ മുന്നറിയിപ്പ് നൽകിയെന്ന പ്രസ്താവന: അമിത് ഷായ്ക്കെതിരെ കോൺഗ്രസിന്റെ അവകാശ ലംഘന നോട്ടീസ്
|‘അമിത് ഷാ രാജ്യസഭയെ തെറ്റിദ്ധരിപ്പിച്ചു’
ന്യൂഡൽഹി: കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ അവകാശ ലംഘന നോട്ടീസുമായി കോൺഗ്രസ്. ഉരുൾപൊട്ടൽ മുന്നറിയിപ്പ് കേരളത്തിന് കാലേകൂട്ടി നൽകിയെന്ന അമിത് ഷായുടെ പ്രസ്താവനയ്ക്കെതിരെയാണ് നോട്ടീസ്. സഭയെ അഭ്യന്തര മന്ത്രി തെറ്റിദ്ധരിപ്പിച്ചെന്ന് കോൺഗ്രസ് ആരോപിച്ചു. ജയറാം രമേശ് എം.പിയാണ് നോട്ടീസ് നൽകിയത്.
കേന്ദ്രം നൽകിയ മുന്നറിയിപ്പുകൾ കേരളം അവഗണിച്ചെന്ന് അമിത് ഷാ ആരോപിച്ചിരുന്നു. ‘കേന്ദ്ര സർക്കാർ മുൻകൂട്ടി മുന്നറിയിപ്പ് നൽകിയെന്ന വാദം പൊളിഞ്ഞതോടെ ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയെ തെറ്റിദ്ധരിപ്പിച്ചതാണെന്ന് തെളിഞ്ഞിരിക്കുന്നു. ഒരു മന്ത്രിയോ അംഗമോ സഭയെ തെറ്റിദ്ധരിപ്പിക്കുന്നത് പദവിയുടെ ലംഘനവും സഭയെ അവഹേളിക്കുന്നതുമാണെന്ന് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു’ -അവകാശലംഘന നോട്ടീസിൽ പറയുന്നു.
ഉരുൾപൊട്ടൽ സംബന്ധിച്ച് ജൂൺ 23ന് രണ്ട് തവണ കേന്ദ്രം കേരളത്തിന് മുന്നറിയിപ്പ് നൽകിയിരുന്നുവെന്നാണ് അമിത് ഷാ രാജ്യസഭയിൽ പറഞ്ഞത്. ഏഴ് ദിവസം മുൻപേ മുന്നറിയിപ്പ് നൽകിയിട്ടും ഉരുൾപൊട്ടൽ മേഖലയിൽനിന്നും ജനങ്ങളെ എന്തുകൊണ്ട് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയില്ലെന്ന് ചോദിച്ച അദ്ദേഹം മുന്നറിയിപ്പ് ലഭിച്ചശേഷം കേരളം എന്തു ചെയ്തുവെന്നും ചോദിച്ചു.
തന്റെ നേരിട്ടുള്ള നിർദേശ പ്രകാരം ഒമ്പതംഗ എൻ.ഡി.ആർ.എഫ് സംഘത്തെ കേരളത്തിലേക്ക് 23ന് തന്നെ അയച്ചിരുന്നതായും വിമാന മാർഗമാണ് സംഘം കേരളത്തിലെത്തിയതെന്നും ഷാ രാജ്യസഭയിൽ വ്യക്തമാക്കി. കേന്ദ്ര സർക്കാരിന്റെ ജാഗ്രതാ നിർദേശത്തിൽ ചോദ്യം ഉയർന്നതിനെ തുടർന്നാണ് അമിത് ഷാ രാജ്യസഭയിൽ ഇക്കാര്യം വ്യക്തമാക്കിയത്.
എന്നാൽ, അമിത് ഷാ പാർലമെന്റിൽ നടത്തിയ പ്രസ്താവന വസ്തുതാവിരുദ്ധമാണെന്നും പ്രശ്നമുണ്ടാകുമ്പോൾ അത് ആരുടെയെങ്കിലും പിടലിയിൽ വെച്ചുകെട്ടരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകിയിരുന്നു.