രാഹുൽ യോഗ്യൻ; കോടതി വിധി വെറുപ്പിനെതിരെയുള്ള സ്‌നേഹത്തിന്റെ വിജയമെന്ന് കോൺഗ്രസ്
|ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലാണ് കോൺഗ്രസ് പ്രതികരിച്ചത്
രാഹുൽ ഗാന്ധിക്കെതിരായ അപകീർത്തി കേസിൽ പരമാവധി ശിക്ഷ സുപ്രീം കോടതി സ്‌റ്റേ ചെയ്തതിന് പിന്നാലെ പ്രതികരണവുമായി കോൺഗ്രസ്. ഇത് വെറുപ്പിനെതിരെയുള്ള സ്‌നേഹത്തിന്റെ വിജയംമാണെന്നാണ് കോൺഗ്രസ് ട്വിറ്ററിൽ കുറിച്ചത്. 'ഇത് വെറുപ്പിനെതിരയെുള്ള സ്‌നേഹത്തിന്റെ വിജയം, സത്യം ജയിക്കും, ജയ് ഹിന്ദ്' എന്നാണ് കോൺഗ്രസ് ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ കുറിച്ചത്.
വിധി വന്നതോടെ രാഹുൽ ഗാന്ധിക്ക് എം.പിയായി തുടരാനാകും. പരമാവധി ശിക്ഷ വിചാരണ കോടതി എന്തിന് നൽകിയെന്ന് വിധിയിൽ പറയുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. മണ്ഡലത്തിലെ ജനങ്ങളുടെ അവകാശം കൂടി കണക്കിലെടുക്കുന്നുവെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് ബി.ആർ ഗവായ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്.
ഇന്ന് ഇരു ഭാഗത്തിൻറെയും വാദം കേട്ട ശേഷമാണ് കോടതി വിധി പറഞ്ഞത്. പരാതിക്കാരൻ പൂർണേഷ് മോദിയുടെ ആദ്യ പേരിൽ മോദി എന്നില്ലായിരുന്നുവെന്ന് രാഹുലിൻറെ അഭിഭാഷകൻ മനു അഭിഷേക് സിങ്‌വി വാദിച്ചു. ബോധപൂർവമായി മോദി സമുദായത്തെ ആക്ഷേപിക്കാൻ രാഹുൽ ഉദ്ദേശിച്ചിരുന്നില്ലെന്ന് സാക്ഷികൾ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സ്റ്റേ നൽകണമെങ്കിൽ അസാധാരണ സാഹചര്യം വേണമെന്ന് കോടതി വ്യക്തമാക്കി.
അതേസമയം രാഹുലിന്റെ പരാമർശം ബോധപൂർവമെന്ന് പരാതിക്കാരൻ പൂർണേഷ് മോദിയുടെ അഭിഭാഷകൻ മഹേഷ് ജഠ്മലാനി വാദിച്ചു. ഒരു സമുദായത്തെ മുഴുവൻ അധിക്ഷേപിച്ചു. അധിക്ഷേപത്തിന് കാരണം പ്രധാനമന്ത്രിയോടുള്ള വിരോധമാണെന്നും പരാതിക്കാരൻറെ അഭിഭാഷകൻ വാദിച്ചു. എന്നാൽ പരാമർശത്തിലൂടെ അപകീർത്തി ഉണ്ടായെന്നു പറയുന്നവർ എല്ലാവരും ബി.ജെ.പിക്കാരാണെന്ന് മനു അഭിഷേക് സിങ്‌വി വാദിച്ചു. വാദം രാഷ്ട്രീയമാക്കരുതെന്ന് പറഞ്ഞ് കോടതി ഇടപെട്ടു.
മണ്ഡലത്തിൽ എം.പി ഇല്ലാതിരിക്കുന്നത് പ്രസക്തമായ കാര്യമാണെന്നും മണ്ഡലത്തിലെ വോട്ടർമാരുടെ അവകാശത്തെ ബാധിച്ചിരിക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു. രാഷ്ട്രീയക്കാർ മുമ്പ് സംസാരിച്ചത് എല്ലാം ഓർക്കാൻ കഴിയുന്നുണ്ടോയെന്നും പരാതിക്കാരനോട് കോടതി ആരാഞ്ഞു. എന്നാൽ പൊതുപ്രവർത്തകർ ഇത്തരം പരാമർശം നടത്തുമ്പോൾ കൂടുതൽ ശ്രദ്ധ പുലർത്തണമെന്നും ആത്മസംയമനം പാലിക്കണമെന്നും രാഹുലിനോട് കോടതി നിർദേശിച്ചു.