India
വിനാശകാലേ വിപരീത ബുദ്ധി; ബി.ബി.സി ഓഫീസ് റെയ്ഡിനെതിരെ കോൺഗ്രസ്
India

'വിനാശകാലേ വിപരീത ബുദ്ധി'; ബി.ബി.സി ഓഫീസ് റെയ്ഡിനെതിരെ കോൺഗ്രസ്

Web Desk
|
14 Feb 2023 10:08 AM GMT

ബി.ബി.സിയുടെ മുംബൈ, ഡൽഹി ഓഫീസുകളിലാണ് ആദായനികുതി വകുപ്പ് റെയ്ഡ് നടത്തുന്നത്.

ന്യൂഡൽഹി: ബി.ബി.സി ഓഫീസുകളിലെ ആദായനികുതി വകുപ്പ് പരിശോധനയിൽ കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്. അദാനിക്കെതിരെ പാർലമെന്ററി സമിതിയുടെ അന്വേഷണം ആവശ്യപ്പെടുമ്പോൾ കേന്ദ്രം ബി.ബി.സിക്ക് പിന്നാലെയാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. കേന്ദ്രത്തിന് വിനാശകാലേ വിപരീത ബുദ്ധിയാണെന്നും അദ്ദേഹം പറഞ്ഞു.

സി.പി.എം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരിയും റെയ്ഡിനെ പരിഹസിച്ച് രംഗത്തെത്തി. ആദ്യം ബി.ബി.സി ഡോക്യുമെന്ററി നിരോധിച്ചു. അദാനിക്കെതിരെ ജെ.പി.സി അന്വേഷണമില്ല. ഇപ്പോൾ ബി.ബി.സി ഓഫീസുകളിൽ ആദായനികുതി വകുപ്പ് റെയ്ഡ്. ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവ് തന്നെയോ? എന്ന് യെച്ചൂരി ട്വീറ്റ് ചെയ്തു.

എത്ര അപ്രതീക്ഷിതമായിരുന്ന റെയ്‌ഡെന്ന് തൃണമൂൽ എം.പി മഹുവ മൊയ്ത്ര പരിഹസിച്ചു. പ്രത്യയശാസ്ത്രപരമായ അടിയന്തരാവസ്ഥയെന്ന് സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് പ്രതികരിച്ചു. ബി.ബി.സിക്ക് മോദിയുടെ സമ്മാനമെന്ന് ബി.ആർ.എസ് നേതാവ് വൈ. സതീഷ് റെഡ്ഡി പറഞ്ഞു.


Similar Posts