കോണ്‍ഗ്രസ് 'നെഹ്റു ഹുക്ക ബാറുകള്‍' തുറക്കണമെന്ന് ബി.ജെ.പി
|ബംഗളൂരുവില്‍ കുറഞ്ഞ വിലയില്‍ ഭക്ഷണം ലഭിക്കുന്ന ഇന്ദിര കാന്റീനിന് അന്നപൂര്‍ണേശ്വരി ദേവിയുടെ പേര് നല്‍കണമെന്നായിരുന്നു ബി.ജെ.പിയുടെ നിര്‍ദേശം.
നെഹ്റുവിന്റെ പേരില്‍ ഹുക്ക ബാറുകള്‍ തുറക്കുന്നതാണ് കോണ്‍ഗ്രസിന് നല്ലതെന്ന് ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി സി.ടി രവി. കര്‍ണാടകയിലെ പ്രസിദ്ധമായ ഇന്ദിര കാന്റീനിന്റെ പേര് മാറ്റാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നു ഉയര്‍ന്ന വിവാദങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു സി.ടി രവി.
2017ല്‍ അന്നത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പദ്ധതി പ്രകാരമാണ് ബംഗളുരുവില്‍ ഇന്ദിര കാന്റീന് തുറക്കുന്നത്. കുറഞ്ഞ വിലയില്‍ ഭക്ഷണം ലഭ്യമാക്കുന്ന ഇന്ദിര കാന്റീന് പിന്നീട് സംസ്ഥാനത്തിന്റെ മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കുകയായിരുന്നു. എന്നാല്‍ ഇന്ദിരഗാന്ധിയുടെ പേരില്‍ കാന്റീനുകള്‍ തുറക്കുന്നത് രാഷ്ട്രീയപരമാണെന്നായിരുന്നു ബി.ജെ.പിയുടെ വാദം.
ഇന്ദിര കാന്റീനിന് അന്നപൂര്‍ണേശ്വരി ദേവിയുടെ പേര് നല്‍കണമെന്നായിരുന്നു രവിയുടെ നിര്‍ദേശം. 1984 ലാണ് ഇന്ദിരാ ഗാന്ധി വധിക്കപ്പെടുന്നത്. എന്നാല്‍ 2017ല്‍ മാത്രമാണ് ഇന്ദിര കാന്റീന് തുറക്കുന്നത്. ഇന്ദിരാ ഗാന്ധിയോടുള്ള സ്നേഹമല്ല ഇത്, രാഷ്ട്രീയമാണ്. ഇന്ദിരാ ഗാന്ധിയുടെ പേരുപയോഗിച്ച് കച്ചവടം നടത്തുകയാണ് കോണ്‍ഗ്രസ്. അവര്‍ക്ക് വേണമെങ്കില്‍ കോണ്‍ഗ്രസ് ഓഫീസിനുള്ളില്‍ ഇന്ദിര കാന്റീനോ നെഹ്റു ഹുക്ക ബാറോ തുറക്കുന്നതാണ് നല്ലതെന്നും രവി പറഞ്ഞു.
ദേശീയ നേതാക്കളുടെ പേരില്‍ പദ്ധതികള്‍ തുടങ്ങുന്നത് രാജ്യത്തി കാലങ്ങളായി നിലവിലുള്ള സമ്പ്രദായമാണെന്നാണ് കോണ്‍ഗ്രസ് നേരത്തെ പ്രതികരിച്ചത്. ബംഗളുരുവില്‍ ദീന്‍ദയാല്‍ ഉപധ്യായയുടെ പേരില്‍ പാലമുണ്ട്. വാജ്പേയിയുടെ പേരില്‍ ബസ് സര്‍വീസുണ്ട്. ഗുജറാത്തില്‍ മോദിയുടെ പേരില്‍ സ്റ്റേഡിയം വരെയുണ്ട്. ബി.ജെ.പി ആദ്യം ഇതിന്റെയെല്ലാം പേരു മാറ്റട്ടെയെന്ന് സിദ്ധരാമയ്യ പറഞ്ഞു.
ഇന്ദിര കാന്റീനിന്റെ പേര് മാറ്റിയാല്‍ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്ന് കര്‍ണാടക കോണ്‍ഗ്രസ് തലവന്‍ ഡി.കെ ശിവകുമാര്‍ പറഞ്ഞു. രാജ്യത്തിന് വേണ്ടി ഇന്ദിരാ ഗാന്ധി ചെയ്ത നല്ല കാര്യങ്ങള്‍ എല്ലാവര്‍ക്കുമറിയാമെന്നും ശിവകുമാര്‍ പറഞ്ഞു.