ഹരിയാനയിൽ ട്വിസ്റ്റ്: കേവല ഭൂരിപക്ഷവും കടന്ന് ബിജെപി, ആഘോഷം നിർത്തി കോൺഗ്രസ്, കശ്മീരിൽ ഇന്‍ഡ്യ സഖ്യത്തിന് മുന്നേറ്റം
|65 സീറ്റുകളിലേറെ ലീഡ് ചെയ്തിരുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ പിന്നിലാണ്. ഏറ്റവും ഒടുവിലെ കണക്കുകള്‍ പ്രകാരം 42 സീറ്റുകളില്‍ ബിജെപിയാണ് മുന്നിട്ട് നില്‍ക്കുന്നത്
ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഹരിയാനയില്‍ ട്വിസ്റ്റ്. വന്‍ മുന്നേറ്റം നടത്തിയ കോണ്‍ഗ്രസിനെ മറികടന്ന് ബിജെപി മുന്നിലെത്തി.
65 സീറ്റുകളിലേറെ ലീഡ് ചെയ്തിരുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ ഏറെ പിന്നിലാണ്. ഏറ്റവും ഒടുവിലെ കണക്കുകള്‍ പ്രകാരം കേവലഭൂരിപക്ഷവും കടന്ന് 50 സീറ്റുകളില്‍ ബിജെപിയാണ് മുന്നിട്ട് നില്‍ക്കുന്നത്. കോണ്‍ഗ്രസിന്റെ മുന്നേറ്റം 34 സീറ്റുകളിലാണ്. ഐഎന്‍എല്‍ഡി രണ്ട് സീറ്റുകളിലും മറ്റുള്ളവര്‍ അഞ്ച് സീറ്റുകളിലും മുന്നിട്ടുനില്‍ക്കുന്നു.
ഹരിയാനയില്‍ 90 അംഗ നിയമസഭയില്‍ 46 പേരുടെ പിന്തുണയാണ് ഭൂരിപക്ഷത്തിന് വേണ്ടത്. വോട്ടെണ്ണിത്തുടങ്ങി ആദ്യ രണ്ട് മണിക്കൂറില്‍ കോണ്‍ഗ്രസ് നടത്തിയത് വന്‍ കുതിപ്പായിരുന്നു. ബിജെപി ചിത്രത്തിലെ ഇല്ലായിരുന്നു. എന്നാല്‍ വോട്ടെണ്ണല്‍ പുരോഗമിച്ചപ്പോള്‍ ബിജെപി തിരിച്ചെത്തുകയായിരുന്നു.
അതേസമയം ബിജെപി തിരിച്ചെത്തിയെങ്കിലും വിജയപ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. അവസാന നിമിഷം കാര്യങ്ങള്‍ മാറിമറിയുമെന്നാണ് നേതാക്കള്‍ പ്രതീക്ഷിക്കുന്നത്. അവസാന വിജയം കോണ്‍ഗ്രസിനാകുമെന്ന് മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഭൂപീന്ദര്‍ സിങ് ഹൂഡ ആത്മവിശ്വാസം പ്രകടിപ്പിച്ചു. കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു
Updating...
ആദ്യ ഫല സൂചനകള്‍ ഇങ്ങനെ...
ജമ്മുകശ്മീരിലും ഇന്‍ഡ്യ സഖ്യത്തിന്റെ മുന്നേറ്റമാണ് പ്രകടമാകുന്നത്. ഏറ്റവും ഒടുവിലെ ലീഡ് നിലകള്‍ പ്രകാരം 54 സീറ്റുകളിലാണ് ജമ്മുകശ്മീരിലെ ഇന്‍ഡ്യ സഖ്യത്തിന്റെ മുന്നേറ്റം.
എന്നാല്‍, ജമ്മുകശ്മീരില്‍ തുടക്കം മുതല്‍ ലീഡ് നിലകള്‍ മാറിമറിഞ്ഞ നിലയിലായിരുന്നു. ഒരു ഘട്ടത്തില്‍ ഇന്‍ഡ്യ സഖ്യവും ബിജെപിയും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ചവെച്ചിരുന്നത്. ഇന്‍ഡ്യ മുന്നണിയുടെ മുന്നേറ്റത്തോടെയാണ് വോട്ടെണ്ണല്‍ തുടങ്ങിയതെങ്കിലും ബിജെപി തൊട്ടുപിന്നാലെ എത്തി. ഏറ്റവും ഒടുവിലെ കണക്കുകളില്‍ 54 സീറ്റുകളില്‍ ഇന്‍ഡ്യ സഖ്യം മുന്നിട്ട് നില്‍ക്കുന്നുണ്ടെങ്കിലും 23 സീറ്റുകളില്‍ ബിജെപിയും ലീഡ് ചെയ്യുന്നു. അഞ്ച് സീറ്റുകളിലാണ് പിഡിപിയുടെ മുന്നേറ്റം. മറ്റുള്ളവര്‍ പതിനൊന്ന് സീറ്റുകളിലും ലീഡ് ചെയ്യുന്നു. ഈ കണക്ക് ഏത് സമയത്തും മാറിമറിയുന്ന സ്ഥിതിയാണ്. 90 അംഗനിയമസഭയില്‍ 46 പേരുടെ പിന്തുണയാണ് ഭൂരിപക്ഷത്തിന് വേണ്ടത്.
അതേസമയം ഡൽഹിയിലെ എഐസിസി ആസ്ഥാനത്ത് ഹരിയാനയിലെ കോൺഗ്രസിന്റെ മുന്നേറ്റം പ്രവര്‍ത്തകര്‍ ആഘോഷിച്ചു.
ഹരിയാനയിൽ കോൺഗ്രസും ജമ്മു-കശ്മീരിൽ തൂക്കുസഭയുമാണ് എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിച്ചിട്ടുള്ളത്. ഹരിയാനയിൽ ഒക്ടോബർ അഞ്ചിന് ഒറ്റഘട്ടമായി നടന്ന വോട്ടെടുപ്പിൽ 61 ശതമാനവും ജമ്മു-കശ്മീരിൽ സെപ്റ്റംബർ 18, 28, ഒക്ടോബർ ഒന്ന് തീയതികളിൽ മൂന്ന് ഘട്ടമായി നടന്ന വോട്ടെടുപ്പിൽ 63 ശതമാനവും പോളിങ്ങാണ് രേഖപ്പെടുത്തിയത്.